Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 ഫെബ്രുവരി (H.S.)
ശബരിമല അയ്യപ്പ സംഗമത്തിൻ്റെ വരവ് ചെലവ് കണക്കുകളുടെ ഓഡിറ്റ് പൂർത്തീകരിക്കാൻ ഹൈക്കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടാനുളള തീരുമാനവുമായി ദേവസ്വം ബോർഡ്. രണ്ടാഴ്ച കൂടി സമയം ആവശ്യപ്പെടാനാണ് ബോർഡ് തീരുമാനിച്ചിട്ടുള്ളതെന്ന് ദേവസ്വം ബോർഡ് അധ്യക്ഷൻ കെ ജയകുമാര് ഇ ടിവി ഭാരതിനോട് വ്യക്തമാക്കി. ഓഡിറ്റിനായി രൂപീകരിച്ച ദേവസ്വം കമ്മിഷണർ, അക്കൗണ്ട്സ് ഓഫിസർ, ചീഫ് എൻജിനീയർ എന്നിവർ ഉൾപ്പെട്ട മൂന്നംഗ ടാസ്ക് ഫോഴ്സ് കണക്കുകൾ തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതിയെ ബോർഡ് അറിയിക്കും. ഇതിനിടെ അയ്യപ്പ സംഗമത്തിൻ്റെ ചെലവ് 4.99 കോടിയിൽ നിജപ്പെടുത്തിയ ദേവസ്വം ബോർഡിൻ്റെ ഏകപക്ഷീയ നടപടിയിൽ ട്രിപ്പിൾ ഐസി കടുത്ത അതൃപ്തിയിലാണ്.
സംഗമത്തിന് 8.22 കോടി രൂപയുടെ എസ്റ്റിമേറ്റ് ഉൾപ്പെടുത്തിയാണ് ആദ്യം ട്രിപ്പിൾ ഐസിയും ദേവസ്വം ബോർഡും തമ്മിൽ ധാരണാപത്രം ഒപ്പിട്ടത്. എന്നാൽ ചെലവ് 4.99 കോടിയിൽ നിജപ്പെടുത്താൻ ധാരണാപത്രം ഒപ്പിട്ട അതേ ബോർഡ് പിന്നീട് യോഗം ചേർന്ന് തീരുമാനമെടുത്തു. എന്നാൽ ഇത് ട്രിപ്പിൾ ഐസിയെ അറിയിച്ചിരുന്നില്ല. ഈ തീരുമാനത്തെ പറ്റി അറിയാതിരുന്ന ട്രിപ്പിൾ ഐസി സംഗമത്തിന് ശേഷം 7,4099367(ഏഴ് കോടി നാല് ലക്ഷത്തിതൊണ്ണൂറ്റിഒമ്പതിനായിരത്തി മൂന്നൂറ്റി അറുപത്തിയേഴ്) കോടിയുടെ ബിൽ ബോർഡിന് സമർപ്പിക്കുകയായിരുന്നു. എന്നാൽ 4.99 കോടി രൂപയിൽ ചെലവ് നിജപ്പെടുത്താൻ കെ ജയകുമാർ അധ്യക്ഷനായിട്ടുള്ള ബോർഡ് നീക്കം തുടങ്ങിയതാണ് ട്രിപ്പിൾഐസിയുടെ കടുത്ത അതൃപ്തിക്ക് കാരണം.
അയ്യപ്പസംഗമത്തിന് ആദ്യം നിശ്ചയിച്ചത് 13 കോടി രൂപയായിരുന്നുവെന്ന് ട്രിപ്പിൾ ഐസിയിലെ പേര് വെളിപ്പെടുത്താൻ വിമുഖതയുള്ള ഒരു ഉദ്യോഗസ്ഥൻ ഇ ടിവി ഭാരതിനോട് പറഞ്ഞു. പ്രധാനപത്രങ്ങളിൽ മുൻപേജ് പരസ്യമടക്കം നിരവധി കാര്യങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് ചർച്ചകളിലൂടെ തുക കുറച്ച് അത് പത്ത് കോടിയിൽ പരമാക്കി. അതിന് ശേഷമാണ് 8.22 കോടിയിൽ തുക നിജപ്പെടുത്തുന്നത്. എന്നാൽ ഈ തുകയ്ക്ക് അനുസൃതമായി തങ്ങൾ ബിൽ സമർപ്പിച്ചിട്ടും അത് പാസാക്കാതിരിക്കുന്ന നടപടിയിലാണ് സ്ഥാപനത്തിന് അതൃപ്തിയുള്ളത്. തങ്ങൾ സബ് കോൺട്രാക്ട് നൽകിയവരോട് തുക കുറച്ച് നൽകാനാണ് ദേവസവം ബോർഡ് ആവശ്യപ്പെടുന്നത്. സംഗമത്തിന് സഹകരിച്ച പലരുമായും തുക കുറയ്ക്കാനുള്ള ആശയവിനിമയം തുടരുകയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.
ചെലവ് തുക കുറയ്ക്കണമെന്ന ദേവസ്വം ബോർഡിൻ്റെ കടുംപിടുത്തത്തിൽ ചർച്ചയ്ക്ക് ട്രിപ്പിൾ ഐസി സന്നദ്ധമായിട്ടുണ്ട്. ധാരണാപത്രത്തിന് വിരുദ്ധമായി ഏകപക്ഷീയമായി ചെലവ് വെട്ടിച്ചുരുക്കിയ ബോർഡിൻ്റെ നടപടിയിൽ കമ്പനിക്ക് വേണമെങ്കിൽ നിയമപരിഹാരം സാധ്യമാണ്. എന്നാൽ അത്തരമൊരു നീക്കത്തിന് കമ്പനി മുതിരില്ലെന്നാണ് താൻ കരുതുന്നതെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്.
കണക്കെന്ന് പറഞ്ഞ് എന്തെങ്കിലും കോടതിയിൽ നൽകാനാവില്ല
അയ്യപ്പസംഗമത്തിൻ്റെ കണക്കെന്ന് പറഞ്ഞ് എന്തെങ്കിലും കോടതിയിൽ എഴുതി നൽകിയിട്ട് കാര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ ഇ ടിവി ഭാരതിനോട് പറഞ്ഞു. ഓഡിറ്റിങ് പൂർത്തിയാകാൻ ഇനിയും സമയമെടുക്കും. ഓഡിറ്റിങ്ങിനായി രണ്ടാഴ്ച കൂടി നീട്ടി നൽകാൻ ഹൈക്കോടതിയിൽ ആവശ്യപ്പെടും. ട്രിപ്പിൾ ഐസിക്ക് അതൃപ്തിയുണ്ടാവാം. എന്നാൽ ഓഡിറ്റിങ് കഴിയാതെ അന്തിമ തീരുമാനം പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ചെലവ് 4.99 കോടി രൂപയിൽ നിജപ്പെടുത്തിയിരിക്കുകയാണ്. ആ തീരുമാനത്തിൽ മാറ്റം വേണമോയെന്ന് ഇപ്പോൾ പറയാനാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR