Enter your Email Address to subscribe to our newsletters

Kozhikode, 25 ഫെബ്രുവരി (H.S.)
വടക്കൻ കേരളം കാത്തിരിക്കുന്ന ആനക്കാംപൊയില്-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമ അനുമതി ലഭിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതിയാണ് ഏറെ പ്രതീക്ഷയോടെ ആളുകള് നോക്കി കാണുന്ന പദ്ധതിക്ക് ഇപ്പോള് ലഭിച്ചിരിക്കുന്നത്.
വനനിയമം 1980 പ്രകാരം 17.263 ഹെക്ടർ വനഭൂമി പദ്ധതിക്കായി ഉപയോഗിക്കാൻ ഇതോടെ അനുമതിയായി. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില് ഒന്നാണിത്.
കർശന ഉപാധികളോടെയാണ് പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി ലഭിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. തുല്യവിസ്തൃതിയിലുള്ള വനേതരഭൂമിയില് പകരം വനവത്കരണം നടത്തണം, ഇവിടെ രണ്ടുവർഷത്തിനകം ഹെക്ടറിന് കുറഞ്ഞത് 1000 വൃക്ഷത്തൈകള് നട്ടുവളർത്തണം, മരംവെട്ടുന്നത് പരമാവധി കുറയ്ക്കുകയും വന്യജീവിസംരക്ഷണ നടപടികള് കർശനമായി പാലിക്കുകയും വേണം എന്നിങ്ങനെയുള്ള നിബന്ധനകള് മന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്.
കൂടാതെ വനഭൂമിയില് ലേബർ ക്യാമ്പുകള് സ്ഥാപിക്കരുതെന്നും നിർമ്മാണവസ്തുക്കള് കൊണ്ടുപോകാൻ വനത്തിനുള്ളില് പുതിയപാത നിർമ്മിക്കരുതെന്നും നിബന്ധനയില് പറയുന്നു. പദ്ധതി നിർദേശത്തിലില്ലാത്ത ഒരാവശ്യത്തിനും വനഭൂമി ഉപയോഗിക്കരുതെന്നും ഉള്പ്പെടെ ആകെ 24 നിബന്ധനകളാണ് മന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്. ഡിവിഷണല് ഫോറസ്റ്റ് ഓഫീസർ പദ്ധതി പ്രവൃത്തികള് നിരീക്ഷിക്കണം.
പാരിസ്ഥിതികാനുമതി നല്കിയിരിക്കുന്ന ഉത്തരവിലെ എല്ലാ വ്യവസ്ഥയും കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ പദ്ധതി നടപ്പിലാക്കുമ്പോള് കൂടുതല് കരുതലോടെ ആയിരിക്കും സംസ്ഥാന സർക്കാർ നീങ്ങുക. വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങളും നിബന്ധനകളും പാലിച്ചു കൊണ്ടായിരിക്കും ഇവിടെ നിർമ്മാണ പ്രവർത്തനങ്ങളും മറ്റും നടക്കുകയെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തും.
അതേസമയം, രണ്ട് പ്രധാന ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ ജോലികള് അതിവേഗം പുരോഗമിക്കുകയാണ്. മാർച്ച് മൂന്നിന് മറിപ്പുഴ ഭാഗത്ത് തുരങ്കത്തിനായി പാറതുരക്കല് പ്രവൃത്തി ആരംഭിക്കുമെന്നാണ് തിരുവമ്പാടി എംഎല്എ ലിന്റോ ജോസഫ് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും ഇതിന്റെ സ്വിച്ച് ഓണ് കർമം നിർവഹിക്കുക.
കിഫ്ബിയില് നിന്ന് ലഭ്യമാക്കുന്ന ഫണ്ടുപയോഗിച്ചാണ് നിർമ്മാണം. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷ്യല് പർപ്പസ് വെഹിക്കിള് കൊങ്കണ് റെയില്വേ കോർപ്പറേഷൻ ലിമിറ്റഡാണ്. നാലുവർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഭോപാല് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബില്ഡ്കോണ്, കൊല്ക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയല് ഇൻഫ്രാസ്ട്രക്ച്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്.
ആനക്കാംപൊയില്-മേപ്പാടി തുരങ്കപാത
ആകെ 8.73 കിലോമീറ്റർ ദൈർഘ്യത്തിലാണ് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില് മുതല് വയനാട്ടിലെ മേപ്പാടി വരെ തുരങ്കപ്പാത നിർമ്മിക്കുന്നത്. ഇരട്ട തുരങ്കങ്ങളിലൂടെ 4 വരി ഗതാഗതമാണ് ലക്ഷ്യം. ടണല് വെന്റിലേഷന്, അഗ്നിശമന സംവിധാനം, ടണല് റേഡിയോ സിസ്റ്റം, ടെലിഫോണ് സിസ്റ്റം, ശബ്ദ സംവിധാനം, എസ്കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്ജന്സി കോള് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള് ഒരുക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR