Enter your Email Address to subscribe to our newsletters

Kochi, 21 ഫെബ്രുവരി (H.S.)
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠര് രാജീവര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍ വാസുവിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ഇരുവരോടും മാര്‍ച്ച് ആദ്യവാരം ഹാജരാകാനാണ് ഇഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയുടെ പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ ആളുകളെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് നടപടി. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവര്‍ നേരത്തെ തന്നെ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് താനല്ലെന്നായിരുന്നു തന്ത്രിയുടെ വാദം. ബെംഗളൂരു ക്ഷേത്രത്തിലെയും ശബരിമലയിലെയും വിവരങ്ങള്‍ അദ്ദേഹം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി മേല്‍ശാന്തിയായിരുന്ന ബെംഗളൂരു ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിന്റെ ഭരണസമിതിയില്‍നിന്ന് വിവരങ്ങള്‍ ലെറ്റര്‍പാഡില്‍ എഴുതിവാങ്ങി തന്ത്രിയുടെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള കോടതിയിലെത്തിച്ചിരുന്നു. പോറ്റിയും രാജീവരും തമ്മിലുള്ള ബന്ധം ഇവിടെനിന്നു തുടങ്ങുന്നു എന്ന ആരോപണം ആദ്യം ഉന്നയിച്ചത് ജയിലിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മ കുമാര്‍ ആയിരുന്നു.
1997 മുതല്‍ 2003 വരെയായിരുന്നു പോറ്റി ഇവിടെ മേല്‍ശാന്തിയായിരുന്നത്. ആ സമയത്ത് താഴമണ്‍ മഠത്തിലെ കണ്ഠര് നീലകണ്ഠരായിരുന്നു തന്ത്രി. 2005-ല്‍ നീലകണ്ഠര് അന്തരിച്ചു. രാജീവരോട് താന്ത്രികചുമതല ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം ആദ്യം ഒഴിഞ്ഞു.
പിന്നീട് 2007-ലാണ് അദ്ദേഹം ബെംഗളൂരുവിലെ ക്ഷേത്രത്തിന്റെ തന്ത്രിയായത്. 2015 വരെ തുടര്‍ന്നു. താന്‍ തന്ത്രിയാകുമ്പോഴേക്കും പോറ്റി അവിടം വിട്ടിരുന്നു എന്നാണ് ഇതിലൂടെ രാജീവര് സ്ഥാപിച്ചത്. ഈ തെളിവുകളെ കോടതിയില്‍ എസ്.ഐ.ടി.ക്ക് പ്രതിരോധിക്കാനാകാതെ വന്നപ്പോഴാണ് വിജിലസ് കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിച്ചെന്നുമാത്രമല്ല ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല എന്ന പരാമര്‍ശവും കോടതിയില്‍നിന്നുണ്ടായി. 2018-ലെ ശബരിമല യുവതീപ്രവേശത്തെ രാജീവര് എതിര്‍ത്തതിന്റെ പ്രതികാരമായുള്ള അറസ്റ്റാണെന്നും തന്ത്രി വാദിച്ചു
---------------
Hindusthan Samachar / Sreejith S