കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആറളം ഫാം സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിനി രഞ്ജിനിയുടെ തുടർപഠനം പ്രതിസന്ധിയിൽ
Kerala, 24 ഫെബ്രുവരി (H.S.) കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആറളം ഫാം സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിനി രഞ്ജിനിയുടെ തുടർപഠനം പ്രതിസന്ധിയിൽ. പ്ലസ്ടു പൊതുപരീക്ഷ ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, പരസഹായമില്ലാതെ
പ്ലസ്ടു വിദ്യാർത്ഥിനി രഞ്ജിനിയുടെ തുടർപഠനം പ്രതിസന്ധിയിൽ


Kerala, 24 ഫെബ്രുവരി (H.S.)

കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആറളം ഫാം സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിനി രഞ്ജിനിയുടെ തുടർപഠനം പ്രതിസന്ധിയിൽ. പ്ലസ്ടു പൊതുപരീക്ഷ ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഈ മിടുക്കി. ശസ്ത്രക്രിയയ്ക്ക് വനംവകുപ്പ് ധനസഹായം നൽകാത്തതും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം തുടർചികിത്സയും പരീക്ഷാ തയ്യാറെടുപ്പുകളും വഴിമുട്ടിയിരിക്കുകയാണ്.

ആക്രമണം നടന്നത് ഇങ്ങനെ:

കണ്ണൂർ ആറളം ഫാം ബ്ലോക്ക് 13-ലെ കെ.കെ. രതീഷ്-ശാന്തിനി ദമ്പതികളുടെ മകളായ രഞ്ജിനിക്ക് കഴിഞ്ഞ വർഷം ജനുവരി 7-നാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ബന്ധുക്കൾക്കൊപ്പം ഓടന്തോട് പുഴയോരത്ത് കുളിക്കാൻ പോയപ്പോഴായിരുന്നു സംഭവം. പെട്ടെന്നുണ്ടായ ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ രഞ്ജിനി പുഴയിലേക്ക് ചാടിയെങ്കിലും, ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള ശക്തമായ അടി പെൺകുട്ടിയുടെ തുടയിൽ ഏൽക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ആനയെ തുരത്തുകയും രഞ്ജിനിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ചികിത്സയും സാമ്പത്തിക പ്രതിസന്ധിയും:

ജില്ലാ ആശുപത്രിയിൽ അഞ്ച് ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷം രഞ്ജിനി വീട്ടിലെത്തിയെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ല. ആനയുടെ അടിയേറ്റ ഭാഗത്ത് രക്തം കട്ടപിടിച്ച് വലിയൊരു മുഴ രൂപപ്പെട്ടിട്ടുണ്ട്. ഇത് നീക്കം ചെയ്യാൻ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ ചികിത്സ നടത്താൻ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ലോട്ടറി വിൽപ്പനക്കാരനായ രതീഷിന്റെ തുച്ഛമായ വരുമാനത്തിൽ നിന്ന് മകളുടെ ശസ്ത്രക്രിയയ്ക്കാവശ്യമായ തുക കണ്ടെത്തുക അസാധ്യമാണ്.

വനംവകുപ്പിന്റെ അവഗണന:

വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് സർക്കാർ നൽകുന്ന ചികിത്സാസഹായം രഞ്ജിനിക്ക് ലഭ്യമായിട്ടില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. സഹായത്തിനായി അപേക്ഷയുമായി എത്തിയ രതീഷിനെ ഉദ്യോഗസ്ഥർ അവഗണിച്ചതായാണ് ആക്ഷേപം. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയതിനാൽ പ്രത്യേക നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന വിചിത്രമായ വാദമാണ് ചില ഉദ്യോഗസ്ഥർ ഉന്നയിച്ചത്. ആന ആക്രമിച്ചതല്ലെന്നും ആനയെ കണ്ട് ഓടുമ്പോൾ വീണ് പരിക്കേറ്റതാണെന്നും വരുത്തിത്തീർക്കാൻ അധികൃതർ ശ്രമിച്ചതായും രതീഷ് ആരോപിക്കുന്നു.

പരീക്ഷ എന്ന വലിയ സ്വപ്നം:

ആറളം ഫാം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയായ രഞ്ജിനി, തീവ്രമായ ശാരീരിക വേദനയ്ക്കിടയിലും പഠനം ഉപേക്ഷിക്കാൻ തയ്യാറല്ല. പ്ലസ് വൺ പരീക്ഷാ സമയത്തും സമാനമായ രീതിയിൽ വേദന സഹിച്ചാണ് രഞ്ജിനി പരീക്ഷയെഴുതിയത്. പ്ലസ്ടു ക്ലാസുകളിൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് സ്കൂളിൽ പോകാൻ കഴിഞ്ഞതെങ്കിലും, വീട്ടിലിരുന്ന് പഠിച്ച് പരീക്ഷ നേരിടാനാണ് രഞ്ജിനിയുടെ തീരുമാനം. പരീക്ഷാ കേന്ദ്രത്തിലേക്ക് പോകാൻ മറ്റൊരാളുടെ സഹായമില്ലാതെ കഴിയില്ലെന്നതും വാഹനസൗകര്യം കണ്ടെത്തണമെന്നതും ഈ കുടുംബത്തെ അലട്ടുന്ന വലിയ പ്രതിസന്ധിയാണ്.

കഠിനാധ്വാനത്തിലൂടെ മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഈ വിദ്യാർത്ഥിനിക്ക് അർഹമായ ചികിത്സാസഹായം ലഭ്യമാക്കാൻ സർക്കാരും വനംവകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരു വർഷമായി തുടരുന്ന ഈ പെൺകുട്ടിയുടെ കഷ്ടപ്പാടുകൾക്ക് പരിഹാരം കാണാൻ സുമനസ്സുകളുടെ സഹായവും പ്രതീക്ഷിക്കുന്നു.

---------------

Hindusthan Samachar / Roshith K


Latest News