Enter your Email Address to subscribe to our newsletters

Malappuram, 22 ഫെബ്രുവരി (H.S.)
കേരളത്തിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനക്ഷമതയെയും ചികിത്സാ ഗുണനിലവാരത്തെയും കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വിവാദങ്ങള്ക്ക് ആക്കം കൂട്ടാൻ പുതിയൊരു സംഭവം കൂടി. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിന് പിന്നാലെ ശസ്ത്രക്രിയയ്ക്ക് ശേഷം കൈ വളഞ്ഞെന്ന ആരോപണവുമായി മലപ്പുറം സ്വദേശി രംഗത്ത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ 14 വയസുകാരൻ്റെ കൈ ശസ്ത്രക്രിയയ്ക്കു ശേഷം വളഞ്ഞ സംഭവത്തിന് പിന്നാലെയാണ് സമാന പിഴവ് ആരോപിച്ച് മലപ്പുറം സ്വദേശിയും രംഗത്ത് വന്നത്. മഞ്ചേരി മെഡിക്കൽ കോളജില് വച്ചാണ് തനിക്ക് ചികിത്സ പിഴവ് നേരിട്ടതെന്ന് മലപ്പുറം ചാത്തങ്ങോട്ട് പുറം താലപ്പൊലി പറമ്പ് മന്നം പറമ്പിൽ സുരേന്ദ്രൻ ആരോപിച്ചു. മാസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷവും ഒടിഞ്ഞ കൈ വളഞ്ഞ നിലയിൽ തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്ന്ന് പരാതി പെട്ടെങ്കിലും വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് കുടുംബം പറയുന്നു. മഞ്ചേരി മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗത്തിൽ മാസങ്ങളോളം ചികിത്സ ലഭിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നാണ് ആരോപണം. ചികിത്സ സമയത്ത് തന്നെ ആശുപത്രിയിലെ അലംഭാവം ബോധ്യമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. ആവശ്യമായ ശ്രദ്ധയും പരിചരണവും ലഭിച്ചില്ലെന്നതാണ് അവരുടെ വാദം.
സ്കൂട്ടിയില് നിന്നാണ് കൈ കുത്തി വീണത്. തുടര്ന്നാണ് മഞ്ചേരി മെഡിക്കല് കോളജില് ചികിത്സ തേടിയത്. കൈയില് പൊട്ടല് ഉണ്ടെന്ന് ഡോക്ടര് സ്ഥിരീകരിച്ചു. എന്നാല് മൂന്ന് ആഴ്ച കൈ പ്ലാസ്റ്റര് ഇട്ടിരുന്നു. മൂന്ന് ആഴ്ചയ്ക്ക് ഇപ്പുറവും കൈ ശരിയായിട്ടില്ലെന്നും ചികിത്സ തുടരണമെന്ന്ും ഡോക്ടര്മാരും പറഞ്ഞു. പ്ലാസ്റ്റര് ഇട്ടതിന് ശേഷം വീണ്ടും ഒരു മാസം കഴിഞ്ഞിട്ട് ആശുപത്രിയിലെത്തിയ മതിയെന്ന് പറഞ്ഞ് തിരികെ അയച്ചു. ഇപ്പോള് കൈ കൊണ്ട് ഒന്നും ചെയ്യാന് പറ്റാത്ത അവസ്ഥയാണ് സുരേന്ദ്രന് പറഞ്ഞു.
കൈയില് വീണ്ടും സര്ജറി ചെയ്യണമെന്നാണ് ഡോക്ടര്മാര് പറയുന്നത്. പിന്നാലെ ഫിസിയോതെറാപ്പി ചെയ്യാനും നിര്ദേശിച്ചു. ഇപ്പോള് കൈയില് വിട്ട് മാറാത്ത വേദനയാണ് അനുഭവപ്പെടുന്നത്. ഫിസിയോതെറാപ്പി ചെയ്തെങ്കിലും ഇതുവരെ കൈ നേരെ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തമായി ഹോട്ടൽ നടത്തുന്ന സുരേന്ദ്രൻ ഉണ്ടാക്കുന്ന പൊറോട്ടയ്ക്ക് നാട്ടിൽ വലിയ പേരുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പൊറോട്ട ഉണ്ടാക്കാനോ ചായ എടുക്കാനോ പോലും അദ്ദേഹത്തിന് ഒരാളുടെ സഹായം വേണമെന്ന സ്ഥിതിയാണെന്ന് ബന്ധുക്കൾ പറയുന്നു. ചികിത്സ മൂലം സ്വന്തം തൊഴിൽ തുടരാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
അതേസമയം, ഈ സംഭവവും ആരോഗ്യവകുപ്പിൻ്റെ സേവന നിലവാരത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ സർക്കാർ ആശുപത്രികളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി കാര്യക്ഷമമായ മേൽനോട്ടവും ഉത്തരവാദിത്തപരമായ ഇടപെടലുകളും അനിവാര്യമാണെന്ന് പൊതുജനങ്ങൾ അഭിപ്രായപ്പെടുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR