Enter your Email Address to subscribe to our newsletters

New delhi, 24 ഫെബ്രുവരി (H.S.)
നവകേരള സര്‍വേയുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. പിണറായി വിജയന്‍ സര്‍ക്കാരിന് ഏറെ നിര്‍ണായകമായ നിലപാടാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. സര്‍വേ നടപടകള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജോയ് മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. സര്‍ക്കാര്‍ നടത്തുന്ന ക്ഷേമ പദ്ധതികളില്‍ ജനങ്ങളുടെ അഭിപ്രായം അറിയാന്‍ സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. സംസ്ഥാന സര്‍ക്കാരിന് അതിനുള്ള അവകാശമുണ്ട്. അത് തടയണം എന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് സര്‍വേ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് തടസ്സ ഹര്‍ജി ഫയല്‍ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. നവകേരള സര്‍വേ നടത്തുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രവര്‍ത്തകരെ ഉപയോഗിച്ചാണെന്നും സര്‍വേ സംബന്ധിച്ച പ്രഖ്യാപനം ആദ്യം നടത്തിയത് ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണെന്നും തടസ്സഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഏതെങ്കിലും ഒരു പ്രാദേശിക നേതാവ് നടത്തുന്ന പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിക്ക് തീരുമാനം എടുക്കാനാകുമോയെന്ന് സുപ്രീം കോടതി ചോദിച്ചു.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സര്‍വേയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്ന പണം സംബന്ധിച്ച കണക്ക് ആവശ്യമെങ്കില്‍ ഉചിതമായ സമയത്ത് പരിശോധിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷകരായ വിനീത ബി., മീന കെ. പൗലോസ് എന്നിവര്‍ ഹാജരായി. തടസ്സഹര്‍ജി ഫയല്‍ചെയ്ത കെ.എസ്.യു. സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍, കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ പഞ്ചായത്തംഗം മുബാസ് ഓണക്കാലി എന്നിവര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ നരേന്ദ്ര ഹൂഡ, അഭിഭാഷകന്‍ അല്‍ജോ കെ. ജോസഫ് എന്നിവര്‍ ഹാജരായി.
---------------
Hindusthan Samachar / Sreejith S