Enter your Email Address to subscribe to our newsletters

Kolkkatha, 23 ഫെബ്രുവരി (H.S.)
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ് അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 71 വയസായിരുന്നു. ബംഗാള്‍ നിയമസഭയില്‍ കൃഷ്ണനഗര്‍ ഉത്തര്‍ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. ഇന്ത്യയുടെ 32-ാമത് റെയില്‍വേ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, ബംഗാളില്‍ നിന്ന് രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മമത ബാനര്‍ജിയുടെ അടുത്ത അനുയായിയായാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതക്ക് ശേഷം രണ്ടാം സ്ഥാനം മുകുള്‍ റോയിക്കായിരുന്നു. 2009-ല്‍ കേന്ദ്ര കപ്പല്‍ ഗതാഗത സഹമന്ത്രിയായും, 2011 മുതല്‍ 2012 വരെ റെയില്‍വേ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നഗരവികസന മന്ത്രാലയത്തിലും ചുമതലകള്‍ വഹിച്ചിരുന്നു.
എന്നാല്‍ പിന്നീട് മമതയുമായി മുകുള്‍ റോയി അകലുക ആയിരുന്നു. ഇതോടെ സംഘടനയില്‍ ഒറ്റപ്പെട്ടു. 2015 ഫെബ്രുവരിയില്‍ മുകുള്‍ റോയിയെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നാഷനല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. 2017 നവംബറില്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു.
2019-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിയെ സഹായിച്ചു.2020ല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ചു.
എന്നാല്‍ പിന്നീട് കണ്ടത് ബിജെപിയില്‍ നിന്നും തന്റെ പഴ തട്ടകത്തിലേക്ക് പോകുന്ന മുകുള്‍ റോയിയെ ആയിരുന്നു. 2021 ജൂണ്‍ 11ന് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച എംഎല്‍എ സ്ഥാനം രാജിവയ്ക്കാതെയാണ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
---------------
Hindusthan Samachar / Sreejith S