Enter your Email Address to subscribe to our newsletters

Kasaragod, 22 ഫെബ്രുവരി (H.S.)
മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെത്തുടർന്ന് താൻ നിരപരാധിയാണെന്ന് വീഡിയോ ചിത്രീകരിച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. മുളിയാർ പൊവ്വൽ ബെഞ്ച് കോടതിക്ക് സമീപത്തെ ജസീല (24) ആണ് മരിച്ചത്. ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
വീടിന് അടുത്തുള്ള യുവാവും കുടുംബവും ജസീലയ്ക്കെതിരെ സ്വർണ്ണം മോഷ്ടിച്ചു എന്ന വ്യാജ ആരോപണം ഉന്നയിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വിഷം കഴിക്കുന്നതിന് മുൻപ് ജസീല മൊബൈൽഫോണിൽ ചിത്രീകരിച്ച വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പക്ഷേ, ആരും തന്നെ വിശ്വസിക്കുന്നില്ലെന്നുമാണ് വീഡിയോയിൽ ജസീല പറയുന്നത്. സത്യം ഒരുദിവസം തെളിയുമെന്ന വിശ്വാസത്തോടെ താൻ പോവുകയാണെന്നും വീഡിയോയിൽ പറയുന്നു.
താൻ നിരപരാധിയാണെന്നും ക്രൂരമായ മാനസിക പീഡനമാണ് നേരിടുന്നതെന്നും ജസീല വീഡിയോയില് പറയുന്നുണ്ട്. ഞാൻ എന്തായാലും ചെയ്യാത്ത തെറ്റിൻ്റെ പേരിൽ കുറേ അനുഭവിക്കുന്നുണ്ട്. എൻ്റെ ഫ്രണ്ടിൻ്റെ ഉമ്മാൻ്റെ ഗോൾഡ് മിസായിട്ടുണ്ട്. അത് ഞാൻ എടുത്തെന്നാണ് പറയുന്നത്. ഞാൻ എടുത്തിട്ടുപോലുമില്ല. എനിക്ക് അറിയത്തുപോലുമില്ല അങ്ങനെയൊരു സാധനമുള്ളത്. സത്യം ആരും വിശ്വസിക്കുന്നില്ല. ഞാൻ രേഖാമൂലം പരാതി കൊടുക്കാമെന്ന് വിചാരിച്ചപ്പോൾ ആദൂർ പോലീസ് സ്റ്റേഷനിലെ ആൾക്കാർ അതിന് സമ്മതിക്കുന്നുമില്ല. എന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ഇവരൊക്കെയാണ്. എൻ്റെ ഭർത്താവും ഉണ്ട് ഇതിൽ പങ്കാളിയായിട്ട്. ഭർത്താവിൻ്റെ ഉമ്മയും ഉണ്ട്. ഞാൻ അധികം ജീവിച്ചിരിക്കില്ല. എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്. സത്യം ഒരുദിവസം തെളിയുമെന്ന വിശ്വാസത്തോടെ ഞാൻ പോവുകയാണ്- ജസീല വീഡിയോയില് പറയുന്നു.
സ്വർണമോഷണ പരാതിയിൽ യുവതിയെ ആദൂർ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. പരാതിയിൽ പറയുന്നതുപോലെ സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ ജസീലയ്ക്ക് എന്തെങ്കിലും ബന്ധം ഉണ്ടെന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മോഷണം സംബന്ധിച്ച പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർചെയ്തിട്ടുമില്ല. കടുത്ത മാനസികപ്രയാസമാണ് വിഷം കഴിച്ചതിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തിൽ മോഷണകുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയെന്ന് ബന്ധുക്കൾ പരാതി നൽകി.അയൽവാസിയായ കുടുംബത്തിനെതിരെയും പൊലീസിനെതിരെയും ബന്ധുക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.
വ്യാജ മോഷണകുറ്റം ആരോപിച്ച് ജസീലയെ മാനസിക സമ്മർദത്തിലാക്കി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ വനിതാ പൊലീസിൻ്റെ സാന്നിധ്യമില്ലാതെയാണ് ചോദ്യം ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കുറ്റം അടിച്ചേൽപ്പിക്കാൻ പൊലീസ് ശ്രമിച്ചതായും പരാതിയിലുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഭർതൃകുടുംബവും ജസീലയെ പിന്തുണയ്ക്കാതെ അവർക്കെതിരെ നിലകൊണ്ടത് മാനസിക സമ്മർദം വർധിപ്പിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു.
ജസീലയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരപരാധിയായ ഒരു യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവവിട്ടവർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പിതാവ്: ജസീൽ. മാതാവ്: മുംതാസ്. ഭർത്താവ്: അമീർ. മക്കൾ: മഹ്സൂക്, ഐസാൻ. സഹോദരങ്ങൾ: അനസ്, ജാസിറ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR