കോണ്ഗ്രസ് സ്ഥാനാര്ത്ഥി പ്രഖ്യാപനം ഉടനില്ല; പുതുയുഗയാത്രയില് പൊട്ടിത്തെറിയുണ്ടാകുമെന്ന് നേതാക്കളുടെ വിലയിരുത്തല്
Kochi, 21 ഫെബ്രുവരി (H.S.) തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥി എന്ന ഉപതിരഞ്ഞെടുപ്പിലെ രീതിയില്‍ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കില്ല. പരമാവധി ചര്‍ച്ചകള്‍ നടത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാം എന്നാണ് നിലവിലെ ധാരണം
KPCC


Kochi, 21 ഫെബ്രുവരി (H.S.)

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥി എന്ന ഉപതിരഞ്ഞെടുപ്പിലെ രീതിയില്‍ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കില്ല. പരമാവധി ചര്‍ച്ചകള്‍ നടത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാം എന്നാണ് നിലവിലെ ധാരണം. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ ഞായറാഴ്ച ഡല്‍ഹിയില്‍ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗം മാറ്റി. ഫെബ്രുവരി 25ന് മുന്‍പ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടാനായിരുന്നു നീക്കം. സിറ്റിങ് മണ്ഡലങ്ങള്‍, സംവരണ മണ്ഡലങ്ങള്‍, ധാരണയായ മറ്റ് മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലെ പ്രഖ്യാപനം നടത്താനായിരുന്നു ആലോചന. വട്ടിയൂര്‍ക്കാവ്, തൃത്താല, മണലൂര്‍ പോലുള്ള മണ്ഡലങ്ങളില്‍ ഒറ്റ പേരിലേക്കും എത്തിയിരുന്നു. എന്നാല്‍ പുതുയുഗയാത്ര കഴിഞ്ഞുമതി സ്ഥാനാര്‍ഥി പ്രഖ്യാപനം എന്നാണ് നിലവിലെ ധാരണ.

ഞായറാഴ്ച സ്‌ക്രീനിങ് കമ്മിറ്റി യോഗം ഉണ്ടാകില്ലെന്നും പുതുയുഗ യാത്രയുടെ വരുംദിവസങ്ങളിലും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. മാര്‍ച്ച് ആദ്യവാരമോ രണ്ടാം വാരമോ ആകും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നാണ് നേതൃത്വം കണക്കുക്കൂട്ടുന്നത്. വിഷുവിനു ശേഷം ഏപ്രില്‍ അവസാനത്തോടെയാകും തിരഞ്ഞെടുപ്പെന്നും കരുതുന്നു. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചാല്‍ ദീര്‍ഘനാളത്തേക്കുള്ള പ്രചാരണത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് അഭിപ്രായം. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നടക്കാന്‍ പോകുന്ന കലാപങ്ങള്‍ തന്നെയാണ് നേതൃത്വം മുന്‍കൂട്ടി കാണുന്നത്. അത് പ്രതിപക്ഷ നേതാവിന്റെ പുതുയുഗയാത്രയെ പോലും തകര്‍ക്കും എന്നും കരുതുന്നു.

മുന്നണിയില്‍ ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കും വേഗമില്ല. സീറ്റ് കൈമാറ്റ ചര്‍ച്ചകളുടെ വേഗം കൂട്ടണമെന്ന ആവശ്യം ലീഗിനുണ്ട്. ഇക്കാര്യം അറിയിക്കാനായി രാഹുല്‍ ഗാന്ധിയെ കാണാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഞായറാഴ്ച നടത്താനിരുന്ന യാത്ര റദ്ദാക്കി. കൂടിക്കാഴ്ച കേരളത്തില്‍ നടത്താമെന്നാണ് നിലവിലെ തീരുമാനം. ചേലക്കരയും കോങ്ങാടും വച്ചു മാറുന്നതില്‍ ധാരണയായെന്നാണ് വിവരം. എന്നാല്‍ പട്ടാമ്പി - ഗുരുവായൂര്‍, തവനൂര്‍ - തിരുവമ്പാടി, ചടയമംഗലം - പുനലൂര്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. ഇക്കാര്യം രാഹുല്‍ ഗാന്ധിയെ കുഞ്ഞാലിക്കുട്ടി ധരിപ്പിക്കും. തമിഴ്‌നാട്ടില്‍ കൂടുതല്‍ സീറ്റ് ലഭിക്കാന്‍ ഡിഎംകെയില്‍ സമ്മര്‍ദം ചെലുത്തുക എന്ന ലക്ഷ്യവും കുഞ്ഞാലിക്കുട്ടി രാഹുലിനെ കാണുന്നതിനു പിന്നിലുണ്ട്.

സീറ്റ് ചര്‍ച്ച വൈകിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ചെറുകക്ഷികളും കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുന്നത്. പുതുയുഗ യാത്ര ഇടുക്കിയിലെത്തുമ്പോഴാകും ആര്‍എസ്പിയുമായി അടുത്തഘട്ട ഉഭയകക്ഷി ചര്‍ച്ച നടത്തുക. കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകളും അപ്പോഴുണ്ടാകും. തിരുവനന്തപുരം സീറ്റ് ആവശ്യപ്പെടുന്ന സിഎംപിയുടെയും കൊല്ലം സീറ്റ് ആവശ്യപ്പെടുന്ന ഫോര്‍വേഡ് ബ്ലോക്കിന്റെയും ആവശ്യം വൈകി മാത്രമേ പരിഗണിക്കൂ.

---------------

Hindusthan Samachar / Sreejith S


Latest News