നിയമസഭാംഗങ്ങൾക്കായി നിർമ്മിച്ച പമ്പ ബ്ലോക്കിലെ അത്യാധുനിക ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Thiruvanathapuram, 24 ഫെബ്രുവരി (H.S.) നിയമസഭാ സാമാജികർക്കായി ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച പുതിയ പമ്പ ബ്ലോക്ക് ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 1971ൽ നിർമ്മിച്ച പഴയ കെട്ടിടത്തിന്റെ പരിമിതികളും അസൗകര്യങ്ങളും കാലപ്
mla


Thiruvanathapuram, 24 ഫെബ്രുവരി (H.S.)

നിയമസഭാ സാമാജികർക്കായി ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച പുതിയ പമ്പ ബ്ലോക്ക് ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 1971ൽ നിർമ്മിച്ച പഴയ കെട്ടിടത്തിന്റെ പരിമിതികളും അസൗകര്യങ്ങളും കാലപ്പഴക്കവും കണക്കിലെടുത്താണ് പുതിയ ബ്ലോക്ക് നിർമിക്കാൻ തീരുമാനിച്ചതെന്ന് നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെംബേഴ്‌സ് ലോഞ്ചിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് ഇപിസി (എൻജിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ) മോഡലിൽ നിർമ്മിക്കുന്ന ആദ്യത്തെ കെട്ടിടമാണിത്. 76.96 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ കെട്ടിടത്തിലെ 10 നിലകളിലായി നിയമസഭാ സാമാജികർക്ക് കുടുംബസമേതം താമസിക്കാൻ സൗകര്യപ്രദമായ 60 ഫ്ലാറ്റുകളാണുള്ളത്. ഓരോ ഫ്ലാറ്റും 1200 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ബെഡ്റൂമുകൾ, ലിവിങ് ഏരിയ, ഡൈനിങ് ഹാൾ, അടുക്കള എന്നിവയ്ക്ക് പുറമെ എം.എൽ.എമാർക്ക് സന്ദർശകരെ കാണുന്നതിനായി അകത്തുനിന്നും പുറത്തുനിന്നും പ്രവേശനമുള്ള പ്രത്യേക ഓഫീസ് മുറികളും ഗസ്റ്റ് സ്യൂട്ട് റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.

പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. സോളാർ സംവിധാനവും സെല്ലാറും മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യവും ഇവിടെയുണ്ട്. പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളെ കോർത്തിണക്കിക്കൊണ്ട് റബ്കോയാണ് ഫ്ലാറ്റുകളിലേക്കാവശ്യമായ ഫർണിച്ചറുകൾ നൽകിയിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. അടുത്ത നിയമസഭയിലെ അംഗങ്ങൾക്ക് ഈ ആധുനിക സൗകര്യങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടും. 2023ൽ ആരംഭിച്ച് അതിവേഗത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ഈ പദ്ധതി വരുംകാലത്ത് സഭാ സാമാജികർക്ക് മികച്ച സേവനമൊരുക്കാൻ സഹായകമാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമസഭാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ഡോ. എൻ. കൃഷ്ണ കുമാറിന് നിയമസഭയുടെ ഉപഹാരവും പമ്പ ബ്ലോക്കിന്റെ നിർമ്മാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കുള്ള ഉപഹാരവും മുഖ്യമന്ത്രി കൈമാറി. തുടർന്ന് നിയമസഭാ പ്രസിദ്ധീകരണങ്ങളായ 'കേരള നിയമസഭ നടപടിക്രമവും കീഴ് വഴക്കങ്ങളും (മൂന്നാം പതിപ്പ്)', 'കേരള നിയമസഭനിയമനിർമ്മാണത്തിന്റെ ഏഴു പതിറ്റാണ്ടുകൾ (1957-2026)', 'ഭരണഘടനാ നിർമ്മാണസഭ ചർച്ചകൾ മലയാള പരിഭാഷ വാല്യം 4, 5, 6 എന്നീ ഗ്രന്ഥങ്ങളുടെ പ്രകാശനവും നിയമസഭയുടെ പുതിയ ഡൈനാമിക്ക് വെബ്‌സൈറ്റിന്റേയും പുതിയ വെബ്കാസ്റ്റിംഗ് സോഫ്റ്റ്‌വെയറിന്റേയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായുള്ള മാധ്യമ അവാർഡുകകളും ബെസ്റ്റ് മെഗാ ഇവന്റ് അവാർഡുകളും 2024 ലെ ഭരണഭാഷാ സേവന സാഹിത്യ പുരസ്‌കാരങ്ങളും 2025-ലെ ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി റോഷി അഗസ്റ്റിനും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും വിതരണം ചെയ്തു.

നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ അദ്ധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ മന്ത്രി വി ശിവൻകുട്ടി, എം ബി രാജേഷ്, മുഹമ്മദ് റിയാസ്, വി അബ്ദുറഹിമാൻ , ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് എൻ ജയരാജ്, ഹൗസ് കമ്മിറ്റി ചെയർപേഴ്സൺ കോവൂർ കുഞ്ഞുമോൻ , നിയമസഭ സെക്രട്ടറി ഇൻ ചാർജ് ഷാജി സി ബേബി, പൊതുമരാമത്ത് ചീഫ് എൻജിനീയർ ദീപു എസ്, നിയമസഭാ സാമാജികർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News