Enter your Email Address to subscribe to our newsletters

Kasaragod, 20 ഫെബ്രുവരി (H.S.)
ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോൾ എസ് ഐ ടി കൂടുതൽ അന്വേഷണം നടത്തണമായിരുന്നുവെന്നും കോടതി നടത്തിയ വിമർശനം ഗൗരവതരമെന്നും എടനീർ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി. ശബരിമല സ്വർണക്കൊള്ള കേസിൽ ക്ഷേത്രം തന്ത്രിയായ കണ്‌ഠരര് രാജീവരെ അറസ്റ്റ് ചെയ്‌ത നടപടിക്കെതിരെയാണ് സച്ചിദാനന്ദ ഭാരതി സ്വാമികൾ വിമർശനവുമായി രംഗത്തുവന്നത്.
അന്വേഷണത്തിൽ വിവേകവും സംയമനവും വേണം. ഹിന്ദു ക്ഷേത്രങ്ങൾക്ക് കൂടുതൽ സുരക്ഷ ഒരുക്കണം. ഹിന്ദു ധർമ്മം സംരക്ഷിക്കപ്പെടണം. തെറ്റ് ചെയ്യാത്തവരെ ക്രൂശിക്കാൻ ചാടിപ്പുറപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്, സച്ചിദാനന്ദ ഭാരതി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്‌ത നടപടിയിൽ എസ്.ഐ.ടി. കൂടുതൽ ആഴത്തിലുള്ള അന്വേഷണം നടത്തേണ്ടതുണ്ടായിരുന്നു. കേസിൽ വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചു. അദ്ദേഹത്തിനെതിരെ യാതൊരു വ്യക്തമായ തെളിവുകളുമില്ലെന്ന് കോടതി നിരീക്ഷിച്ച സാഹചര്യത്തിലാണ് നടപടി. അതിനാൽ അന്വേഷണ നടപടികളിൽ കൂടുതൽ വിവേകവും സംയമനവും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുനാവായ കുംഭമേളയിൽ മതേതര നിലപാട് പറയുന്നവർ ആരും പോയില്ല. എന്തുകൊണ്ട് അവർ അവിടെ നടന്ന ചടങ്ങുകളിൽ പങ്കെടുത്തില്ല എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ക്ഷേത്രങ്ങളുടെ പാരമ്പര്യവും ആചാര അനുഷ്‌ഠാനങ്ങളും സംരക്ഷിക്കുന്ന രക്ഷാധികാരികളായ തന്ത്രിമാർ മാത്രമല്ല. തലമുറകളിലൂടെ കൈമാറി വന്ന ദൈവികവും ആത്മീയവുമായ ഉത്തരവാദിത്തത്തിൻ്റെ പ്രതീകങ്ങളാണ് അവർ. അത്തരം മഹത്തായ സ്ഥാനത്ത് ഇരിക്കുന്ന ഒരാളെ യാതൊരു തെളിവുകളും ഇല്ലാതെ ക്രിമിനൽ കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുന്നത് ശരിയല്ല.
നിയമ വ്യവസ്ഥയിലുള്ള വിശ്വാസത്തെ മാത്രമല്ല കോടിക്കണക്കിനു ഭക്തർക്ക് ഹിന്ദു ധർമ്മത്തിലുള്ള വിശ്വാസത്തെയും ഗുരുതരമായി ബാധിക്കുന്ന നടപടി ആണിത്. അത്തരം നടപടി ഭക്തജനങ്ങളുടെ വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണത്തിൽ കൂടുതൽ ജാഗ്രതയും ഉത്തരവാദിത്ത ബോധവും പാലിക്കണമെന്നും ആവശ്യപ്പെട്ടു.
അടുത്ത കാലത്ത് ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ വ്യാജാരോപണങ്ങളും ദുഷ്‌പ്രചാരണങ്ങളും വർധിക്കുന്നതായും, ഇത് സർക്കാർ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും മഠാധിപതി ചൂണ്ടിക്കാട്ടി.
ദി കേരള സ്റ്റോറി ചർച്ച ചെയ്യപ്പെടുന്നത് പോലെയുള്ള സംഭവങ്ങൾ എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്. എല്ലായിടത്തും അങ്ങനെ ആണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്. സിനിമയെ കുറിച്ച് കൂടുതൽ മനസിലാക്കി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR