Enter your Email Address to subscribe to our newsletters

Kozhikode, 20 ഫെബ്രുവരി (H.S.)
പലതവണ പരീക്ഷിച്ചിട്ടും മാലിന്യം കുന്നു കൂടുന്ന ഞെളിയന്‍ പറമ്പിൽ നൂറു ശതമാനം വിജയിക്കും എന്ന പ്രഖ്യാപനത്തോടെ പുതിയ പദ്ധതി. 31.20 കോടി രൂപ ചെലവിട്ട് കേരള ഖരമാലിന്യ
സംസ്‌കരണ പദ്ധതിയാണ് (കെഎസ്‌ഡബ്ല്യുഎംപി) ഞെളിയന്‍പറമ്പിൽ ഉടൻ ആരംഭിക്കാൻ പോകുന്നത്. 10 മാസം കൊണ്ട് മാലിന്യം പൂർണമായി നീക്കുന്ന പദ്ധതിയാണ് നടപ്പിലാക്കാൻ പോകുന്നതെന്ന് മേയർ ഒ സദാശിവനും ഡെ. മേയർ ഡോ. ജയശ്രീയും പറഞ്ഞു.
മാലിന്യ കേന്ദ്രത്തിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിച്ചു നിർമാർജനം ചെയ്യാനാണ് തീരുമാനം. 17.5 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഞെളിയൻപറമ്പിലെ 12.6 ഏക്കർ ഭൂമിയിലാണ് ബയോമൈനിങ് നടക്കുക. 10 മാസം കൊണ്ട് ബയോ മൈനിങ് പൂർത്തിയാക്കും. ചെന്നൈ
ആസ്ഥാനമായ സിഗ്മ ഗ്ലോബൽ എൻവയോൺ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്, ജയശ്രീ പറഞ്ഞു.
ലോക ബാങ്കിൻ്റെ സഹായത്തോടെയാണ് കെഎസ്‌ഡബ്ല്യുഎംപി സിഗ്മ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. ബയോ മൈനിങ് നടത്തി മണ്ണ്, പ്ലാസ്റ്റിക്, മെറ്റൽ, തടി മുതലായ പുനരുപയോഗിക്കാവുന്ന വസ്‌തുക്കളെ വേർതിരിച്ച് വെവ്വേറെയാക്കും. മാലിന്യം നീക്കിയ ശേഷം വീണ്ടെടുക്കുന്ന ഭൂമിയുടെ ഒരുഭാഗം ബയോ ഗ്യാസ് പ്ലാൻ്റ് സ്ഥാപിക്കുന്നതിനായി ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന് (ബിപിസിഎൽ) കൈമാറുമെന്നും അവർ അറിയിച്ചു.
ബിപിസിഎല്ലിൻ്റെ സിഎൻജി പ്ലാൻ്റിലാണ് മാലിന്യ സംസ്‌കരണം നടത്തുക. അത് അവരുടെ ഉത്തരവാദിത്തമാണ്. അവർക്ക് പ്ലാൻ്റ് സ്ഥാപിക്കാൻ 12 ഏക്കർ സ്ഥലം ആവശ്യമായിവരും. അതിനായി കുറച്ചു കൂടി മാലിന്യം നീക്കണം. സോണ്ട കമ്പനി മലപോലെ ഉയർത്തിയ മാലിന്യമാണ് പൂർണമായും ഒഴിവാക്കുന്നത്. 10 മാസത്തെ സമയമാണ് കമ്പനി ആവശ്യപ്പെട്ടതെങ്കിലും മഴക്കാലത്ത് ചെറിയ ഇടവേള വരും.
പല പദ്ധതികളും ഏറ്റെടുത്ത് മികച്ച രീതിയിൽ പൂർത്തീകരിച്ച കമ്പനിയാണ് സിഗ്മ. അതുകൊണ്ടുതന്നെ ഞെളിയന്‍പറമ്പിലും നൂറ് ശതമാനം വിജയകരമായി പൂർത്തീകരിക്കുമെന്നും ജയശ്രീ കൂട്ടിച്ചേർത്തു.
ഞെളിയൻപറമ്പിനെ മാലിന്യ മുക്തമാക്കാൻ കോർപറേഷൻ പദ്ധതികൾ പലതും പരീക്ഷിച്ചെങ്കിലും വലിയ തോതിലുളള മാലിന്യം പൂർണമായി സംസ്‌കരിക്കാനായില്ല. സോണ്ട ഇൻഫ്രാടെക്ക് എന്ന കമ്പനിക്ക് കരാർ നൽകി കോടികൾ നൽകിയെങ്കിലും അവരും പാതി വഴിയിൽ ഉപേക്ഷിച്ചു പോകുകയായിരുന്നു. ഇതിനിടെയാണു പുതിയ പദ്ധതിയുമായി കെഎസ്‌ഡബ്ല്യുഎംപി രംഗത്ത് എത്തിയിരിക്കുന്നത്.
കോഴിക്കോടിന്‍റെ മാലിന്യ തലസ്ഥാനമെന്നാണ് ഞെളിയൻപറമ്പ് അറിയപ്പെടുന്നത്. 16 ഏക്കറില്‍ കണ്ണെത്താ ദൂരത്തോളം മാലിന്യം മാത്രം നിറഞ്ഞ ദുർഗന്ധ ഭൂമി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഞെളിയൻപറമ്പിലെ മാലിന്യ നിക്ഷേപത്തിനെന്നാണ് പഴമക്കാർ പറയുന്നത്. വീടുകളിലെ താത്‌ക്കാലിക ശൗചാലയങ്ങളിൽ നിന്നുവരെയും മനുഷ്യവിസർജ്യം ഞെളിയൻപറമ്പില്‍ നിക്ഷേപിച്ചിരുന്നു. ഒരു കാലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത മാർഗമായിരുന്നു ഇത്.
മണ്ണിനോട് ചേർന്ന് വളമാകുന്ന വിസർജ്യത്തിനും ആവശ്യക്കാരുണ്ടായിരുന്നു. എന്നാല്‍ പ്ലാസ്റ്റിക്കിന്‍റെ വരവോടെ കഥ മാറി. മാലിന്യം കുന്നുകൂടി തുടങ്ങി. ദുർഗന്ധവും തെരുവു നായ്‌ക്കളുമെല്ലാം ചേർന്ന് ഞെളിയൻപറമ്പൊരു മാലിന്യ പറമ്പാക്കി മാറ്റി. പരാതിയും നിവേദനവുമായി കോഴിക്കോടിന്‍റെ വാർത്താ പരമ്പരകളില്‍ ഞെളിയൻപറമ്പ് നിറഞ്ഞു. കോർപ്പറേഷൻ പദ്ധതികൾ പലതും പരീക്ഷിച്ചു നോക്കി. പക്ഷേ കുന്നിൽ നിന്ന് മലപോലെ ഉയർന്ന മാലിന്യം സംസ്‌കരിക്കാൻ ഒരു പദ്ധതിക്കും ഇതുവരെ സാധിച്ചിരുന്നില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR