നടപ്പാതയിൽ വാഹനം ഓടിച്ചാൽ കടുത്ത നടപടി: 3,000 രൂപ വരെ പിഴയും ലൈസൻസ് സസ്പെൻഷനും; എംവിഡി നിയമങ്ങൾ കർശനമാക്കുന്നു
kozhikode, 22 ഫെബ്രുവരി (H.S.) കോഴിക്കോട്: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാതകളിലെ (Footpath) നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിക്കുന്നു. നടപ്പാതയിലൂടെ വാഹനം ഓടിക്കുന്നതും കാൽനടക്കാരുടെ വഴി തടസ്സപ്പെടുത്തി വ
നടപ്പാതയിൽ വാഹനം ഓടിച്ചാൽ കടുത്ത നടപടി: 3,000 രൂപ വരെ പിഴയും ലൈസൻസ് സസ്പെൻഷനും; എംവിഡി നിയമങ്ങൾ കർശനമാക്കുന്നു


kozhikode, 22 ഫെബ്രുവരി (H.S.)

കോഴിക്കോട്: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാതകളിലെ (Footpath) നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിക്കുന്നു. നടപ്പാതയിലൂടെ വാഹനം ഓടിക്കുന്നതും കാൽനടക്കാരുടെ വഴി തടസ്സപ്പെടുത്തി വാഹനം പാർക്ക് ചെയ്യുന്നതും ഗുരുതരമായ കുറ്റകൃത്യമായി പരിഗണിച്ച് കനത്ത പിഴയും ശിക്ഷാ നടപടികളും ഏർപ്പെടുത്താനാണ് തീരുമാനം.

പിഴയും ലൈസൻസ് റദ്ദാക്കലും

റോഡിന് ഇരുവശവുമുള്ള നടപ്പാതകളിലൂടെയോ വെള്ള വരയുള്ള ഭാഗത്തിലൂടെയോ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവർക്കെതിരെ കേസെടുക്കും. 1,000 രൂപ മുതൽ 3,000 രൂപ വരെയാണ് ഇതിനുള്ള പിഴ. എന്നാൽ ശിക്ഷ പിഴയിൽ മാത്രം ഒതുങ്ങില്ല; നിയമലംഘനം നടത്തുന്ന ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും മോട്ടോർ വാഹന വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ലൈസൻസ് തിരികെ ലഭിക്കുന്നതിനായി ഡ്രൈവർ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ചിൽ (IDTR) ഏഴ് ദിവസത്തെ നിർബന്ധിത പരിശീലന ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

പാർക്കിംഗിനും പിടിവീഴും

നടപ്പാതയിൽ വാഹനം നിർത്തിയിട്ടു പോകുന്നത് ഉടമയ്ക്കെതിരെ കേസെടുക്കാൻ കാരണമാകും. സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്ന വകുപ്പ് ചുമത്തി 250 രൂപ മുതൽ 1,000 രൂപ വരെയാണ് ഇതിന് പിഴ ചുമത്തുക. നിലവിൽ ഇത്തരം കേസുകളിൽ പിഴയടയ്ക്കാനുള്ള സൗകര്യം മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ നേരിട്ടില്ല. പോലീസ് അല്ലെങ്കിൽ എംവിഡി എൻഫോഴ്സ്മെന്റ് വിഭാഗം നടപടിയെടുത്താൽ കോടതി വഴിയായിരിക്കും പിഴത്തുക ഒടുക്കേണ്ടി വരിക.

സുരക്ഷയ്ക്കായുള്ള നീക്കം

കാൽനടയാത്രക്കാർക്കായി നീക്കിവച്ചിരിക്കുന്ന ഭാഗങ്ങളിൽ വാഹനങ്ങൾ കയറുന്നത് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഇത് തടയാനാണ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന കർശനമാക്കിയിരിക്കുന്നത്. കോഴിക്കോട് നഗരത്തിലുൾപ്പെടെ പ്രധാന റോഡുകളിൽ എംവിഡി ക്യാമറകളും സ്പെഷ്യൽ സ്ക്വാഡുകളും നിരീക്ഷണം നടത്തും.

യാത്ര ചെയ്യാൻ പാടില്ലാത്ത സ്ഥലത്ത് വാഹനം ഓടിച്ചു എന്ന വകുപ്പാണ് നടപ്പാതയിലൂടെ പോകുന്നവർക്കെതിരെ ചുമത്തുന്നത്. റോഡ് മര്യാദകൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു. പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

---------------

Hindusthan Samachar / Roshith K


Latest News