മെഡിക്കൽ കോളേജിൽ വയറിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Alappuzha, 20 ഫെബ്രുവരി (H.S.) ആലപ്പുഴ : അഞ്ചു വർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ 59 കാരിയുടെ വയറിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്ക
Human Rights Commission


Alappuzha, 20 ഫെബ്രുവരി (H.S.)

ആലപ്പുഴ : അഞ്ചു വർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ 59 കാരിയുടെ വയറിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.

ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാൻ 2021 മേയ് 10 നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടർച്ചയായ രക്തസ്രാവവുമുണ്ടായി. വർഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവിൽ ഒരു യൂറോളജി ഡോക്ടറാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉഷാ ജോസഫ് അനുഭവിച്ച ദുരിതങ്ങള്‍ക്കൊടുവിലാണ് വയറ്റില്‍ ഉപകരണം കുടുങ്ങിക്കിടക്കുന്ന വിവരം പുറംലോകമറിയുന്നത്. കാലങ്ങളായി തുടരുന്ന മൂത്രത്തില്‍ക്കല്ലിന്റെ അസുഖത്തിന് ചികിത്സ തേടി സ്വകാര്യ ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച എക്‌സ്‌റേ പരിശോധനയിലാണ് അപ്രതീക്ഷിതമായി ഈ കണ്ടെത്തലുണ്ടായത്. വണ്ടാനം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഉഷയ്ക്ക് ഇടയ്ക്കിടെ കഠിനമായ വേദന അനുഭവപ്പെടാറുണ്ടായിരുന്നു. വേദന വരുമ്പോഴൊക്കെ ആശുപത്രിയില്‍ കാണിക്കുമെങ്കിലും ഇന്‍ജക്ഷനും മരുന്നുകളും നല്‍കി തിരിച്ചയക്കുകയായിരുന്നു പതിവ്. ശസ്ത്രക്രിയ കഴിഞ്ഞതുകൊണ്ടും ജോലിഭാരം കൊണ്ടുമാകാം വേദന വരുന്നത് എന്നാണ് കുടുംബം കരുതിയിരുന്നത്. ഇതിന് മുന്‍പ് ഒരുതവണ പോലും എക്‌സ്‌റേ എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നില്ല.

വയറ്റില്‍ ഉപകരണം ഇരിക്കുന്നത് കണ്ടെത്തിയ ശേഷം പഴയ ആശുപത്രിയില്‍ ചെന്നപ്പോള്‍ പെട്ടെന്ന് തന്നെ അത് നീക്കം ചെയ്തുതരാമെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. അടുത്ത തിങ്കളാഴ്ച അഡ്മിറ്റായി ശസ്ത്രക്രിയ നടത്താനാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നഷ്ടപരിഹാരത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ സംസാരിക്കാന്‍ അവര്‍ തയാറായില്ലെന്നും ഈ വിവരം പുറത്തുപറയേണ്ടതില്ലെന്ന സൂചന നല്‍കിയെന്നും മകന്‍ ആരോപിക്കുന്നു. സംഭവത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനകം തന്നെ പൊലീസില്‍ പരാതി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലും നിലവില്‍ ചികിത്സയിലുള്ള സ്ഥലത്തെ സ്റ്റേഷനിലും പരാതി നല്‍കും.

മുഖ്യമന്ത്രിയോ മറ്റ് ഉന്നത അധികൃതരോ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെങ്കിലും കെസി വേണുഗോപാലിന്റെ സംഘം ഇടപെട്ട് മറ്റ് ചികിത്സാ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. തന്റെ അമ്മ അനുഭവിച്ച ഈ ദുരവസ്ഥ ഇനിയൊരാള്‍ക്കും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് വിഷയം ഗൗരവമായി പുറത്തുകൊണ്ടുവരുന്നതെന്ന് മകന്‍ വ്യക്തമാക്കി. മുന്‍പും പല പരാതികള്‍ ഉയര്‍ന്നിട്ടുള്ള വണ്ടാനം മെഡിക്കല്‍ കോളജിലുണ്ടായ ഈ അനുഭവത്തിന് ശേഷം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പോകാന്‍ അമ്മയ്ക്ക് വലിയ പേടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഉഷയ്ക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കിവരികയാണെന്നും ശസ്ത്രക്രിയയെക്കുറിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നും മകന്‍ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News