ആറ്റുകാല് പൊങ്കാല: മുന്നൊരുക്കങ്ങള് കാര്യക്ഷമമാണെന്ന് മുഖ്യമന്ത്രി; അവലോകന യോഗം ചേര്ന്നു
Thiruvanathapuram, 21 ഫെബ്രുവരി (H.S.) ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമായി നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍പ് വിവിധ ഘട്ടങ്ങളിലായി നടന്ന യോഗങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുക
cm meeting


Thiruvanathapuram, 21 ഫെബ്രുവരി (H.S.)

ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമായി നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍പ് വിവിധ ഘട്ടങ്ങളിലായി നടന്ന യോഗങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിതമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലേതു പോലെ ഇത്തവണയും പൊങ്കാല ഏറ്റവും ഭംഗിയായി നടത്താന്‍ സാധിക്കും. ആറ്റുകാല്‍ പെങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ആറ്റുകാല്‍ ക്ഷേത്രം ദേവി ആഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആറ്റുകാല്‍ ഉത്സവത്തിന്റെ വരും ദിവസങ്ങളിലും ബന്ധപ്പെട്ട എല്ലാവരുടെയും പൂര്‍ണ്ണ സഹകരണവും അതീവ ശ്രദ്ധയും ഉറപ്പാക്കണം. ഇത്തവണയും വന്‍ ജനത്തിരക്ക് പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ പോലീസിന്റെ ഭാഗത്ത് നിന്നും ജാഗ്രത വേണം. പ്രദേശവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കഴിവതും കുറയ്ക്കുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ നടത്തണം. പൊങ്കാലയ്ക്കായി എത്തുന്ന ഭക്തജനങ്ങള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും മികച്ച രീതിയില്‍ ഒരുക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 4 വരെ മെഡിക്കല്‍ ടീമുകള്‍ പ്രവര്‍ത്തിക്കും. 10 ആംബുലന്‍സുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ബൈക്ക് റെസ്‌പോണ്ടര്‍മാരുടെ സേവനവുമുണ്ട്. അധികമായി ആംബുലന്‍സുകള്‍ വേണ്ടി വന്നാല്‍ സജ്ജമാക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെട്ടെന്നുള്ള അപകടങ്ങള്‍ നേരിടുന്നതിന് അധിക സൗകര്യങ്ങള്‍ ഒരുക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി പീഡിയാട്രിഷ്യന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ 10 കിടക്കകള്‍ വീതം മാറ്റിവെക്കുകയും ക്ഷേത്ര പരിസരത്തും നഗരത്തിലുമായി 12 ഹീറ്റ് ക്ലിനിക്കുകള്‍ തുറക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ 23 മുതല്‍ പ്രത്യേക സ്‌ക്വാഡുകളും സഞ്ചരിക്കുന്ന മൊബൈല്‍ ലാബും പരിശോധനകള്‍ നടത്തും.

ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി നാല് സോണുകളിലായി 5855 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇതില്‍ കൂടുതല്‍ വനിതാ പോലീസുകാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ഡ്രോണ്‍ നിരീക്ഷണം, പുതുതായി സ്ഥാപിച്ച 83 സിസിടിവി ക്യാമറകള്‍, അഞ്ച് വാച്ച് ടവറുകള്‍ എന്നിവ സജ്ജമാക്കി. വാഹന പാര്‍ക്കിംഗിന് ക്യുആര്‍ കോഡ് സംവിധാനം ഒരുക്കിയതോടൊപ്പം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂമും ആരംഭിച്ചു. ലഹരി വ്യാപനം തടയാന്‍ എക്‌സൈസ് വകുപ്പും പോലീസും ചേര്‍ന്ന് പ്രത്യേക പരിശോധനകള്‍ നടത്തും.

യാത്രാസൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി 700 പ്രത്യേക ബസുകളും ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി 250 ബസുകളും സര്‍വീസ് നടത്തും. ചെറിയ ഇലക്ട്രിക് ബസുകള്‍ ഉപയോഗിച്ച് ചെയിന്‍ സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ പ്രത്യേക ട്രെയിനുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്തെ റോഡുകളും കാനകളും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ജല അതോറിറ്റി 1550 താല്‍ക്കാലിക കുടിവെള്ള ടാപ്പുകളും 50 ഷവറുകളും സ്ഥാപിക്കും. കെ.എസ്.ഇ.ബി 250 ട്രാന്‍സ്‌ഫോര്‍മറുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര പരിസരത്ത് 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും തുറന്നു.

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2610 തൊഴിലാളികളെ നിയോഗിച്ചു. മാലിന്യം നീക്കം ചെയ്യാന്‍ 200 ടിപ്പര്‍ ലോറികളും കുടിവെള്ള വിതരണത്തിനായി 40 ടാങ്കര്‍ ലോറികളും സജ്ജമാക്കി. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനായി പ്ലാസ്റ്റിക് ഒഴിവാക്കി 'ഹരിത പൊങ്കാല കിറ്റ്' ശുചിത്വ മിഷന്‍ നടപ്പിലാക്കുന്നു. സ്ത്രീകള്‍ക്കായി പ്രത്യേക മൊബൈല്‍ ടോയ്ലറ്റുകളും ഒരുക്കിയിട്ടുണ്ട്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ് 51 വാഹനങ്ങളും ഉദ്യോഗസ്ഥരും സജ്ജമാക്കി. ശബ്ദ, വായു മലിനീകരണം നിരീക്ഷിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നാല് സ്റ്റേഷനുകളിലായി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

പൊങ്കാല ദിവസം ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ക്ഷേത്രദര്‍ശനത്തിന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 7 മണി വരെ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതിനാല്‍ ഭക്തരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ക്ഷേത്ര ഭരണസമിതിയും പോലീസും നടപടികള്‍ സ്വീകരിക്കും. ആറ്റുകാല്‍ പൊങ്കല ദിവസം തിരുവനന്തപുരം ജില്ലയ്ക്ക് അവധി നല്‍കുമെന്നും, മാര്‍ച്ച് 2 ന് ആറ് മണി മുതല്‍ 3ന് വൈകിട്ട് ആറ് മണി വരെ ഡ്രൈ ഡേ കര്‍ക്കശമായി നടപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ നോഡല്‍ ഓഫീസറായി സബ് കളക്ടര്‍ ഒ വി ആല്‍ഫ്രെഡിനെ ചുമത്തലപ്പെടുത്തി.

മന്ത്രിമാരായ വി.എന്‍. വാസവന്‍, വി ശിവന്‍കുട്ടി, മേയര്‍ വി വി രാജേഷ്, ജില്ലാ കളക്ടര്‍ അനുകുമാരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News