Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 ഫെബ്രുവരി (H.S.)
കോണ്‍ഗ്രസിവലെ മറ്റൊരു വനിതാ നേതാവ് കൂടി ബിജെപിയിലേക്ക്. കോണ്‍ഗ്രസിന്റെ പറവൂര്‍ നഗരസഭാ മുന്‍ ചെയര്‍പേഴ്സണും എഐസിസി അംഗവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന വത്സല പ്രസന്നകുമാറാണ് ബിജെപി പാളയത്തില്‍ എത്തിയത്. ബിജെപി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വത്സല പ്രസന്നകുമാറിനെ ഷാളിട്ട് സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും സ്ത്രീ ശാക്തീകരണ നിലപാടുകളുമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് വത്സല പ്രസന്നകുമാര്‍ പറഞ്ഞു. ചടങ്ങില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്, എന്‍ഡിഎ വൈസ് ചെയര്‍മാന്‍ എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. കൊച്ചിയില്‍ ബിജെപിക്ക് ഏറെ നേട്ടത്തിന് കാരണമായേക്കാവുന്ന രാഷ്ട്രീയ നീക്കമാണ് നടന്നിരിക്കുന്നത്.
പറവൂരില്‍ ബെജിപി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ നേതാവിനെതിരെ പ്രസന്ന മത്സരിക്കും എന്നാണ് സൂചന. സീറ്റ് തന്നാല്‍ പറവൂരില്‍ വി.ഡി സതീശനെതിരെ മത്സരിക്കും. താന്‍ നല്ല ദൈവ വിശ്വാസിയാണ്, അതുകൊണ്ട് തന്നെ വിജയപ്രതീക്ഷയുണ്ടെന്നും വത്സലപ്രതികരിച്ചു. 2010-ല്‍ തന്നെ പാര്‍ട്ടി നിര്‍ബന്ധിച്ചാണ് പറവൂര്‍ നഗരസഭയിലെ പള്ളംതുരുത്ത് വാര്‍ഡില്‍ നിന്ന് മത്സരിപ്പിച്ചത്. നല്ല ഭൂരിപക്ഷവുമുണ്ടായിരുന്നു ചെയര്‍പേഴ്സണുമായി. 2015-ല്‍ മണ്ഡലം ജനറല്‍ വിഭാഗത്തിലേക്ക് മാറിയപ്പോഴും തന്നെ മത്സരിപ്പിച്ചു. ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കുമെന്നും പറഞ്ഞിരുന്നു. പക്ഷെ ചിലര്‍ മനപ്പൂര്‍വം തോല്‍പ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരുടെ ലക്ഷ്യം വിഫലമായെന്നും നാല് വോട്ടിന് ജയിക്കുകയാണുണ്ടായതെന്നും വത്സല പറഞ്ഞു. ഇതിന് ശേഷം ചെയര്‍പേഴ്സണ്‍ സ്ഥാനം വി.ഡി സതീശന്‍ തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കി. ഈ ചതി മനസ്സിലാക്കിയതോടെ പിന്നീട് പൊതുരംഗത്ത് നിന്ന് മാറി നില്‍കുകയാണ് ചെയ്തതെന്നും വത്സല പ്രസന്നകുമാര്‍ പറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷമായി കോണ്‍ഗ്രസിന്റെ ഒരു പാര്‍ട്ടി പരിപാടിക്കും പങ്കെടുക്കാറില്ല. തന്നെ നേതാക്കള്‍ വീട്ടില്‍ വന്നാണ് ബിജെപിയിലേക്ക് ക്ഷണിച്ചത്. ആ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും വത്സല പ്രസന്നകുമാര്‍ പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നതോടെ ഇത്രയും കാലം തനിക്ക് ലഭിക്കാത്ത ഊര്‍ജം ലഭിച്ചെന്നും ഇനി പൊതുരംഗത്ത് സജീവമാകുമെന്നും അവര്‍ പറഞ്ഞു.
മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന വത്സല എം.എ മലയാളം ബിരുദാനന്തര ബിരുദധാരിയായാണ്. കേസരി സ്മാരക കോളേജ് അധ്യാപികയായിരുന്നു. പറവൂര്‍ എന്‍എസ്എസ് കരയോഗം വനിതാ വിഭാഗം സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ആയിരുന്നു പറവൂരില്‍ മത്സരിച്ചിരുന്നത്. ഇത്തവണ ബിജെപിയില്‍ ചേര്‍ന്നതോടെ എന്‍എസ്എസിന്റെ കൂടെ പിന്തുണ ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കരയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നത്.
---------------
Hindusthan Samachar / Sreejith S