തൊണ്ടിമുതല് കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീല് നൽകി ആൻ്റണി രാജു.
Ernakulam, 22 ഫെബ്രുവരി (H.S.) തൊണ്ടിമുതല് കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീല് നൽകി ആൻ്റണി രാജു. ശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. തിരുവന്തപുരം ജില്ല സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്. അപ്പീൽ ഹൈക്കോടതി
Antony Raju


Ernakulam, 22 ഫെബ്രുവരി (H.S.)

തൊണ്ടിമുതല് കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീല് നൽകി ആൻ്റണി രാജു. ശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. തിരുവന്തപുരം ജില്ല സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്. അപ്പീൽ ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും.

കഴിഞ്ഞ ദിവസം കോടതി ആൻ്റണി രാജുവിൻ്റെ അപ്പീൽ തള്ളിയിരുന്നു. ഇതോടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കേസിൻ്റെ തുടക്കം 1990 ഏപ്രിൽ നാലിനാണ്.

തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദോർ സർവലി പിടിയിലാകുന്നു. തുടർന്ന് നടന്ന വിചാരണയിൽ തിരുവനന്തപുരം സെഷൻസ് കോടതി പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഈ ഘട്ടത്തിൽ പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്തത് അഭിഭാഷകനായ ആൻ്റണി രാജുവായിരുന്നു.

സെഷൻസ് കോടതി വിധിക്കെതിരെ പ്രതിഭാഗം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന വിചിത്രമായ വാദമാണ് ഹൈക്കോടതിയിൽ ഉന്നയിക്കപ്പെട്ടത്. ഇത് കോടതിക്ക് ബോധ്യപ്പെടുകയും തൊണ്ടിമുതൽ പ്രതിയുടേതല്ലെന്ന നിഗമനത്തിൽ ആൻഡ്രൂ സാൽവദോറിനെ വെറുതെ വിടുകയും ചെയ്തു. വിധിക്ക് പിന്നാലെ ഇയാൾ രാജ്യം വിടുകയും ചെയ്തു.

അതേസമയം നാട്ടിലെത്തിയ ആൻഡ്രൂ ഓസ്ട്രേലിയയിൽ മറ്റൊരു കൊലപാതക കേസിൽ ഉൾപ്പെട്ട് മെൽബൺ ജയിലിലായി. അവിടെ വച്ച് സഹതടവുകാരനോടാണ് കേരളത്തിലെ കേസിൽ നടന്ന കൃത്രിമത്തെക്കുറിച്ച് ഇയാൾ വെളിപ്പെടുത്തിയത്. അഭിഭാഷകൻ്റെയും കോടതി ക്ലാർക്കിൻ്റെയും സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിക്കെട്ടി ചെറുതാക്കി കൃത്രിമം കാട്ടിയാണ് താൻ രക്ഷപ്പെട്ടതെന്നായിരുന്നു ആൻഡ്രൂവിൻ്റെ വെളിപ്പെടുത്തൽ.

സഹതടവുകാരൻ ഈ വിവരം ഓസ്ട്രേലിയൻ പൊലീസിന് കൈമാറി. 1996 ജനുവരി 25ന് രേഖപ്പെടുത്തിയ ഈ മൊഴി ഓസ്ട്രേലിയയിലെ ഇൻ്റർപോൾ യൂണിറ്റ് ഇന്ത്യയിലെ സിബിഐക്ക് അയച്ചു നൽകി. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നിന്നും ഈ കത്ത് കേരള പൊലീസിന് ലഭിച്ചതോടെയാണ് കേസിന് വീണ്ടും ജീവൻ വച്ചത്.

സിബിഐ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കേസിൽ അട്ടിമറി നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് പരാതി നൽകി. മൂന്നു വർഷത്തെ പരിശോധനയ്ക്ക് ശേഷം ഇക്കാര്യം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തുടർന്ന് 2005ൽ കേസ് പുനരന്വേഷിക്കാൻ അന്നത്തെ ഐജി ടി.പി സെൻകുമാർ ഉത്തരവിടുകയായിരുന്നു.

നീണ്ട അന്വേഷണത്തിനൊടുവിൽ 2006ൽ വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആൻ്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു പ്രതികൾ. എന്നാൽ എട്ടു വർഷത്തോളം കേസ് വെളിച്ചം കണ്ടില്ല. പിന്നീട് 2014ൽ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി.

വിചാരണ വേളയിൽ ആൻ്റണി രാജു ഹാജരാകാത്തതിനെ തുടർന്ന് 22 തവണയോളം കേസ് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. 2026 ജനുവരി മൂന്നിന് തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ ആൻ്റണി രാജുവിനും കൂട്ടുപ്രതി കെഎസ് ജോസിനും മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News