Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 ഫെബ്രുവരി (H.S.)
നിർഭയനിശ പദ്ധതിയിലൂടെ സ്ത്രീ സുരക്ഷയ്ക്കായി മാതൃകാപരമായ ചുവടുവയ്പ്പാണ് കേരള പോലീസ് നടപ്പിലാക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാത്രിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി കേരള പോലീസ് പുതുതായി ആവിഷ്കരിക്കുന്ന നിർഭയനിശ പദ്ധതിയുടെ ഉദ്‌ഘാടനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവെ ശാന്തിയും സമാധാനവമുള്ള നാടാണ് കേരളമെങ്കിലും സ്ത്രീ ശാക്തീകരണത്തിന്റെ മേഖലയിൽ നമുക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട് .. നിർഭയനിശ പദ്ധതിയിലൂടെ ഏതു അസമയത്തും തൊഴിലാവശ്യത്തിനും മറ്റുമായി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത ബോധം പ്രധാനം ചെയ്യുകയാണ് പോലീസ് ചെയ്യുന്നത്. ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുകയൂം ആവശ്യമായ പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്യും എന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാത്രി 09 മണി മുതൽ രാവിലെ 05 മണി വരെ പൊതുഗതാഗതങ്ങളിലൂടെയുള്ള സഞ്ചാര വേളയിൽ അടിയന്തര പോലീസ് സേവനങ്ങൾ ആവശ്യമുള്ള സ്ത്രീകൾക്ക് അവ ലഭ്യമാകുന്നതിനു എമർജൻസി റെസ്പോൺസ് ആൻഡ് സപ്പോർട്ട് സിസ്റ്റം (ഇ. ആർ. എസ്. എസ്), Pol App ലെ SOS ബട്ടൺ, 112- ഹെൽപ്പ് ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, കൺട്രോൾ റൂം വാഹനങ്ങൾ, ഹൈവേ പട്രോളുകൾ, പിങ്ക് പെട്രോൾ വാഹനങ്ങൾ തുടങ്ങിയവയുടെ ഏകോപിച്ചിട്ടുള്ള പ്രവർത്തനങ്ങൾ ഈ പദ്ധതി വിഭാവനം ചെയ്യുന്നു.
സ്ത്രീകളുടെ ആത്മവിശ്വാസവും പ്രവർത്തനസ്വാതന്ത്ര്യവും വളർത്തിയെടുക്കുവാനും പോലീസും പൊതുസമൂഹവുമായുള്ള മൈത്രി ബന്ധം ഊട്ടിയുറപ്പിക്കാനും പ്രസ്തുത പദ്ധതി സഹായകരമാകുന്നു. നിർഭയ നിശ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾ അധികമായി യാത്ര ചെയ്തുവരുന്ന തിരക്കുള്ള നഗരപ്രദേശങ്ങളിൽ എ ഐ ക്യാമറ വേധിതവും അപകട വേളകളിൽ സ്ത്രീകൾക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കുവാനായുള്ള അലാറം- പാനിക് ബട്ടൻ എന്നീ സൗകര്യമുള്ളതും തിരക്കുള്ള ഇടങ്ങളിൽ കുറ്റവാളികളെ തിരിച്ചറിയുന്നതിനായി ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം എന്നിവയോടു കൂടിയതുമായ നിർഭയ നിശ സേഫ്റ്റി പോളുകൾ സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.
സംസ്ഥന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ ഡി ജി പി മാരായ എസ്.ശ്രീജിത്ത്, ദിനേന്ദ്ര കശ്യപ്, എച് വെങ്കടേഷ്, ഐ.ജി ഗുഗുലോത് ലക്ഷ്മൺ , ഐ.ജി എസ്.അജിത ബീഗം, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.
---------------
Hindusthan Samachar / Sreejith S