Enter your Email Address to subscribe to our newsletters

Alappuzha, 20 ഫെബ്രുവരി (H.S.)
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ ആർട്ടറി ഫോർസെപ്സുമായി അഞ്ച് വർഷത്തോളം നരകയാതന അനുഭവിച്ച പുന്നപ്ര സ്വദേശിനി ഉഷ ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കടുത്ത വേദനയും അസ്വസ്ഥതകളും അനുഭവിച്ചിരുന്ന ഉഷയെ എംപി കെ സി വേണുഗോപാലിൻ്റെ ഇടപെടലിനെ തുടർന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനകൾക്ക് ശേഷം അവരെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നും അഞ്ചു വർഷത്തെ വേദനയ്ക്ക് ഇതോടെ വിരാമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബന്ധുക്കൾ പ്രതികരിച്ചു.
വരുന്ന മെയ് അഞ്ചിന് തൻ്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ട് അഞ്ച് വർഷം തികയുകയാണെന്നും ഇക്കാലമത്രയും സഹിക്കാനാവാത്ത വേദനയാണ് അനുഭവിച്ചതെന്നും ഉഷ പറഞ്ഞു. വേദന വരുമ്പോൾ മകനൊപ്പം നിരവധി ഡോക്ടർമാരെ കണ്ടിരുന്നു. വേദന കുറയാനായി ഇൻജക്ഷനുകൾ എടുക്കുകയായിരുന്നു പതിവ്. ഒടുവിൽ എക്സ്റേ എടുത്തു നോക്കിയപ്പോഴാണ് വയറ്റിൽ കത്രിക പോലെ എന്തോ ഉണ്ടെന്ന് അറിഞ്ഞതെന്നും വിവരം അറിഞ്ഞപ്പോൾ എക്സ്റേ റൂമിൽ നിന്ന് താൻ ചിരിച്ചുകൊണ്ടാണ് പുറത്തേക്ക് വന്നതെന്നും അവർ വ്യക്തമാക്കി. വയറ്റിൽ കത്രിക ഇരിപ്പുണ്ടെന്നാണ് അവർ പറയുന്നതെന്ന് മകനോട് അപ്പോൾ തന്നെ പറഞ്ഞതായും ഉഷ കൂട്ടിച്ചേർത്തു.
2021ൽ ലളിതാംബിക ഡോക്ടറെ പോയി കണ്ട് വീട്ടിൽ വച്ച് രണ്ടായിരം രൂപ നൽകിയ ശേഷമാണ് ഓപ്പറേഷൻ തീയതി നിശ്ചയിച്ചതെന്ന് ബന്ധുവായ ജോയ്സ് ആരോപിച്ചു. സർക്കാർ ഡോക്ടറാണെങ്കിലും പ്രത്യേക പരിഗണന ലഭിക്കുമെന്ന വിശ്വാസത്തിലാണ് പാവപ്പെട്ടവരായിട്ടും പണം നൽകിയത്. സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ ഡോക്ടർ നിർദേശിച്ച സ്വകാര്യ സംവിധാനങ്ങളിലാണ് നടത്തിയത്. വയറ്റിൽ ഉപകരണം കുടുങ്ങിയ വിവരം പുറത്തുവന്നപ്പോൾ വണ്ടാനത്ത് വീണ്ടും ചെന്ന തങ്ങളെ ഒരു മുറിയിൽ ഇരുത്തി ആരോടും പറയരുതെന്നും ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തു തരാമെന്നും അധികൃതർ പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി.
ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായത് വലിയ അനാസ്ഥയാണെന്നും ഇതിനെതിരെ പരാതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും മകൻ ഷിബിൻ വ്യക്തമാക്കി. ശസ്ത്രക്രിയക്കിടെ ഉണ്ടായ ഈ വീഴ്ച ഒരുകാലത്തും ചെറിയൊരു തെറ്റായി കാണാൻ കഴിയില്ലെന്നും വളരെ ഗുരുതരമായ പിഴവാണിതെന്നും എംഎൽഎ എച്ച് സലാം പ്രതികരിച്ചു. ഇതിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചികിത്സാ പിഴവ് മറച്ചുവയ്ക്കാൻ ശ്രമം
വാർത്ത പുറത്തുവന്നതിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ തന്നെ എംപി ഇടപെടുകയും രോഗിക്കായി ആംബുലൻസ് ഏർപ്പാടാക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സ്കാനിങ്ങിലൂടെയാണ് വയറ്റിൽ ലോഹവസ്തു ഇരിക്കുന്ന വിവരം കണ്ടെത്തിയത്. തുടർന്ന് പരിശോധനയ്ക്കായി ചെന്നപ്പോൾ എക്സ്റേയും ഇസിജിയും എടുക്കുകയും അടുത്ത ചൊവ്വാഴ്ച ശസ്ത്രക്രിയ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ ഇത് ഒതുക്കിത്തീർക്കാനും പുറംലോകം അറിയാതെ മൂടിവയ്ക്കാനും മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതായി ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. ഈ വിവരം ആരോടും വെളിപ്പെടുത്തരുതെന്ന് ഡോക്ടർമാർ നിർദേശിച്ചതായും ബന്ധുക്കൾ വെളിപ്പെടുത്തി.
വണ്ടാനത്തേക്ക് ഇനിയില്ലെന്ന് ഉഷ
തുടർചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് പോകാൻ ഉഷ തയാറായില്ല. മെഡിക്കൽ കോളജിനെ ഭയമാണെന്നും ഇനി അവിടേക്ക് ഇല്ലെന്നും അവർ കരഞ്ഞുകൊണ്ട് പ്രതികരിച്ചു. വണ്ടാനത്ത് ഓപ്പറേഷൻ ചെയ്യാൻ താത്പര്യമില്ലെന്നും പുറത്ത് എവിടെയെങ്കിലും കൊണ്ടുപോയി ചെയ്താൽ മതിയെന്നും ഉഷ വ്യക്തമാക്കിയതോടെ കുടുംബത്തിൻ്റെ ആഗ്രഹം പരിഗണിച്ചാണ് കൊച്ചിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. വണ്ടാനത്തെ ഡോക്ടർമാർക്കെതിരെ പരാതി നൽകുന്നതിനെക്കുറിച്ച് നിലവിൽ ആലോചിച്ചിട്ടില്ലെന്നും ജീവൻ രക്ഷിക്കാനാണ് മുൻഗണനയെന്നും കുടുംബം വ്യക്തമാക്കി. ഉഷയ്ക്കും കുടുംബത്തിനും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ചികിത്സാ പിഴവ് വരുത്തിയവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.
പോരാട്ടം തുടർന്ന് ഹർഷിന
ആലപ്പുഴ മെഡിക്കൽ കോളജിലും സമാനമായ രീതിയിൽ ചികിത്സാ പിഴവ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ താമരശ്ശേരി സ്വദേശിനി ഹർഷിന നീതിക്കായി വീണ്ടും പോരാട്ടത്തിലേക്ക് കടക്കുകയാണ്. വർഷങ്ങളോളം ദുരിതമനുഭവിച്ച ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തും. അർഹമായ നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഹർഷിന സമരസമിതി വ്യക്തമാക്കി. ആരോഗ്യവകുപ്പിൻ്റെയും മന്ത്രി വീണാ ജോർജിൻ്റെയും പ്രവർത്തനങ്ങളെ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ രൂക്ഷമായി വിമർശിച്ചു. തനിക്കുണ്ടായ ദുരനുഭവം മറ്റൊരാൾക്കും സംഭവിക്കരുതെന്ന ദൃഢനിശ്ചയത്തിലാണ് ഹർഷിന വീണ്ടും തെരുവിലിറങ്ങുന്നത്.
ആലപ്പുഴയിലെ പുതിയ വാർത്തകൾ കൂടി പുറത്തുവന്നതോടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് അധികൃതരുടെ വീഴ്ചയാണെന്നാണ് സമരസമിതിയുടെ ആരോപണം. കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ നടക്കുന്ന പ്രതിഷേധം നീതി ഉറപ്പാക്കുന്നത് വരെയുള്ള രണ്ടാം ഘട്ട സമരത്തിൻ്റെ തുടക്കമാണെന്നും അവർ അറിയിച്ചു. മന്ത്രിയുടെ ഇടപെടലുകൾ വെറും പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങുന്നുവെന്നും യഥാർഥ നടപടികളിലേക്ക് നീങ്ങുന്നില്ലെന്നും ഹർഷിന ആരോപിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഇരകൾക്കൊപ്പം നിൽക്കേണ്ട സംവിധാനങ്ങൾ അവരെ വീണ്ടും ബുദ്ധിമുട്ടിക്കുന്ന രീതിയാണ് സ്വീകരിക്കുന്നതെന്നും വിമർശനമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR