വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്‌: ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ
Kerala, 20 ഫെബ്രുവരി (H.S.) തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയയിലെ പിഴവിൽ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്. ശസ്ത്രക്രിയ നടത്തിയ ഡോ.ജെ ഷാഹിദയെയും നഴ്സിങ് ഓഫീസർ പി എസ് ധന്യയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
Kozhikode Medical College


Kerala, 20 ഫെബ്രുവരി (H.S.)

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയയിലെ പിഴവിൽ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്. ശസ്ത്രക്രിയ നടത്തിയ ഡോ.ജെ ഷാഹിദയെയും നഴ്സിങ് ഓഫീസർ പി എസ് ധന്യയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർ‌പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശസ്ത്രക്രിയയിൽ പിഴവുണ്ടായതിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ ആരോ​ഗ്യമന്ത്രി വീണാ ജോർജ്‌ അറിയിച്ചിരുന്നു. വിദഗ്ധസമിതിയെ അന്വേഷണത്തിന് നിശ്ചയിച്ചിട്ടുണ്ട്. തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസറും ഫോറന്‍സിക് വിഭാഗം മേധാവിയും സര്‍ജറി വിഭാഗം പ്രൊഫസറുമാണ് അന്വേഷണസംഘത്തിലുള്ളത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉഷാ ജോസഫ് അനുഭവിച്ച ദുരിതങ്ങള്‍ക്കൊടുവിലാണ് വയറ്റില്‍ ഉപകരണം കുടുങ്ങിക്കിടക്കുന്ന വിവരം പുറംലോകമറിയുന്നത്. കാലങ്ങളായി തുടരുന്ന മൂത്രത്തില്‍ക്കല്ലിന്റെ അസുഖത്തിന് ചികിത്സ തേടി സ്വകാര്യ ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച എക്‌സ്‌റേ പരിശോധനയിലാണ് അപ്രതീക്ഷിതമായി ഈ കണ്ടെത്തലുണ്ടായത്. വണ്ടാനം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഉഷയ്ക്ക് ഇടയ്ക്കിടെ കഠിനമായ വേദന അനുഭവപ്പെടാറുണ്ടായിരുന്നു. വേദന വരുമ്പോഴൊക്കെ ആശുപത്രിയില്‍ കാണിക്കുമെങ്കിലും ഇന്‍ജക്ഷനും മരുന്നുകളും നല്‍കി തിരിച്ചയക്കുകയായിരുന്നു പതിവ്. ശസ്ത്രക്രിയ കഴിഞ്ഞതുകൊണ്ടും ജോലിഭാരം കൊണ്ടുമാകാം വേദന വരുന്നത് എന്നാണ് കുടുംബം കരുതിയിരുന്നത്. ഇതിന് മുന്‍പ് ഒരുതവണ പോലും എക്‌സ്‌റേ എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നില്ല.

വയറ്റില്‍ ഉപകരണം ഇരിക്കുന്നത് കണ്ടെത്തിയ ശേഷം പഴയ ആശുപത്രിയില്‍ ചെന്നപ്പോള്‍ പെട്ടെന്ന് തന്നെ അത് നീക്കം ചെയ്തുതരാമെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. അടുത്ത തിങ്കളാഴ്ച അഡ്മിറ്റായി ശസ്ത്രക്രിയ നടത്താനാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നഷ്ടപരിഹാരത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ സംസാരിക്കാന്‍ അവര്‍ തയാറായില്ലെന്നും ഈ വിവരം പുറത്തുപറയേണ്ടതില്ലെന്ന സൂചന നല്‍കിയെന്നും മകന്‍ ആരോപിക്കുന്നു. സംഭവത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനകം തന്നെ പൊലീസില്‍ പരാതി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലും നിലവില്‍ ചികിത്സയിലുള്ള സ്ഥലത്തെ സ്റ്റേഷനിലും പരാതി നല്‍കും.

മുഖ്യമന്ത്രിയോ മറ്റ് ഉന്നത അധികൃതരോ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെങ്കിലും കെസി വേണുഗോപാലിന്റെ സംഘം ഇടപെട്ട് മറ്റ് ചികിത്സാ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. തന്റെ അമ്മ അനുഭവിച്ച ഈ ദുരവസ്ഥ ഇനിയൊരാള്‍ക്കും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് വിഷയം ഗൗരവമായി പുറത്തുകൊണ്ടുവരുന്നതെന്ന് മകന്‍ വ്യക്തമാക്കി. മുന്‍പും പല പരാതികള്‍ ഉയര്‍ന്നിട്ടുള്ള വണ്ടാനം മെഡിക്കല്‍ കോളജിലുണ്ടായ ഈ അനുഭവത്തിന് ശേഷം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പോകാന്‍ അമ്മയ്ക്ക് വലിയ പേടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News