Enter your Email Address to subscribe to our newsletters

Trivandrum , 22 ഫെബ്രുവരി (H.S.)
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്. ഡോ. ബിന്ദു സുന്ദറിനെതിരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധ സമിതി കുറ്റപത്രം നൽകിയത്. ഇതിന് പിന്നാലെ ഡോക്ടർക്കെതിരെ കൈക്കൂലി ആരോപണവും പീഡന പരാതികളുമായി കൂടുതൽ കുടുംബങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്.
കൈക്കൂലി വാങ്ങി, എന്നിട്ടും തിരിഞ്ഞുനോക്കിയില്ല
മരിച്ച കുഞ്ഞിന്റെ പിതാവ് ബിനിൽ മനോഹർ ഡോക്ടർക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. ഭാര്യയുടെ ആരോഗ്യനില ശ്രദ്ധിക്കാനായി ഡോ. ബിന്ദു സുന്ദറിന് രണ്ട് തവണയായി 5,000 രൂപ വീതം ആകെ 10,000 രൂപ നൽകിയെന്ന് ബിനിൽ പറയുന്നു. എന്നാൽ പണം വാങ്ങിയിട്ടും പ്രസവസമയത്ത് കൃത്യമായ പരിചരണം നൽകാനോ വീഴ്ചകൾ ഒഴിവാക്കാനോ ഡോക്ടർ തയ്യാറായില്ല. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
മലാശയം മുറിഞ്ഞു; അഞ്ചോളം ശസ്ത്രക്രിയകൾ
മറ്റൊരു യുവതിയായ ഹസ്നയുടെ വെളിപ്പെടുത്തൽ ഡോക്ടറുടെ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു. 2025 ജൂൺ 19ന് ഹസ്നയുടെ പ്രസവമെടുത്തത് ഡോ. ബിന്ദുവായിരുന്നു. സാധാരണ പ്രസവത്തിനായി യോനിഭാഗത്ത് വരുത്തിയ മുറിവ് അശ്രദ്ധ മൂലം മലാശയം വരെ നീളുകയായിരുന്നു. അണുബാധയേറ്റ് വേദന കൊണ്ട് പുളഞ്ഞപ്പോൾ ഡോക്ടർ തന്നെ 'അഹങ്കാരി' എന്ന് വിളിച്ച് ആക്ഷേപിച്ചതായി ഹസ്ന മനോരമ ന്യൂസിനോട് പറഞ്ഞു. ഒടുവിൽ മുറിവിൽ മരുന്ന് വെക്കാൻ പോലും 2,000 രൂപ കൂടി നൽകേണ്ടി വന്നു. നില വഷളായതോടെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് ഡോക്ടർ കൈകഴുകുകയായിരുന്നു. നിലവിൽ അഞ്ച് ശസ്ത്രക്രിയകൾ കഴിഞ്ഞ ഹസ്ന ഇപ്പോഴും ചികിത്സയിലാണ്.
തുടരുന്ന പരാതികൾ
കഴിഞ്ഞ ഓഗസ്റ്റിൽ പ്രസവത്തിനായി എത്തിയ ആമിന എന്ന യുവതിയുടെ കുടുംബവും ഡോക്ടർക്കെതിരെ പരാതിയുമായി രംഗത്തുണ്ട്. പ്രസവവേദന കൊണ്ട് നിലവിളിച്ചിട്ടും ഡോക്ടർ തിരിഞ്ഞുനോക്കിയില്ലെന്നും ആശുപത്രിയിൽ വലിയ പ്രതിഷേധമുണ്ടായപ്പോഴാണ് മറ്റൊരു ഡോക്ടർ എത്തി പ്രസവമെടുത്തതെന്നും ആമിനയുടെ ഭർത്താവ് ആരോപിക്കുന്നു.
സർക്കാർ ആശുപത്രിയിൽ മികച്ച സേവനം പ്രതീക്ഷിച്ചെത്തുന്ന പാവപ്പെട്ട രോഗികളിൽ നിന്ന് പണം തട്ടുകയും അവർക്ക് നേരെ ക്രൂരമായ പെരുമാറ്റം നടത്തുകയും ചെയ്ത ഡോക്ടർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശനമായ വകുപ്പുതല നടപടികൾക്ക് ഒരുങ്ങുകയാണ്.
പൊതുജനാരോഗ്യ സംവിധാനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്ന ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും, നെടുമങ്ങാട് ആശുപത്രിയിലെ ഈ സംഭവം ആരോഗ്യമേഖലയിലെ കറുത്ത പാടായി മാറുകയാണ്.
---------------
Hindusthan Samachar / Roshith K