പാലക്കാട് ഐഐടിയില് പെണ്കുട്ടിക്ക് നേരെ ആക്രമണം; അന്വേഷണം ഊര്ജ്ജിതമാക്കി പൊലീസ്
Palakkad, 24 ഫെബ്രുവരി (H.S.) കഞ്ചിക്കോട് ഐഐടി കാമ്പസിനുള്ളിൽ തമിഴ്നാട് സേലം സ്വദേശിയായ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അജ്ഞാതനായ ഒരാൾ പിന്നിൽ നിന്നെത്തി വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിക്കുകയ
Student attacked in Palakkad IIT


Palakkad, 24 ഫെബ്രുവരി (H.S.)

കഞ്ചിക്കോട് ഐഐടി കാമ്പസിനുള്ളിൽ തമിഴ്നാട് സേലം സ്വദേശിയായ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അജ്ഞാതനായ ഒരാൾ പിന്നിൽ നിന്നെത്തി വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് വിവരം. കാമ്പസിലും പരിസര പ്രദേശങ്ങളിലുമുള്ള സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അജിത്കുമാർ പറഞ്ഞു.

അക്രമി കാമ്പസിന് പുറത്തു നിന്നുള്ളയാളാണോ എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ കാമ്പസിന് സമീപം താമസിക്കുന്നുണ്ട്. അന്വേഷണം അവർക്കിടയിലും വ്യാപിപ്പിക്കും. തലയ്ക്ക് പരുക്കേറ്റതിനെത്തുടർന്ന് കോയമ്പത്തൂരിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിനിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കണം. കാമ്പസിൽ സമാനമായി നടക്കുന്ന മൂന്നാമത്തെ സംഭവമായതിനാൽ ഗൗരവമായ അന്വേഷണമാണ് നടക്കുന്നതെന്നും അജിത്കുമാർ പറഞ്ഞു.

കഞ്ചിക്കോടുള്ള ഐഐടി കാമ്പസിനുള്ളിൽ തമിഴ്നാട്ടിലെ സേലം സ്വദേശിനിയായ നാലാം വർഷ ബിരുദ വിദ്യാർത്ഥിനി തിങ്കളാഴ്ച (ഫെബ്രുവരി 23) രാത്രി 8:30 ഓടെ വിദ്യാർത്ഥിനി ഹോസ്റ്റലിൽ നിന്ന് ഡൈനിംഗ് ഹാളിലേക്ക് നടന്നു പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.

തലയ്ക്കും നെറ്റിക്കും പരിക്കേറ്റ പെൺകുട്ടിയെ ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യ നില ഇപ്പോള് തൃപ്തികരമാണെന്ന് ഐഐടി അധികൃതര് അറിയിച്ചു. അക്രമിയെ തിരിച്ചറിയാന് പെണ്കുട്ടിക്ക് സാധിച്ചിട്ടില്ല.

ക്യാമ്പസിനുള്ളിലെ സുരക്ഷാവീഴ്ചയിൽ പ്രതിഷേധിച്ച് ഏകദേശം ഇരുനൂറോളം വിദ്യാർത്ഥികൾ രാത്രി തന്നെ ക്യാമ്പസ് കവാടത്തിൽ പ്രതിഷേധിച്ചു. പാലക്കാട് കസബ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. എസ്പി അജിത് കുമാറിനാണ് അന്വേഷണച്ചുമതല.

കാമ്പസില് ഇത്തരത്തിലിത് മൂന്നാമത്തെ സംഭവമാണെന്ന് വിദ്യാര്ത്ഥികള് ആരോപിക്കുന്നു. ഇത്തരം വിഷയങ്ങള് അധികൃതര് ഗൗരവത്തോടെ എടുക്കുന്നില്ലെന്നും കുട്ടികള് ചൂണ്ടിക്കാട്ടുന്നു. അക്രമി കാമ്പസിന് പുറത്ത് നിന്നുള്ള ആളാണോയെന്ന് വ്യക്തമായിട്ടില്ല. അങ്ങനെ ആണെങ്കില് അയാള് എങ്ങനെ കാമ്പസില് കടന്ന് കയറി എന്നതും അന്വേഷിക്കും.

അതേസമയം സംഭവം നടന്ന് മണിക്കൂറുകള് കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് വിദ്യാര്ത്ഥികള് ആരോപിക്കുന്നു. തങ്ങള് പ്രതിഷേധം ആരംഭിക്കും വരെ എഫ്ഐആര് രജിസ്റ്റര് ചെയ്യാന് പോലും അവര് തയാറായില്ലെന്നും കുട്ടികള് പറയുന്നു.

രാജ്യത്തെ പ്രമുഖമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില് ഇത്തരത്തില് തുടര്ച്ചയായി സുരക്ഷാ വീഴ്ച ഉണ്ടാകുന്നത് ആശങ്കകരമാണെന്നും വിദ്യാര്ത്ഥികള് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News