പ്രതിപക്ഷ നേതാവ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു:മന്ത്രി വി ശിവൻകുട്ടി
Thiruvanathapuram, 21 ഫെബ്രുവരി (H.S.) ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അങ്ങേയറ്റം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രസ്താവനയ
V Shivankutti


Thiruvanathapuram, 21 ഫെബ്രുവരി (H.S.)

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അങ്ങേയറ്റം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അറിവോടെയും ഒത്താശയോടെയുമാണ് ഇത്തരം അക്രമങ്ങൾ അരങ്ങേറുന്നത്.

പ്രതിപക്ഷ നേതാവ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു. പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണ്. ആരോഗ്യമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി, കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ പോലും അംഗീകരിച്ച കേരളത്തിന്റെ ആരോഗ്യ മാതൃകയെ ലോകത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണിത്.

സ്വകാര്യ കുത്തകകളെ സഹായിക്കുന്ന നിലപാടാണ് വി.ഡി. സതീശൻ സ്വീകരിക്കുന്നത്. സർക്കാർ നടപടികൾ സുതാര്യമാണ്. ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട സംഭവങ്ങളിൽ സർക്കാർ അങ്ങേയറ്റം ഉത്തരവാദിത്തത്തോടെയാണ് ഇടപെട്ടിട്ടുള്ളത്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയതാണ്. ആരെയും സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. എന്നാൽ ഈ വസ്തുതകൾ മറച്ചുവെച്ചുകൊണ്ട് മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും ഒറ്റപ്പെടുത്താനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

മന്ത്രിയുടെ വീടിന് മുന്നിൽ നടത്തിയത് കേവലം പ്രതിഷേധമല്ല, മറിച്ച് മ്ലേച്ഛമായ കടന്നാക്രമണമാണ്. ഇത്തരം ജനാധിപത്യ വിരുദ്ധമായ ശൈലികൾ കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തളർത്താമെന്ന് ആരും കരുതേണ്ട. കേരളത്തിലെ ജനങ്ങൾ യു.ഡി.എഫിന്റെ ഈ അക്രമ രാഷ്ട്രീയത്തിന് തക്കതായ മറുപടി നൽകും. ഇത്തരം നീക്കങ്ങളിൽ നിന്ന് പ്രതിപക്ഷം പിന്തിരിയണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News