Enter your Email Address to subscribe to our newsletters

Kollam, 21 ഫെബ്രുവരി (H.S.)
ആര്‍എസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ച് ഷിബു ബേബി ജോണ്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായാണ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. ചവറയില്‍ നിന്ന് മത്സരിക്കാനിറങ്ങുന്ന സാഹചര്യത്തിലാണ് അദ്ദേഹം താല്‍ക്കാലികമായി സ്ഥാനം ഒഴിഞ്ഞത്. ചവറയില്‍ സ്ഥാനാര്‍ത്ഥിയാകാനാണ് ഷിബു ബേബി ജോണന്റേയും ആര്‍എസ്പിയുടേയും തീരുമാനം. തെരഞ്ഞെടുപ്പുകാലത്ത് പകരക്കാരനായി പാര്‍ട്ടിയെ നയിക്കാനെത്തുക മുന്‍ സംസ്ഥാന സെക്രട്ടറി എ എ അസീസ് ആയിരിക്കും. തെരഞ്ഞെടുപ്പ് കഴിയും വരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല അസിസിന് ആയിരിക്കും. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ആര്‍എസ്പിയുടെ സീറ്റുകള്‍ സംബന്ധിച്ചു കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചര്‍ച്ച മറ്റന്നാള്‍ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തുന്ന പുതുയുഗ യാത്രയ്ക്കിടെ ഇടുക്കിയില്‍ വച്ചു ചര്‍ച്ച നടത്താനാണ് തീരുമാനം. മണ്ഡലം കമ്മിറ്റികള്‍ 24ന് ചേരും.
ആറ്റിങ്ങല്‍, മട്ടന്നൂര്‍ സീറ്റുകള്‍ വേണ്ടെന്നും പകരം വിജയ സാധ്യതയുള്ള സീറ്റുകള്‍ വേണമെന്നാണ് ആര്‍എസ്പി യുടെ ആവശ്യം. ഇതില്‍ ഏതെങ്കിലും ഒരു സീറ്റെങ്കിലും മാറി നല്‍കാനാണ് സാധ്യത. ചടയമംഗലം ആണ് ആര്‍എസ്പി നേതൃത്വത്തിന്റെ മനസ്സില്‍. സീറ്റ് കിട്ടിയാല്‍ ആര്‍എസപിയില്‍ ചേര്‍ന്ന സിപിഐ നേതാവ് മുസ്തഫയെ മത്സരിപ്പിക്കാമെന്നാണ് യുഡിഫ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ലീഗ് പുനലൂരിന് പകരം ചോദിച്ച സീറ്റുകളില്‍ ഒന്നാണ് ചടയമംഗലം.
ചവറയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും കുന്നത്തൂരില്‍ കഴിഞ്ഞ തവണ മത്സരിച്ച യുവനേതാവ് ഉല്ലാസ് കോവൂരും പ്രചരണം ആരംഭിച്ചു. ഇരവിപുരത്ത് രണ്ട് പേരുകളാണ് പരിഗണനയിലുള്ളത്. എന്‍. കെ. പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്റെ പേരും സജി ഡി ആനന്ദിന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. ഇരവിപുരത്തിന്റെ കാര്യത്തില്‍ മണ്ഡലം കമ്മിറ്റിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചു അന്തിമ തീരുമാനമെടുക്കാമെന്നാണു ധാരണ.
---------------
Hindusthan Samachar / Sreejith S