Enter your Email Address to subscribe to our newsletters

Kollam, 20 ഫെബ്രുവരി (H.S.)
ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക പാളികേസിൽ റിമാൻഡിൽ തുടരുന്ന സാഹചര്യത്തിൽ പത്മകുമാറിന് ജയിൽ മോചിതൻ ആകാൻ ആകില്ല. കേസിൽ അറസ്റ്റിലായി തൊണ്ണൂറ് ദിവസം കഴിഞ്ഞ സാഹചര്യത്തിൽ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ട് വെച്ചത് പത്മകുമാറാണെന്ന് ആയിരുന്നു റിമാൻഡ് റിപ്പോർട്ട്. സ്വർണത്തെ ചെമ്പാക്കിയ രേഖകൾ തയാറാക്കിയത് ഇതിന് ശേഷമെന്നും വിവരം. 2019 ഫെബ്രുവരിയിലാണ് കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ട് വച്ചത്. പോറ്റിക്ക് അനുകൂല നടപടി സ്വീകരിക്കാൻ പ്രസിഡൻ്റ് നിർദേശിച്ചതായി ഉദ്യോഗസ്ഥർ മൊഴി നൽകിയെന്നും എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടുണ്ട്.
പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വേലി തന്നെ വിളവ് തിന്നെന്നും കോടതി അറിയിച്ചു. പോറ്റിയുമായി പത്മകുമാറിന് 2018 മുതൽ ബന്ധമുണ്ടായിരുന്നു എന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ പത്മകുമാറിൻ്റെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.
കുറ്റപത്രം വൈകുന്നത് പ്രതികൾക്ക് തുണയാകുന്നു
കേസിൽ കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചത് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ വഴിയൊരുക്കുകയാണെന്ന് ആക്ഷേപമുണ്ട്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം കമ്മിഷണർ എൻ വാസു ഉൾപ്പെടെയുള്ള പ്രമുഖർക്ക് ഇതിനകം തന്നെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. കട്ടിപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സ്വർണം മാറ്റുകയും പകരം വ്യാജ പാളികൾ സ്ഥാപിക്കുകയും ചെയ്തു എന്നതാണ് കേസ്.
അറസ്റ്റിലായ മറ്റൊരു പ്രമുഖനായ കെ പി ശങ്കർദാസിൻ്റെ ജാമ്യഹർജികൾ ഈ മാസം 23നാണ് കോടതി പരിഗണിക്കുന്നത്. പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ വിജിലൻസ് കോടതി ജഡ്ജി ഡോ മോഹിത് സി എസ് ആണ് ഇന്ന് വിധി പ്രസ്താവിക്കുക. ഭക്തർ നൽകിയ സ്വർണം വകമാറ്റിയെന്ന അതീവ ഗൗരവമുള്ള കേസിൽ ഉന്നതർ ഓരോരുത്തരായി ജാമ്യം നേടി പുറത്തിറങ്ങുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവയ്ക്കും.
വൻ ക്രമക്കേടും ശാസ്ത്രീയ പരിശോധനയുംശബരിമലയിലെ ശ്രീകോവിലിന് മുൻവശത്തുള്ള കട്ടിളപ്പാളിയിലും ദ്വാരപാലക ശിൽപങ്ങളിലും ഭക്തർ കാണിക്കയായി നൽകിയ സ്വർണം ഉപയോഗിച്ച് സ്വർണപ്പണി നടത്തിയതിലാണ് കോടിക്കണക്കിന് രൂപയുടെ വൻ ക്രമക്കേട് കണ്ടെത്തിയത്. ദേവസ്വം വിജിലൻസും ഫോറൻസിക് വിദഗ്ധരും നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പിൻ്റെ വ്യാപ്തി പുറത്തുവന്നത്. ഭക്തർ സമർപ്പിച്ച ലക്ഷണമൊത്ത സ്വർണത്തിന് പകരം ചെമ്പും പിച്ചളയും മറ്റ് വിലകുറഞ്ഞ ലോഹങ്ങളും ചേർത്താണ് പണി പൂർത്തിയാക്കിയതെന്ന് ശാസ്ത്രീയ പരിശോധനകളിൽ വ്യക്തമായിരുന്നു. രേഖകളിൽ കാണിച്ചിരിക്കുന്ന സ്വർണത്തിൻ്റെ അളവും യഥാർഥത്തിൽ അവിടെ ഉപയോഗിച്ചിട്ടുള്ള സ്വർണത്തിൻ്റെ അളവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR