പതിനാറാം കേരള നിയമസഭയ്ക്ക് തിരശീല
Thiruvananthapuram, 24 ഫെബ്രുവരി (H.S.) പതിനാറാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് തിരശീല വീഴുമ്പോൾ പത്ത് വർഷം കേരളം ഭരിച്ച പിണറായി സർക്കാരിന്റെ പടിയിറക്കം കൂടിയാണ് നടക്കുന്നത്. തുടർഭരണം സർക്കാരിനെ ആലസ്യത്തിലാക്കിയെന്ന വാദം പ്രതിപക്ഷം ഉയർത്തുമ്പ
Kerala Assembly


Thiruvananthapuram, 24 ഫെബ്രുവരി (H.S.)

പതിനാറാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് തിരശീല വീഴുമ്പോൾ പത്ത് വർഷം കേരളം ഭരിച്ച പിണറായി സർക്കാരിന്റെ പടിയിറക്കം കൂടിയാണ് നടക്കുന്നത്. തുടർഭരണം സർക്കാരിനെ ആലസ്യത്തിലാക്കിയെന്ന വാദം പ്രതിപക്ഷം ഉയർത്തുമ്പോഴും, വർഷത്തിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ സമ്മേളിക്കുന്ന നിയമസഭ എന്ന നിലയിൽ രാജ്യത്തെ ഇതര നിയമസഭകൾക്ക് മാതൃകയാണ് കേരള നിയമസഭ.

2021 മെയ് 24-നാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ നിയമസഭാ സമ്മേളനം നടന്നത്. മുൻ സഭയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നുവെങ്കിൽ, കോൺഗ്രസിലെ തലമുറമാറ്റത്തിലൂടെ പ്രതിപക്ഷ നേതൃപദവിയിലേക്ക് എത്തിയ വി.ഡി. സതീശനായിരുന്നു സർക്കാരിനെ അകംപുറം പരിശോധനയ്ക്ക് വിധേയമാക്കി പ്രതിപക്ഷനേതാവിന്റെ റോൾ നിർവഹിച്ചത്.

16 സമ്മേളനങ്ങളിലായി ആകെ 204 ദിവസമാണ് സഭ സമ്മേളിച്ചത്. സമ്മേളന കാലയളവിൽ നിയമനിർമ്മാണത്തിന്റെ ഭാഗമായി 168 ബില്ലുകൾ പാസാക്കാനായി. പ്രതിപക്ഷം ഒട്ടേറെ അടിയന്തര പ്രമേയങ്ങൾക്ക് അവതരണാനുമതി തേടിയതിൽ 18 എണ്ണത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായി എന്നത് ഒരു പ്രത്യേകതയായി കണക്കാക്കപ്പെടുന്നു. ഒന്ന് മുതൽ പതിനാറ് വരെയുള്ള സമ്മേളനങ്ങളിലായി ആകെ 1192 മണിക്കൂർ 23 മിനിറ്റാണ് സഭ സമ്മേളിച്ചത്.

നിയമനിർമ്മാണത്തിനായി 270 മണിക്കൂർ 39 മിനിറ്റും ധനകാര്യത്തിനായി 279 മണിക്കൂർ 55 മിനിറ്റും ചെലവഴിച്ചു. നയപ്രഖ്യാപനത്തിനും നന്ദിപ്രമേയ ചർച്ചയ്ക്കുമായി 64 മണിക്കൂർ 58 മിനിറ്റും ചോദ്യോത്തരവേളയ്ക്കായി 162 മണിക്കൂർ 36 മിനിറ്റും ശ്രദ്ധക്ഷണിക്കൽ നോട്ടീസുകൾക്കായി 53 മണിക്കൂർ 23 മിനിറ്റും സബ്മിഷനുകൾക്കായി 117 മണിക്കൂർ 18 മിനിറ്റും ചെലവിട്ടു. റൂൾ 50 അനുസരിച്ചുള്ള ഉപക്ഷേപത്തിന്മേൽ അവതരണാനുമതിക്കായി 107 മണിക്കൂർ 51 മിനിറ്റും സഭ നിർത്തിവെക്കണമെന്ന ഉപക്ഷേപത്തിന്മേലുള്ള ചർച്ചയ്ക്കായി 51 മണിക്കൂർ 11 മിനിറ്റും വിനിയോഗിച്ചു. എന്നാൽ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായി 12 വെള്ളിയാഴ്ചകളിലായി 14 മണിക്കൂർ 11 മിനിറ്റ് മാത്രമാണ് ചെലവഴിക്കാനായത്.

ഈ സഭാ കാലയളവിൽ രണ്ട് ഗവർണർമാരാണ് സഭയിൽ നയപ്രഖ്യാപനം നടത്തിയത്. ആരിഫ് മുഹമ്മദ് ഖാൻ നാലു തവണയും ഇപ്പോഴത്തെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രണ്ടുതവണയുമാണ് നയപ്രഖ്യാപനത്തിനായി സഭയിലെത്തിയത്. ഇതിൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗം ആരിഫ് മുഹമ്മദ് ഖാനാണ് നിയമസഭയിൽ നടത്തിയത്.

പ്രഖ്യാപനത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഖണ്ഡിക മാത്രം വായിച്ച് നയപ്രഖ്യാപന പ്രസംഗം ഒന്നര മിനിറ്റിൽ അവസാനിപ്പിച്ചതോടെയാണ് ഇത്തരമൊരു ചരിത്രം പിറന്നത്. നിയമസഭയുടെ അവസാന സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വരുത്തിയ ചില ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലുകളും മുഖ്യമന്ത്രിയും സഭയും അംഗീകരിച്ചില്ല. അതൊഴിവാക്കി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ആധികാരികമായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയും സ്പീക്കറുടെ അനുമതിയോടെ സഭ അത് അംഗീകരിക്കുകയും ചെയ്തു. തന്റെ നയപ്രഖ്യാപന പ്രസംഗം അതേ രൂപത്തിൽ മാത്രമേ സഭാരേഖകളിൽ ഉണ്ടാകാൻ പാടുള്ളൂ എന്നാവശ്യപ്പെട്ട് ഗവർണർ സഭയ്ക്ക് നൽകിയ സന്ദേശം ഐകകണ്ഠേന നിരാകരിച്ചതും ഈ സഭാ കാലയളവിലെ ചരിത്രത്തിന്റെ ഭാഗമായി.

ഉന്നയിക്കപ്പെട്ടത് 67,832 ചോദ്യങ്ങൾ; മറുപടി ലഭിക്കാനുള്ളത് 2992 ചോദ്യങ്ങൾക്ക്

സഭാ കാലയളവിൽ ഭരണ-പ്രതിപക്ഷ ബെഞ്ചുകളിൽ നിന്നായി ആകെ 67,832 ചോദ്യങ്ങളാണ് ഉയർന്നത്. നക്ഷത്രചിഹ്നമിട്ട 5160 ചോദ്യങ്ങളും നക്ഷത്രചിഹ്നമിടാത്ത 62,882 ചോദ്യങ്ങളും അതോടൊപ്പം അനുവദിച്ച 4 അടിയന്തര ചോദ്യങ്ങളും ഉൾപ്പെടെയാണിത്. എന്നാൽ നക്ഷത്രചിഹ്നമിടാത്ത 2992 ചോദ്യങ്ങൾക്ക് ഇനിയും മറുപടി ലഭിച്ചിട്ടില്ല. ചോദ്യോത്തര വേളകളിൽ 672 ചോദ്യങ്ങൾ സഭാതലത്തിൽ പരിഗണിക്കപ്പെട്ടപ്പോൾ 5126 ഉപചോദ്യങ്ങൾ ഉന്നയിക്കുവാനും അംഗങ്ങൾക്ക് അവസരം ലഭിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News