കോഴിക്കോട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് നാല് തൊഴിലാളികൾ മരിച്ചതിന് പിന്നാലെ നോട്ടീസ് പതിച്ച് കോർപ്പറേഷൻ അധികൃതർ.
Kozhikode, 24 ഫെബ്രുവരി (H.S.) വലിയങ്ങാടിയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് നാല് തൊഴിലാളികൾ മരിച്ചതിന് പിന്നാലെ നോട്ടീസ് പതിച്ച് കോർപ്പറേഷൻ അധികൃതർ. കെട്ടിടം അപകടാവസ്ഥയിലാണെന്നും ഭീഷണി നേരിടുന്നതുകൊണ്ട് കെട്ടിടം
Kozhikode Corporation


Kozhikode, 24 ഫെബ്രുവരി (H.S.)

വലിയങ്ങാടിയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് നാല് തൊഴിലാളികൾ മരിച്ചതിന് പിന്നാലെ നോട്ടീസ് പതിച്ച് കോർപ്പറേഷൻ അധികൃതർ. കെട്ടിടം അപകടാവസ്ഥയിലാണെന്നും ഭീഷണി നേരിടുന്നതുകൊണ്ട് കെട്ടിടം ഒഴിഞ്ഞു പോകണമെന്നുമാണ് നോട്ടീസിന്റെ രത്നചുരുക്കം. ദുരന്തത്തിന് ശേഷം കോർപ്പറേഷൻ സ്വീകരിച്ച നടപടികളിൽ പരക്കെ പ്രതിഷേധങ്ങൾ ഉയരുകയാണ്. കെട്ടിടം ഒഴിയാൻ വ്യാപാരികൾക്ക് നോട്ടീസ് നൽകിയിരുന്നതായി കോർപ്പറേഷൻ അധികൃതർ അവകാശപ്പെടുമ്പോൾ, തങ്ങൾക്ക് അത്തരത്തിൽ യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു. അപകടത്തിന് പിന്നാലെ മേയർ സ്ഥലം സന്ദർശിക്കുകയും കെട്ടിടം പൂർണ്ണമായും സീൽ ചെയ്യാനും ആരെയും പ്രവേശിപ്പിക്കാതിരിക്കാനും നിർദ്ദേശം നൽകുകയുമായിരുന്നു.

1977-ൽ നിർമ്മിച്ച ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ട് 2024-ൽ തന്നെ പൊളിച്ചുനീക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം നടപ്പിലാക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഒന്നര വർഷം മുൻപ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശത്തെ തുടർന്ന് ഈ കെട്ടിടം പൊളിച്ചു നീക്കാൻ ജില്ലാ കലക്ടർ കോർപറേഷൻ സെക്രട്ടറിക്ക് ഉത്തരവു നൽകിയതാണ്. എന്നാൽ കോർപറേഷൻ ഈ കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടി എടുത്തിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച് രേഖാമൂലം നിർദേശം ലഭിച്ചിരുന്നില്ലെന്ന് കെട്ടിടത്തിൽ നിലവിൽ തുടരുന്നവർ പറയുന്നു.

കഴിഞ്ഞ വർഷം പുതിയ കെട്ടിടം പണിയാനുള്ള ഡിപിആർ തയാറാക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ കടയുടമകളിൽ നിന്ന് വാടക വാങ്ങുന്നുമുണ്ട്. അതേസമയം ചില കടയുടമകൾ കെട്ടിടം പൊളിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചതായി വലിയങ്ങാടിയിലെ തൊഴിലാളികൾ അപകടത്തിന് പിന്നാലെ ആരോപിച്ചിരുന്നു. ഒറ്റക്കെട്ടായ ഒരു ഉറച്ച തീരുമാനത്തിലേക്ക് എത്താൻ കഴിഞ്ഞ കോർപ്പറേഷൻ ഭരണകാലത്ത് കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.

കാലപ്പഴക്കത്തെ തുടർന്ന് കോർപറേഷൻ ഉടമസ്ഥതയിലുള്ള പതിനാറ് കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് 2022-ൽ തന്നെ കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. രണ്ടാംഗേറ്റിനു സമീപത്തെ ത്രിവേണി കെട്ടിടം, മെഡിക്കൽ കോളജ് ജംക്ഷനിലെ വേണാട് കെട്ടിടം, വലിയങ്ങാടിയിലെ കെട്ടിടം, ന്യൂ ബസാറിലെ കോർപറേഷൻ കെട്ടിടം, കാരപ്പറമ്പിലെ കോർപറേഷൻ കെട്ടിടം, അരീക്കാട്ടെ കോർപ്പറേഷൻ കെട്ടിടം തുടങ്ങിയ പത്തോളം കെട്ടിടങ്ങൾ പൊളിച്ചുനീക്കണം എന്ന് ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ട് നൽകിയതുമാണ്.

2022-ൽ റിപ്പോർട്ട് നൽകി എന്നത് വസ്തുതയാണെന്ന് കോഴിക്കോട് മേയർ ഒ. സദാശിവൻ പറഞ്ഞു. 16 കെട്ടിടങ്ങളാണ് ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ അപകടം സംഭവിച്ച കെട്ടിടവും പൊളിച്ചു പണിയാൻ തീരുമാനിച്ചതാണ്. എന്നാൽ കെട്ടിടത്തിൽ തുടരാൻ ലൈസൻസ് ഉള്ളവരെ ഇറക്കിവിടാൻ സാധിച്ചിരുന്നില്ല. പൊളിച്ചു പണിയണം എന്ന റിപ്പോർട്ട് കിട്ടിയ ഉടൻ തന്നെ കച്ചവടക്കാരെ ഒഴിപ്പിക്കാൻ സാധിക്കില്ല. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം നൽകുമെന്നും മേയർ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News