Enter your Email Address to subscribe to our newsletters

Ernakulam, 25 ഫെബ്രുവരി (H.S.)
കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യത്തെ നിസ്സാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി. എയിംസിനായുള്ള സാധ്യതാ പഠനം സംബന്ധിച്ച മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് രണ്ടാഴ്ചത്തെ സമയം കൂടി അനുവദിച്ച കോടതി, വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് കർശന മുന്നറിയിപ്പും നൽകി.
സാധ്യതാ പഠനത്തിന്റെ കാര്യത്തിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാർ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരാകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ വ്യക്തമായ മറുപടി സമർപ്പിക്കണമെന്നാണ് കോടതി ഉത്തരവ്. അല്ലാത്തപക്ഷം ബന്ധപ്പെട്ട അതോറിറ്റി പ്രതിനിധി ഓൺലൈനായി കോടതിയിൽ ഹാജരാകേണ്ടി വരും. എയിംസ് എന്നത് കേരളത്തിൻ്റെ വലിയൊരു ആവശ്യമാണ്. ഇതിൽ അനിശ്ചിതത്വം തുടരാനാകില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി.
ഗ്രേറ്റർ പിറവം ഡെവലപ്മെൻ്റ് ഫോറം, എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ എന്നിവർ നൽകിയ പൊതുതാൽപ്പര്യ ഹർജികളാണ് കോടതി പരിഗണിച്ചത്. എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത കോഴിക്കോട് കിനാലൂരിലെ സ്ഥലം മതിയായ മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ഹർജികൾ സമർപ്പിക്കപ്പെട്ടത്.
ഫെബ്രുവരി 25-നകം കേന്ദ്ര സർക്കാർ വിഷയത്തിൽ മറുപടി നൽകണം. ശുപാർശ ചെയ്ത സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കോടതി നേരത്തെ ഇടക്കാല ഉത്തരവ് നൽകിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്രത്തോട് കോടതി വീണ്ടും ആവശ്യപ്പെട്ടു.
കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുക്കാത്തതും സ്ഥലം സംബന്ധിച്ച തർക്കങ്ങളും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കിനാലൂരിൽ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോകുന്നതിനിടെയാണ് കോടതിയുടെ ഈ ഇടപെടൽ. കിനാലൂരിലെ സ്ഥലം എയിംസ് സ്ഥാപിക്കാനുള്ള മാര്ഗനിദേശങ്ങള് അനുസരിച്ചിട്ടുള്ളതാണെന്ന് സംസ്ഥാന സര്ക്കാര് കഴിഞ്ഞവര്ഷം അറിയിച്ചിരുന്നു. കേന്ദ്ര സര്ക്കാരാണ് വിഷയത്തില് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സംസ്ഥാന സര്ക്കാര് വ്യക്തമാക്കിയിരുന്നു.
കേരളത്തിന് എയിംസ് എന്ന ആവശ്യം കേന്ദ്ര ബജറ്റില് പരിഗണിക്കാതിരുന്നതില് വന് വിമര്ശനങ്ങള് ഉയര്ന്നിരുന്നു. സ്ഥലം ഏറ്റെടുത്തു കൊടുക്കാത്തതു കൊണ്ടാണ് എയിംസ് കേരളത്തിന് അനുവദിക്കാത്തതെന്ന ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ വാദം അങ്ങേയറ്റം ബാലിശമാണ്. കേന്ദ്രം ഒരു പദ്ധതി എവിടെയാണെന്നു പ്രഖ്യാപിക്കാതെ സംസ്ഥാനത്തിന് സ്ഥലം എടുത്തു കൊടുക്കാൻ കഴിയുമോ എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് ചോദിച്ചിരുന്നു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR