Enter your Email Address to subscribe to our newsletters

New delhi, 21 ഫെബ്രുവരി (H.S.)
ലോകത്തിലെ പ്രമുഖര്‍ പങ്കെടുത്ത എഐ ഇംപാക്ട് സമ്മിറ്റില്‍ കേന്ദ്ര സര്‍ക്കാരിനും ഇന്ത്യ-യുഎസ് വ്യാപാര കരാറിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ നടപടി കടുപ്പിച്ച് ഡല്‍ഹി പോലീസ്. നേപ്പാളിലെ ജെന്സി പ്രക്ഷോഭത്തിന് സമാനമാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമെന്ന് ന്ന് പോലീസ് കോടതിയില്‍. നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രദര്‍ശന ഹാളില്‍ സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ ടി-ഷര്‍ട്ടുകള്‍ ഉയര്‍ത്തിപ്പിടിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്രതിഷേധിച്ച ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ നീക്കം ചെയ്യുകയായിരുന്നു.
പിടിയിലായവരെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ഡല്‍ഹി പോലീസ്, ഇത് രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയാണെന്ന് ആരോപിച്ചു. നേപ്പാളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് സമാനമാണ് ഇതെന്നും പോലീസ് കോടതിയെ അറിയിച്ചു. ലോകനേതാക്കളുടെയും പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തില്‍ ഇവര്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താനും ഈ പ്രതിഷേധത്തിന് പിന്നില്‍ ഫണ്ടിംഗ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും പ്രതികളുടെ കസ്റ്റഡി അത്യാവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിഷേധക്കാരുടെ മൊബൈല്‍ ഫോണുകള്‍ വീണ്ടെടുക്കേണ്ടതുണ്ടെന്നും, പ്രതിഷേധത്തിനിടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും പോലീസ് വ്യക്തമാക്കി. നാല് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുചേര്‍ന്ന് ഒരേ രീതിയിലുള്ള ടി-ഷര്‍ട്ടുകള്‍ പ്രിന്റ് ചെയ്തത് ആഴത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും പോലീസ് പറയുന്നു.
എന്നാല്‍ ഈ ആരോപണങ്ങളെ പ്രതിഭാഗം വക്കീല്‍ ശക്തമായി എതിര്‍ത്തു. പ്രതിഷേധം തികച്ചും സമാധാനപരമായിരുന്നുവെന്നും യാതൊരുവിധ അക്രമങ്ങളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട ആളുകള്‍ എന്ന നിലയില്‍ പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് അവര്‍ ചെയ്തതെന്നും, പ്രതികള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ വെറും രാഷ്ട്രീയ പ്രേരിതമായ നീക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ പാര്‍ട്ടിയില്‍പ്പെട്ടവരായതിനാലാണ് പോലീസ് ഇവരെ ലക്ഷ്യം വെക്കുന്നതെന്നും, കസ്റ്റഡിയില്‍ വെച്ച് ഇവര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റതായും പ്രതിഭാഗം അഭിഭാഷകന്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചു. യുവാക്കളുടെ കരിയര്‍ നശിപ്പിക്കുന്ന രീതിയില്‍ രാഷ്ട്രീയ വിയോജിപ്പുകളെ അടിച്ചമര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ പ്രതിഷേധങ്ങളെ ക്രിമിനല്‍ കുറ്റമായി കാണരുതെന്നും പ്രതിഭാഗം വാദിച്ചു.
---------------
Hindusthan Samachar / Sreejith S