Enter your Email Address to subscribe to our newsletters

IDUKKI , 22 ഫെബ്രുവരി (H.S.)
പശ്ചാത്തല വികസനത്തിൽ സംസ്ഥാനം വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം- ചപ്പാത്ത് - കട്ടപ്പന റോഡിൻ്റെ പൂർത്തീകരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ പത്തുവർഷം കൊണ്ട് റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, മേൽപാലങ്ങൾ എന്നിവയുടെ വികസനം പൊതുജനങ്ങൾ അനുഭവിച്ചറിഞ്ഞ മാറ്റങ്ങളാണ്. അഞ്ച് വർഷം കൊണ്ട് 60 ശതമാനം റോഡുകൾ ബിഎംബിസി നിലവാരത്തിൽ പൂർത്തീകരിച്ചു. മുടങ്ങിപ്പോയ ദേശീയപാത വികസനം പുനരുജ്ജീവിപ്പിക്കാൻ 5550 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചു. സംസ്ഥാനത്തെ 13 ജില്ലകളിലൂടെയും കടന്നു പോകുന്ന 1200 കി.മീ ദൈർഘ്യമുള്ള മലയോര ഹൈവേ, ഒൻപത് ജില്ലകളിലൂടെ കടന്ന് പോകുന്ന തീരദേശപാത, വയനാട് തുരങ്കപാത നിർമ്മാണം, 5 വർഷം കൊണ്ട് 150 പാലങ്ങൾ, ടൂറിസം പദ്ധതിയുടെ ഭാഗമായി വി-പാർക്കുകൾ, ലെവൽ ക്രോസില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായ റെയിൽവേ മേൽപ്പാലം നിർമ്മാണം, നഗര റോഡ് വികസന പദ്ധതി, റോഡ് പരിപാലനത്തിനായി റണ്ണിംഗ് കോൺട്രാക്ട് എന്നിവയെല്ലാം ജനങ്ങൾ അനുഭവിച്ചറിഞ്ഞ വികസന പ്രവർത്തനങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
റോഡ് വികസനത്തിന് മാത്രമായി സംസ്ഥാനത്ത് 35,000 കോടി രൂപ ചെലവഴിച്ചു. കെട്ടിട നിർമ്മാണ മേഖലയിൽ മികച്ച ആരോഗ്യ കേന്ദ്രങ്ങൾ, സ്കൂളുകൾ, മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് താമസ സൗകര്യം ഒരുക്കുന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ എന്നിവയുടെയെല്ലാം നിർമ്മാണത്തിന് കിഫ്ബി വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്. പശ്ചാത്തല വികസനത്തിന് കിഫ്ബി വഴി 528 പദ്ധതികൾക്കായി 46,145 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് മാത്രമായി അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. കിഫ്ബിയിലൂടെ വലിയ കുതിപ്പ് ഉണ്ടായി. കിഫ്ബിയിലൂടെ അടുത്ത 30 കൊല്ലം കൊണ്ടുണ്ടാകുന്ന വികസനം 10 വർഷം കൊണ്ട് സാധ്യമായെന്നും ഈ വികസന നയം ഇനിയും തുടരണമെന്നും അതിന് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
മലയോര ഹൈവേ നാടിൻ്റെ വികസന സാധ്യതകൾക്ക് ആക്കം വർധിപ്പിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മലയോര ഹൈവേയുടെ പൂർത്തീകരണത്തോടെ ഹൈറേഞ്ചിൻ്റെയും കട്ടപ്പനയുടെയും മുഖവും ഭാവവും മാറിയെന്നും കട്ടപ്പന - പുളിയൻമല റോഡിൻ്റെ നിർമ്മാണത്തിന് 46 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെന്നും മന്ത്രി പറഞ്ഞു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ റോഡുകൾ ബിഎംബിസി നിലവാരത്തിൽ പുന:നിർമ്മിക്കുന്നതിന് 30 കോടി രൂപയുടെ ടെൻഡർ നടപടി സ്വീകരിച്ചു. ചേലച്ചുവട് - വണ്ണപ്പുറം റോഡ്, നത്തുകല്ല് - അടിമാലി റോഡ്, ആധുനിക നിലവാരത്തിൽ നിർമ്മിച്ച ആരോഗ്യ കേന്ദ്രങ്ങൾ, സ്കൂളുകൾ, കളിക്കളങ്ങൾ, ഈ ബഡ്ജറ്റിൽ പ്രഖ്യാപിച്ച കട്ടപ്പന - തേനി തുരങ്കപാത എന്നിവയെല്ലാം മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും ഇച്ഛാശക്തിയുടെ ഫലമാണെന്ന് മന്ത്രി പറഞ്ഞു.
കുടിയേറ്റ കാലം മുതൽ ദുർഘട പാതയായിരുന്ന റോഡിൻ്റെ വികസനം പൂർത്തിയാകുമ്പോൾ പുതുതലമുറ പൂർവികരെ സ്മരിക്കണ്ട ഘട്ടം കൂടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബോളിവുഡ് നടൻ മിലിന്ദ് സോമൻ വിശിഷ്ടാതിഥിയായിരുന്നു. ലോകത്തെ തന്നെ മികച്ച റോഡുകളിലൊന്നാണ് മനോഹരമായ ഇടുക്കിയിലെ ഈ റോഡെന്ന് മിലിന്ദ് സോമൻ പറഞ്ഞു. നഗ്നപാദനായാണ് ഹിൽ ഹൈവേ റണ്ണിൽ പങ്കെടുത്തത്. ഇവിടേക്ക് ഇനിയും വരും.മനോഹരമായ ഈ റോഡിൻ്റെ ഉദ്ഘാടനത്തിന് തന്നെയും ഭാഗമാക്കിയതിന് ഭരണകൂടത്തോട് നന്ദിയുണ്ടെന്നും മിലിന്ദ് സോമൻ പറഞ്ഞു.
കിഫ്ബി മുഖേന കേരള റോഡ് ഫണ്ട് ബോർഡിൻ്റെ മേൽനോട്ടത്തിൽ 235 കോടി രൂപ ചെലവിൽ മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം- മുതൽ കട്ടപ്പന വരെയുള്ള 40.050 കി.മീ റോഡിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.
കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ ഇ.എസ് ബിജിമോൾ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തമ്പി നാരായണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.വി വർഗീസ്, വി. ആർ ശശി, റോമിയോ സെബാസ്റ്റ്യൻ, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ്, കിഫ്ബി പ്രൊജക്ട് ഡയറക്ടർ അശോക് കുമാർ എം, കിഫ്ബി ടീം ലീഡർ മഞ്ജുഷ പി. ആർ, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക- സാംസ്കാരിക - കായിക രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR