Enter your Email Address to subscribe to our newsletters

Thiruvananthapuram, 22 ഫെബ്രുവരി (H.S.)
ശബരിമല സ്വര്ണക്കൊള്ളക്കേസിൽ യഥാർഥ പ്രതികളെ സംരക്ഷിക്കാൻ തന്ത്രി കണ്ഠര് രാജീവരെ മനഃപൂർവം കുടുക്കിയതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെളിവുകളില്ലാതെ തന്ത്രിയെ 41 ദിവസം ജയിലിലടച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നേരിട്ടുള്ള ഇടപെടൽ മൂലമാണെന്നും തന്ത്രിയെ അറസ്റ്റ് ചെയ്ത് മന്ത്രിയെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വര്ണക്കൊള്ളയുടെ യഥാര്ഥ പ്രതികളിലേക്ക് അന്വേഷണം കൊണ്ടുപോകാനോ അവരെ അറസ്റ്റ് ചെയ്യാനോ മുതിരാതെ പ്രത്യേക അന്വേഷണ സംഘം ഒരു തെളിവുമില്ലാതെ ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്ത് 41 ദിവസം ജയിലില് കിടത്തുകയും ചെയ്ത സംഭവം തികച്ചും സംശയാസ്പദമാണ്. മുഖ്യമന്ത്രിയുടെ ഓഫിസില് നിന്നുള്ള ഉത്തരവനുസരിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്ത്തിച്ചതെന്നത് വ്യക്തമാണ്. പ്രത്യേക അന്വേഷണ സംഘം ജാമ്യം കിട്ടുന്നതിനെ ശക്തമായി എതിര്ക്കുകയുണ്ടായി. എന്നാലും കൊല്ലം വിജിലന്സ് കോടതി വസ്തുതകളെല്ലാം പരിശോധിച്ചശേഷം 93 പേജുള്ള ഒരു വിധിന്യായം പുറപ്പെടുവിച്ചു. അതില് വ്യക്തമായി പറയുന്നു ശബരിമല തന്ത്രി കണ്ഠര് രാജീവര്ക്ക് ഇതിലൊരു പങ്കുമില്ല എന്നുള്ള കാര്യം.
ശബരിമല തന്ത്രി അയ്യപ്പൻ്റെ പിതാവിൻ്റെ സ്ഥാനമുള്ള വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ പേരില് ഒരു തെളിവുമില്ലാതെയാണ് എസ്ഐടി അറസ്റ്റ് ചെയ്യുകയും 41 ദിവസം ജയിലില് പാര്പ്പിക്കുകയും ചെയ്തത്. ശബരിമല തന്ത്രിയെ മനഃപൂര്വം കുടുക്കുകയായിരുന്നു എന്നു വേണം അനുമാനിക്കാന്. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്യുന്നതില് രാഷ്ട്രീയ വീഴ്ച ഉണ്ടായി എന്നത് ഇതിലൂടെ വ്യക്തമാകുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള് എസ്ഐടിയെ മുഖ്യമന്ത്രിയുടെ ഓഫിസ് നിയന്ത്രിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി എന്നതാണ് വസ്തുത. ഈ വസ്തുത നമുക്ക് കാണാതെ കടന്നു പോകാന് സാധ്യമല്ല.
ഏതൊരു വ്യക്തിയെയും അറസ്റ്റ് ചെയ്യുമ്പോള് പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തിനാണ് 41 ദിവസം ഒരാളെ ജയിലിലിടുന്നത്. തെളിവുകള് ഇല്ലാതെ എങ്ങനെ അറസ്റ്റ് ചെയ്യുകയും ജയിലിലിടുകയും ചെയ്യും. ഇന്ന് പൊതുസമൂഹത്തില് ഉയര്ന്നു വരുന്ന ഈ ചോദ്യം വളരെ പ്രസ്കതമായ ഒന്നല്ലേ.
ശബരിമല കൊള്ളയ്ക്ക് ഉത്തരവാദികളായ വന്തോക്കുകളെ അറസ്റ്റ് ചെയ്യുന്നതിനാവശ്യമായ വ്യക്തമായ സൂചനകള് 2025 ഒക്ടോബര് 21ലേയും നവംബര് 5ലേയും ഇടക്കാല ഉത്തരവുകരളിലൂടെ ഹൈക്കോടതി എസ്ഐടിക്ക് നല്കിയെങ്കിലും ഒരു നടപടിയും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. എസ്ഐടിക്ക് ഹൈക്കോടതി നല്കിയ ക്ലിയര് ഡയറക്ഷന് പാലിച്ചിട്ടില്ല എന്നുള്ള ഗുരുതരമായ കാര്യങ്ങള് കൂടി പരിശോധിക്കേണ്ടതാണ്.
മുൻ ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്ത് ഗുരുതരമായ തെറ്റ് ചെയ്തു. രണ്ട് തവണ വളരെ രഹസ്യമായി ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില് സിപിഎമ്മിനും ഇടതുമുന്നണിക്കുമുണ്ടായ ഗുരുതരമായ തകര്ച്ച ബോധ്യപ്പെട്ടതോടു കൂടിയാണ് എസ്ഐടി അന്വേഷണം അട്ടിമറിക്കാനും ദിശ തിരിച്ചു വിടാനുമുള്ള തീരുമാനം ഉന്നത തലങ്ങളിലുണ്ടായത്. അന്വേഷണം കടകംപള്ളിയിലേക്കും വാസവനിലേക്കും എത്താതിരിക്കാനാണ് തന്ത്രിയെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് 41 ദിവസം ജയിലില് പാര്പ്പിച്ചത്.
യുവതീപ്രവേശനത്തെ തന്ത്രി എതിര്ത്തിരുന്നു. യുവതികള് കയറിയ സമയത്ത് അദ്ദേഹം ശ്രീകോവില് അടച്ചിരുന്നു. 365 ദിവസം ശബരിമല നട തുറക്കണമെന്ന ആവശ്യം വന്നപ്പോള് അദ്ദേഹം എതിര്ത്തിരുന്നു. ഇതെല്ലാം തന്ത്രി കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ശബരിമല കാര്യത്തില് സര്ക്കാര് രാഷ്ട്രീയം കളിക്കുകയാണ്.
സര്ക്കാര് അദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള് ചോര്ത്തി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇത് ഡേറ്റ പ്രൈവസിയുടെ ലംഘനമാണ്.
കേരളത്തിലെ ആരോഗ്യരംഗം പൂര്ണമായും വെൻ്റിലേറ്ററിലായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സിസ്റ്റത്തിൻ്റെ ഫെയിലുവര് ആണെന്നാണ് പറയുന്നത്. അത് മാറ്റണമെങ്കില് മന്ത്രി തന്നെ മാറിയേ മതിയാകൂ, ഈ മന്ത്രിസഭ തന്നെ മാറിയേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു. സര്ക്കാര് ആശുപത്രിയില് മരുന്നില്ല, ഇപ്പോള് കുറേ ദിവസമായി ഡോക്ടര്മാര് സമരത്തിലാണ്, രോഗികള്ക്ക് ഓപ്പറേഷന് നടക്കണില്ല,സര്ക്കാര് ആശുപത്രികളില് പരിചണം ലഭിക്കണില്ല. സമരം ചെയ്യുന്ന ഡോക്ടര്മാര് ചെയ്യട്ടെ, രോഗികള് അനുഭവിക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR