Enter your Email Address to subscribe to our newsletters

Kasaragod, 24 ഫെബ്രുവരി (H.S.)
എന്ഡോസള്ഫാന് ദുരിത ബാധിതർ അടക്കമുള്ള ഭിന്നശേഷിക്കാര്ക്ക് ആശ്രയമാകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമായ ഐഐപിഡിയുടെ ആദ്യഘട്ടം പൂർത്തിയാകുന്നു. ഏര്ലി ഇൻ്റര്വെന്ഷന് സെൻ്റര്, തെറാപ്പി യൂണിറ്റുകള്, കലാപരിശീലന സമുച്ഛയം, ഓഫിസ് സംവിധാനങ്ങള് എന്നിവയാണ് ആദ്യഘട്ടത്തില് പ്രവര്ത്തന സജ്ജമാകുന്നത്.
കഴിഞ്ഞ വര്ഷം ഫെബ്രുവരി 23നാണ് മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി പ്രകാശനം നടത്തിയത്. തുടര്ന്ന് ഊരാളുങ്കല് സൊസൈറ്റിയുടെ മേല്നോട്ടത്തില് നിര്മാണ പ്രവര്ത്തനങ്ങള് നടന്നുവരികയാണ്. ഭിന്നശേഷി സൗഹൃദമായ നിര്മാണ പ്രവര്ത്തനങ്ങളാണ് നടത്തുന്നത്. തിരുവനന്തപുരം ഡിഫറൻ്റ് ആര്ട് സെൻ്ററിൻ്റെ മാതൃകയെ ആസ്പദമാക്കി വിപുലീകരിച്ച സംവിധാനങ്ങളാണ് കാഞ്ഞങ്ങാട് മടിക്കൈയില് 22 ഏക്കര് സ്ഥലത്ത് ഒരുങ്ങുന്നത്.
അന്തര്ദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങള്, അത്യാധുനിക തെറാപ്പി സൗകര്യങ്ങള്, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്, തൊഴില് പരിശീലന കേന്ദ്രങ്ങള്, മെഡിക്കല് സൗകര്യങ്ങള്, ട്രെയിനിങ് സെൻ്ററുകള് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടാവുക. ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങള് ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാകുന്നതെന്ന് ഇവർ അവകാശപ്പെടുന്നു.
ഭിന്നശേഷിക്കാരുടെ കേന്ദ്രം
തിരുവനന്തപുരം ഡിഫറൻ്റ് ആര്ട് സെൻ്ററിൻ്റെ നേതൃത്വത്തിലാണ് ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി ഇൻ്റര്നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് പീപ്പിള് വിത്ത് ഡിസെബിലിറ്റീസ് (ഐഐപിഡി) സംരംഭം ആരംഭിക്കുന്നത്. ആദ്യഘട്ടം ജൂണില് പൂര്ത്തിയാകുമെന്ന് ഐഐപി.ഡിയുടെ മുഖ്യസൂത്രധാരനും ഡിഫറൻ്റ് ആര്ട് സെൻ്റർ എക്സ്ക്യൂട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട് പറഞ്ഞു.
120 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. 2029ഓടുകൂടി പദ്ധതി പൂര്ണമായും പ്രവര്ത്തന സജ്ജമാകും. ഇതോടെ പ്രതിവര്ഷം 1000 ഭിന്നശേഷിക്കാര്ക്ക് വിവിധ മേഖലകളില് പരിശീലനം നല്കുവാന് കഴിയും. തിരുവനന്തപുരത്തെ ഡിഫറൻ്റ് ആര്ട് സെൻ്റർ മോഡലിൻ്റെ പ്രാധാന്യം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ഈ രംഗത്തെ പ്രമുഖരും വിദഗ്ധരും അഭിപ്രായപ്പെടുന്നു.
ഇത്തരം സാഹചര്യങ്ങള് കൂടി പരിഗണിച്ചാണ് വിപുലമായ ക്രമീകരണങ്ങളോടെ കാസർകോട് ജില്ലയില് പദ്ധതി ആരംഭിക്കുന്നതെന്ന് പദ്ധതി വിശദീകരണ യോഗത്തിൽ മുതുകാട് പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ട ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനും അവർക്കും സമൂഹത്തിൽ തുല്യമായ ഒരിടം ഉറപ്പുവരുത്തുന്നതിനുമായാണ് പദ്ധതി ഒരുക്കുന്നത്.
ഇത്തരമൊരു വലിയ പദ്ധതിക്ക് സമൂഹത്തിൻ്റെ നാനാതുറയിൽ നിന്നും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും ഗോപിനാഥ് മുതുകാട് അഭ്യർഥിച്ചു. യോഗത്തിൽ ഐഐപിഡി ഡയറക്ടർ മിനു.കെ, ഡിഎസി ഇൻ്റർവെഷൻ ഡയറക്ടർ ഡോ.അനിൽകുമാർ നായർ, സിഎഫ്ഒ അശ്വതി നിഷാന്ത്, പോൾ കറുകപ്പള്ളിൽ, പ്രശാന്തൻ തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR