Enter your Email Address to subscribe to our newsletters

Thrissur, 20 ഫെബ്രുവരി (H.S.)
സംസ്ഥാനത്ത് നാളെ (ഫെബ്രുവരി 21) നേഴ്‌സുമാരുടെ പണിമുടക്ക് പ്രഖ്യാപിച്ച് യുഎൻഎ (യുണൈറ്റഡ് നേഴ്‌സ് അസോസിയേഷൻ). സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാരുടെ ശമ്പള വർധനവ് ആവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴു വർഷമായി ശമ്പളത്തിൽ വർധനവുണ്ടായിട്ടില്ലെന്നും സർക്കാർ ശമ്പളം കൂട്ടാൻ ഉത്തരവിറക്കുന്നില്ലെന്നും സംഘടനാ ഭാരവാഹികൾ ആരോപിച്ചു.
തുടർച്ചയായി ചികിത്സാ പിഴവ് റിപ്പോർട്ട് ചെയ്യുന്നത് സിസ്റ്റത്തിൻ്റെ പിഴവാണെന്നുമുള്‍പ്പെടെ യുണൈറ്റഡ് നേഴ്‌സ് അസോസിയേഷൻ വാർത്താസമ്മേളനത്തില്‍ ആരോപിച്ചു. മൂന്നുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന നിയമം സർക്കാർ അട്ടിമറിച്ചുവെന്നും ദേശീയ പ്രസിഡൻ്റ് ജാസ്‌മിൻ ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാർക്ക് 20000 രൂപ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് അവർ ജോലി ചെയ്യുന്നത്. അവരുടെ അടിസ്ഥാന ശമ്പളം മിനിമം 40,000 രൂപയായി എങ്കിലും വർധിപ്പിക്കണം. രോഗികളുടെ എണ്ണത്തിന് അനുപാതികമായി നേഴ്‌സുമാർ മിക്ക ആശുപത്രികളിലും ഇല്ലാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇത് അവരുടെ ജോലി സമയവും ജോലി ഭാരവും വർധിപ്പിക്കാൻ കാരണമാകുന്നു. നിലവിൽ നേഴ്‌സുമാരെ കൊണ്ട് കൂടുതൽ ജോലി ചെയ്യിക്കുന്ന പ്രവണതയുമുണ്ട്, ജാസ്‌മിൻ ഷാ പറഞ്ഞു.
വിഷയം ഗൗരവമായി എടുത്ത് കൂടുതൽ ജീവനക്കാരെ ആശുപത്രികളിൽ നിയോഗിക്കുകയാണ് വേണ്ടതെന്നും യുഎൻഎ ആവശ്യപ്പെട്ടു. മുൻ കാലങ്ങളിൽ നേഴ്‌സുമാർക്ക് കിട്ടിയിരുന്ന പരമാവധി ശമ്പളം 2000 രൂപയാണ്. അവിടെ നിന്ന് യുഎൻഎ മുൻകൈയ്യെടുത്ത് ശക്തമായ സമരത്തിലൂടെയാണ് 2013 ൽ ശമ്പള പരിഷ്‌ക്കരണം കൊണ്ടുവന്നത്. തത്‌ഫലമായി രണ്ടായിരം രൂപയിൽ നിന്ന് പതിനായിരം രൂപയിലേക്ക് ശമ്പളം ലഭിച്ചു തുടങ്ങി.
2013 ൽ സർക്കാർ തന്ന ഉറപ്പ് 2016 ൽ ശമ്പളം വർധിപ്പിക്കുമെന്നും ഇരുപതിനായിരം രൂപ ആക്കുമെന്നുമായിരുന്നു. പിന്നീട് ഭരണമാറ്റമുണ്ടായി. യുഡിഎഫ് ഭരണകാലത്ത് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് തന്നു, ശമ്പള പരിഷ്‌ക്കരണം ഉറപ്പാക്കുമെന്ന്. 2018 ഏപ്രിൽ 23നാണ് സ്വകാര്യ ആശുപത്രി മേഖലകളിൽ അവസാനമായി ശമ്പള പരിഷ്‌ക്കരണം നടത്തിയതെന്ന് യുഎൻഎ പറഞ്ഞു.
തുടർന്ന് യാതൊരു നടപടികളും ശമ്പള പരിഷ്‌കരണത്തിൽ നടത്താതെ മാലാഖ പട്ടം മാത്രമാണ് നേഴ്‌സുമാർക്ക് ലഭിച്ചത്. 2023 ൽ യുഎൻഎ കേരളമെമ്പാടും സമരം നടത്തുകയുണ്ടായി. ആ സമരത്തെ തുടർന്ന് തൊഴിൽ വകുപ്പ് വീണ്ടും ചർച്ചയ്‌ക്ക് വിളിച്ചു. ശമ്പളം പരിഷ്‌കരിക്കാമെന്ന് ഉറപ്പ് നൽകി. ആറു മാസം കൊണ്ട് ഉത്തരവ് ഇറക്കുമെന്നും പറഞ്ഞു. എന്നാൽ നാളിതുവരെ അത്തരമൊരു ഉത്തരവ് ഇറക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നാളെ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
നാളെ രാവിലെ പത്തര മണിയോടെ സമരം ആരംഭിക്കും. വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന സമരത്തിൽ ആശുപത്രികൾ പൂർണമായി സ്‌തംഭിപ്പിക്കില്ല. മൂന്നിലൊന്ന് ജീവനക്കാരെ മാത്രം നൽകികൊണ്ട് മറ്റുള്ള നേഴ്‌സുമാർ പണിമുടക്കാനാണ് തീരുമാനം. നാളത്തെ സമരം ഒരു മുന്നറിയിപ്പ് മാത്രമാണ്. അതിൽ തീരുമാനങ്ങളുണ്ടായില്ലെങ്കിൽ പിന്നീട് ലോങ് മാർച്ച് അടക്കമുള്ള സമ്പൂർണ പണിമുടക്കിലേക്ക് സംഘടന കടക്കുമെന്ന് യുഎൻഎ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR