സീബ്രാലൈനിൽ വാഹനം നിർത്തിയാൽ 500 രൂപ പിഴ; കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
Kozhikode, 21 ഫെബ്രുവരി (H.S.) കോഴിക്കോട്: നഗരത്തിലെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമങ്ങൾ കർശനമാക്കി മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം. ജംക്ഷനുകളിലെ സീബ്രാലൈനിൽ വാഹനം നിർത്തുന്നവർക്കെതിരെ കടുത്ത നടപടിയാണ് സ്വീകരിക്
സീബ്രാലൈനിൽ വാഹനം നിർത്തിയാൽ 500 രൂപ പിഴ; കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്


Kozhikode, 21 ഫെബ്രുവരി (H.S.)

കോഴിക്കോട്: നഗരത്തിലെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമങ്ങൾ കർശനമാക്കി മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം. ജംക്ഷനുകളിലെ സീബ്രാലൈനിൽ വാഹനം നിർത്തുന്നവർക്കെതിരെ കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. സീബ്രാലൈനിൽ വാഹനം നിർത്തുന്നവർക്കും ലൈനിൽ നിന്ന് ഒന്നര മീറ്റർ അകലം പാലിക്കാതെ വാഹനം നിർത്തുന്നവർക്കും 500 രൂപ പിഴ ചുമത്തുമെന്ന് കോഴിക്കോട് ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്) വിഭാഗം അറിയിച്ചു.

പിഴ അടയ്ക്കാൻ രണ്ടാഴ്ച

ഗതാഗത നിയമലംഘനങ്ങൾ ക്യാമറയിൽ പതിഞ്ഞാൽ ഇ-ചെല്ലാൻ വഴി വാഹന ഉടമയുടെ ഫോണിൽ സന്ദേശം ലഭിക്കും. ഇങ്ങനെ പിഴ ചുമത്തിയാൽ 14 ദിവസത്തിനകം ചേവായൂർ മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസിൽ തുക അടയ്ക്കണം. ഈ കാലാവധിക്കുള്ളിൽ പിഴ അടച്ചില്ലെങ്കിൽ നിയമലംഘനം എറണാകുളം വിർച്വൽ കോടതിയുടെ പരിഗണനയിലേക്ക് മാറും.

കർശന നടപടികൾ

45 ദിവസത്തിനകം പിഴ അടയ്ക്കാത്തപക്ഷം പുതിയ കേന്ദ്ര ഉത്തരവ് പ്രകാരം ലൈസൻസ് റദ്ദാക്കൽ, വാഹന കൈമാറ്റത്തിനുള്ള തടസ്സം എന്നിവ നേരിടേണ്ടി വരും. 90 ദിവസത്തിന് ശേഷവും പിഴ അടച്ചില്ലെങ്കിൽ കേസ് ജില്ലാ സെഷൻസ് കോടതിയിലേക്ക് നീങ്ങും. പിന്നീട് കോടതി വഴി മാത്രമേ പിഴ അടച്ച് കേസ് തീർപ്പാക്കാൻ സാധിക്കൂ.

പ്രഭാവതി അമ്മയുടെ പോരാട്ടം ഫലം കണ്ടു

എരഞ്ഞിപ്പാലം മിനി ബൈപാസിൽ നടപ്പാതയിലൂടെ സ്കൂട്ടർ ഓടിച്ചയാളെ തടഞ്ഞ വയോധിക പ്രഭാവതിയുടെ നടപടി വലിയ വാർത്തയായിരുന്നു. ഇതിനെത്തുടർന്ന് അധികൃതർ എരഞ്ഞിപ്പാലത്ത് നടപ്പാതയിൽ വാഹനങ്ങൾ കയറാതിരിക്കാൻ ഒൻപത് കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചു. നടപ്പാതകളിലെ കയ്യേറ്റവും ദുരുപയോഗവും തടയാൻ കർശന നിരീക്ഷണം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്.

'മിന്നൽപ്രഭ' പുരസ്കാരം

സീബ്രാ ലൈൻ കയ്യേറി നിർത്തിയിട്ട വാഹനങ്ങളുടെ ചിത്രങ്ങൾ അയച്ചുതരാൻ മനോരമ വായനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ സ്റ്റേഡിയം ജംക്ഷനിലെ നിയമലംഘനത്തിന്റെ ചിത്രം പകർത്തിയ ഒളവണ്ണ സ്വദേശി വിബീഷിന് മനോരമയുടെ 'മിന്നൽപ്രഭ' പുരസ്കാരം ലഭിച്ചു. 3000 രൂപയാണ് സമ്മാനത്തുക.

റോഡിലെ നിയമങ്ങൾ പാലിക്കുന്നതിലൂടെ അപകടങ്ങൾ കുറയ്ക്കാനും കാൽനടയാത്രക്കാർക്ക് നിർഭയമായി നടക്കാനുള്ള സാഹചര്യം ഒരുക്കാനും എല്ലാവരും സഹകരിക്കണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

-------------

Hindusthan Samachar / Roshith K


Latest News