Enter your Email Address to subscribe to our newsletters

Kottarakkara, 22 ഫെബ്രുവരി (H.S.)
അടുത്തിടെയാണ് സോഷ്യല് മീഡിയ സെലിബ്രിറ്റിയും ബിഗ് ബോസ് വിജയിയും സംവിധായകനും ഒക്കെയായ അഖില് മാരാർ ട്വന്റി-20യില് പ്രവേശിച്ചതും എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് കൊട്ടാരക്കരയില് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് അഖില് മാരാർ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ ചർച്ചകളാണ് സോഷ്യല് മീഡിയയില് നടക്കുന്നത്.
അടുത്തകാലം വരെ കോണ്ഗ്രസുമായി ചേർന്ന് നില്ക്കുന്ന, കോണ്ഗ്രസ് വക്താവിനെ പോലെ സോഷ്യല് മീഡിയയില് ഇടതുപക്ഷ സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്ന അഖില് മാരാർ പെട്ടെന്നായിരുന്നു ട്വന്റി-20യുടെ ഭാഗമായി മാറുന്നതും ബിജെപി നേതൃത്വം നല്കുന്ന എൻഡിഎയുടെ ഒപ്പം ചേരുന്നതും. ഇത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇടക്കാലത്ത് ബിജെപിയെ അടക്കം കടുത്ത ഭാഷയില് വിമർശിച്ച ആള് കൂടിയായിരുന്നു അഖില്.
അതുകൊണ്ട് തന്നെ അഖില് മാരാരുടേത് ഇരട്ടത്താപ്പ് ആണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. കോണ്ഗ്രസില് സീറ്റ് കിട്ടാത്തതിനെ ചൊല്ലിയാണ് അവരുമായുള്ള ബന്ധം അഖില് മാരാർ ഉപേക്ഷിച്ചതെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല് എൻഡിഎയുടെ വികസന നയങ്ങള്ക്ക് താൻ എല്ലാകാലവും അനുകൂല നിലപാട് വച്ച് പുലർത്തിയിരുന്നുവെന്നും അവർക്കേ മുന്നേറ്റം ഉണ്ടാക്കാൻ കഴിയൂ എന്നും അഖില് മാരാർ പറഞ്ഞിരുന്നു.
ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ മുൻപ് ബിജെപിയെ വിമർശിച്ച തന്റെ വീഡിയോയെ കുറിച്ച് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അഖില് മാരാർ. ബിജെപി വളർന്ന ശേഷം രാജ്യത്ത് വിഭാഗീയത വർധിച്ചു എന്ന് താൻ വീഡിയോ പ്രചരിപ്പിക്കുന്നതില് കാര്യമില്ലെന്നും സത്യം അതല്ലെന്നും അഖില് മാരാർ ഫേസ്ബുക്കില് പങ്കുവച്ച കുറിപ്പില് പറയുന്നു. ഒപ്പം വിഡി സതീശനെ വിമർശിക്കുന്ന ഒരു അഭിമുഖത്തിന്റെ ഭാഗവും അതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
അഖില് മാരാർ പോസ്റ്റില് കുറിച്ചത് ഇങ്ങനെ: ബിജെപി വളർന്ന ശേഷം രാജ്യത്തു വിഭാഗീയത വർധിച്ചു എന്ന് ഞാൻ പറഞ്ഞ വീഡിയോ സുഡാപ്പികള് പ്രചരിപ്പിക്കുന്നുണ്ട്... അതെ ഇന്റർവ്യൂവില് പ്രതിപക്ഷ നേതാവിനെ കുറിച്ച് പറഞ്ഞത് കേട്ട് നോക്ക്...ഇനി അന്ന് പറഞ്ഞതിന്റെ പൂർണ അർത്ഥം... രാജ്യത്ത് ബിജെപി വളർന്നപ്പോള് മുസ്ലിം തീവ്രവാദികള്ക്കും ഇടത് റാഷണല് ഗ്രൂപ്പുകള്ക്കും നിലനില്പ് നഷ്ടപ്പെട്ടു.. നോട്ട് നിരോധനം, പൗരത്വ ഭേദഗതി ഇവന്മാരുടെ തലയില് അടിച്ച ആണിയായി..
അതിന് ശേഷം ഇവന്മാർ മനുഷ്യരെ ഭിന്നിപ്പിക്കാൻ ഹിന്ദു വർഗീയത എന്ന പേരില് പശു, ജയ് ശ്രീറാം വിളികളുടെ പേരില് രാജ്യത്തു ആകെ പ്രശ്നം ആണെന്ന് പ്രചരിപ്പിച്ചു.. കശ്മീർ ആയിരുന്നു ഒരു കാലത്തു ഇവന്മാരുടെ ഹബ് എങ്കില് പതിയെ അത് കേരളം ആയി.. അതോടെ മനുഷ്യർക്കിടയില് ഭിന്നത രൂക്ഷമായി... എന്തിന് ഏറെ പറയുന്നു..
20/20 യില് ചേർന്ന എന്നെ ഇപ്പോള് ആക്രമിക്കുന്ന സുഡുക്കളുടെ ഭയം മാത്രം പറയും ഹൈന്ദവ സമൂഹത്തില് നിന്നൊരുവൻ വളർന്നാല് ഉള്ള അപകടം.. അല്ലാതെ നാളിതുവരെ ഞാൻ ഏതെങ്കിലും മതത്തെയോ മത ഗ്രന്ഥങ്ങളെയോ ആക്ഷേപിച്ചു ആരെങ്കിലും കണ്ടിട്ടുണ്ടോ..? അത്രയും അപകടം ആണ് കേരളത്തില് പ്രചരിപ്പിക്കുന്ന ബിജെപി വിരോധം..
വീഡിയോയില് അഖില് മാരാർ പറയുന്നത്: ഞാൻ ഉന്നയിക്കുന്ന ആരോപണങ്ങള് എല്ലാം ഗുണമാവുന്നത് പ്രതിപക്ഷത്തിനാണ്. പക്ഷേ ദൗർഭാഗ്യകരമെന്ന് പറയട്ടെ കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് ഇപ്പോഴുള്ളത്. ഇത് ഞാൻ നേരിട്ട് പാർട്ടിയില് തന്നെ ആളുകളില് നിന്ന് അറിഞ്ഞ കാര്യമാണ്. പേര് ഞാൻ എടുത്തുപറയുന്നില്ല എന്ന് മാത്രം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR