Enter your Email Address to subscribe to our newsletters

Alappuzha, 21 ഫെബ്രുവരി (H.S.)
21/02/2026
കാർഷിക മേഖലയിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ നേരിടാൻ ലോക ബാങ്കിന്റെ സഹായത്തോടെ 2365 കോടി രൂപയുടെ കേര പദ്ധതി നടപ്പാക്കിയെന്ന് കൃഷിമന്ത്രി പി പ്രസാദ്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ കാർഷികോത്സവം- ഹരിതം 2026 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം പുലമൺ മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഉയർന്ന ഗുണനിലവാരമുള്ള കാർഷിക ഉത്പന്നങ്ങൾ നിർമിക്കുന്നുണ്ട്. ഇവയുടെ വിപണനം കൂടുതൽ കാര്യക്ഷമമാക്കണം. കാർഷികോല്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കാൻ കർഷകർ മുൻകൈയെടുക്കണം. സംസ്ഥാനത്തെ 174 കൃഷിഭവനികളിലൂടെ കർഷകരിൽ നിന്ന് ശേഖരിക്കുന്ന 4000 കാർഷിക മൂല്യവർധിത ഉത്പന്നങ്ങളാണ് സർക്കാർ 'കേരള ഗ്രോ' ബ്രാൻഡിലൂടെ വിറ്റഴിക്കുന്നത്. തരിശുഭൂമിയിൽ കൃഷി നടത്തുന്ന കർഷകർക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകുന്നുണ്ട്. കേരളത്തിലെ കർഷകർക്ക് പുതിയ വിപണികൾ കണ്ടെത്താൻ സംഘടിപ്പിച്ച വൈഗ മീറ്റിലൂടെ 347 കോടി രൂപയുടെ കച്ചവടം ഉറപ്പാക്കാൻ കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാർഷിക സർവകലാശാല 15 വിത്തിനങ്ങൾ പുറത്തിറക്കി. കഴിഞ്ഞ 10 വർഷത്തിനിടെ പഴം- പച്ചക്കറി ഉൽപാദനം 6 ലക്ഷം ടണ്ണിൽ നിന്ന് 19.6 ലക്ഷം ടണ്ണായി ഉയർന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. കാർഷിക സൊസൈറ്റികൾക്ക് കെട്ടിടങ്ങൾ പണിയാൻ ധനസഹായം നൽകി. അലങ്കാര ചെടികൾ- പുഷ്പങ്ങളുടെ കൃഷിക്ക് മികച്ച കയറ്റുമതി സാധ്യതയുള്ളതിനാൽ അവ വിപുലീകരിക്കണം. യുവജനങ്ങൾക്ക് ആധുനിക കൃഷി രീതികൾ ഉപയോഗിക്കാൻ പ്രത്യേക ധനസഹായ പദ്ധതിയും നടപ്പാക്കി. റീഫ്രിജനറേറ്റഡ് ഗോഡൗണുകൾക്കായി ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തി. ന്യൂട്രാസ്യൂട്ടിക്കൽസ് ഗവേഷണത്തിനായി സംസ്ഥാനത്ത് പ്രത്യേക കേന്ദ്രവും സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു.
കാർഷികോത്സവത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനവിതരണവും മികച്ച കർഷകർക്കുള്ള പുരസ്കാര വിതരണവും മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.
കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, വൈസ് പ്രസിഡന്റ് എസ് ആർ അരുൺ ബാബു, സ്ഥിരംസമിതി അധ്യക്ഷ ജി സരസ്വതി, കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ, ഡെപ്യൂട്ടി ചെയർപേഴ്സൺ ഷാജു, സ്ഥിരംസമിതി അധ്യക്ഷരായ എസ് ആർ രമേഷ്, ഡി രാമകൃഷ്ണപിള്ള, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഭാരവാഹികൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S