ഒളവണ്ണ പാലക്കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി വേലക്ക് തുടക്കം
Kozhikode, 24 ഫെബ്രുവരി (H.S.) ഓട്ടുകിണ്ണത്തിൽ നിറച്ചും പച്ചമഞ്ഞൾ, അതിന് ഒത്ത നടുവിൽ നാളികേര മുറിയിൽ നിറഞ്ഞു കത്തി അരിതിരി. അതിൻ്റെ സ്വർണപ്രഭയിൽ കേരളീയ വസ്ത്രമണിഞ്ഞ രണ്ടായിരത്തിലേറെ സ്ത്രീകൾ. ആഹാ എന്തൊരു ചേല്! പറഞ്ഞ് വരുന്നത് മലബാറിലെ തന്നെ ഏറ്റവു
BIGGEST THALAPPOLI IN MALABAR


Kozhikode, 24 ഫെബ്രുവരി (H.S.)

ഓട്ടുകിണ്ണത്തിൽ നിറച്ചും പച്ചമഞ്ഞൾ, അതിന് ഒത്ത നടുവിൽ നാളികേര മുറിയിൽ നിറഞ്ഞു കത്തി അരിതിരി. അതിൻ്റെ സ്വർണപ്രഭയിൽ കേരളീയ വസ്ത്രമണിഞ്ഞ രണ്ടായിരത്തിലേറെ സ്ത്രീകൾ. ആഹാ എന്തൊരു ചേല്! പറഞ്ഞ് വരുന്നത് മലബാറിലെ തന്നെ ഏറ്റവും വലിയ താലപ്പൊലിയെ കുറിച്ച്..

ഒളവണ്ണ പാലക്കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി വേലക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കുംഭ ഭരണിയിൽ തുടങ്ങി മീന ഭരണിയിൽ നടക്കുന്ന വേലയോടെ സമാപിക്കുന്ന പാലക്കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഏറ്റവും കൂടുതൽ മുതിർന്ന സ്ത്രീകൾ പങ്കെടുക്കുന്ന താലപ്പൊലി നടന്നത്. കുന്നത്ത് പാലത്തെ പള്ളിയറയിൽ നിന്നാണ് താലപ്പൊലിക്ക് തുടക്കം കുറിച്ചത്.

താലമെടുക്കുന്നത് ഓട്ടുകിണ്ണത്തിൽ

ഓട്ടുകിണ്ണത്തിലാണ് താലം എടുക്കുന്നത്. താലപ്പൊലിയുടെ പൂജ ദ്രവ്യങ്ങൾ എന്ന് പറയുന്നത് നാളികേര മുറി, പച്ചമഞ്ഞൾ. അരിതിരിയാണ്. ഉണങ്ങലരിയുടെ തിരിയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം വഴിപാടി കിട്ടിയ കൊടിയുടെ തുണിയാണ് തിരിയാക്കാൻ ഉപയോഗിക്കുന്നതെന്ന് ക്ഷേത്രം കോയ്മ ബാലൻ കുട്ടി പറയുന്നു. നാളികേരം ചില അവകാശികൾക്കുള്ളതാണ്. എന്നാൽ മഞ്ഞൾ ആകട്ടെ ഉണക്കി പൊടിക്കുകയും ക്ഷേത്രത്തിലെ വലിയ കുരുതി എന്ന പ്രധാന ചടങ്ങിന് ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആഘോഷങ്ങൾക്ക് മുന്നോടിയായി പന്ത്രണ്ട് ദേശങ്ങളിൽ നിന്നുള്ള ആഘോഷ വരവുകളും ഉണ്ടാകും. പാലക്കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്ക് മാറ്റുകൂട്ടി നാസിക് ഡോളും, നൃത്തവും ഭീമൻ പാവകളും എല്ലാം കാണും. പാണ്ടിമേളത്തിൻ്റെ അകമ്പടിയോടെയാണ് താലപ്പൊലി പാലക്കുറുമ്പ ഭഗവതി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. ക്ഷേത്രത്തിൻ്റെ ആൽതറ ചുറ്റി പ്രധാന ശ്രീകോവിൽ ഒരു തവണ വലം വെച്ച് കൈകളിലെ ഓട്ടുകിണ്ണത്തിലെ നാളികേര മുറിയിൽ എരിഞ്ഞു കത്തുന്ന അരി തിരികളും മഞ്ഞളും ദേവിക്കു മുമ്പിൽ സമർപ്പിക്കുന്നതോടെ താലപ്പൊലിക്ക് സമാപനമാകും.

എത്തിയത് ആയിരങ്ങൾ

ഓരോ വർഷവും ഭക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. ഭക്തജനങ്ങളുടെ ആവശ്യത്തിനായി എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജയരാജൻ പറയുന്നു. ആയിരക്കണക്കിന് ഭക്തരാണ് പാലക്കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളിൽ പങ്കാളികളാകാൻ ക്ഷേത്ര പരിസരത്ത് എത്തിച്ചേർന്നത്. മലബാർ ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ ഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഉത്സവത്തിൻ്റെ പ്രധാന ചടങ്ങായ താലപ്പൊലി സമാപിച്ചതോടെ ഇനി മീന ഭരണി നാൾ വരെ ക്ഷേത്രത്തിൽ വിവിധ ഉത്സവ ചടങ്ങുകൾ നടക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News