Enter your Email Address to subscribe to our newsletters

Ernakulam, 25 ഫെബ്രുവരി (H.S.)
ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ടിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു. കമ്മിഷൻ്റെ എന്തൊക്കെ ശിപാർശകളാണ് സർക്കാർ നടപ്പിലാക്കിയതെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അതിനാൽ റിപ്പോർട്ട് പൂർണമായും പുറത്തുവിടണമെന്നും സഭാ മാധ്യമ വിഭാഗം വക്താവ് ഡോക്ടർ യൂഹാനോൻ മാർ ദിയസ്കോറസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ വരുന്നതിൽ സ്വാഭാവികമായും സംശയം തോന്നുമെന്നും അദ്ദേഹം പ്രതികരിച്ചു.
ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു എന്ന് കേൾക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും ഇതിൽ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ട് സമർപ്പിച്ച സമയം മുതൽ കഴിഞ്ഞ കുറച്ചു മാസങ്ങളായും വർഷങ്ങളായും സഭ നിരന്തരം ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാൽ ഇപ്പോഴും ഇതിലെ വിവരങ്ങൾ ഭാഗികമായി മാത്രമാണ് പത്രങ്ങളിലൂടെയും മറ്റും കാണാൻ സാധിക്കുന്നത്.
അതുകൊണ്ട് സർക്കാരിനോടുള്ള സ്നേഹം അറിയിക്കുന്നതോടൊപ്പം തന്നെ റിപ്പോർട്ട് പൂർണമായും പുറത്തുവിടുകയും അതിലെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുക എന്നതാണ് സഭയുടെ പ്രധാന ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ നടപ്പിലാക്കുന്നതിനായി ഇനി എത്രമാത്രം സമയമുണ്ടെന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ട്. ഈ സർക്കാരിൻ്റെ കാലത്ത് തന്നെ ഇത് നടക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് നിലനിൽക്കുന്ന സംശയം യാഥാർഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ട് അംഗീകരിച്ചതിൽ തീരുമാനമെടുക്കാൻ ഇത്രയും കാലതാമസം വരുത്തിയതിലെ ആശങ്കയും അദ്ദേഹം പങ്കുവച്ചു. റിപ്പോർട്ട് അംഗീകരിച്ച കാര്യങ്ങൾ, നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്നിവയെക്കുറിച്ച് വ്യക്തമായ തീരുമാനം സർക്കാർ അറിയിക്കണമെന്നും റിപ്പോർട്ടിൻ്റെ ഉള്ളടക്കം സംബന്ധിച്ച പൂർണ വിവരങ്ങൾ പുറത്തുവരണമെന്നും സഭാ നേതൃത്വം ആവശ്യപ്പെടുന്നു.
സർക്കാരിൻ്റെ കാലാവധി പൂർത്തിയാകാൻ മാസങ്ങൾ മാത്രം അവശേഷിക്കെ ഇത്തരമൊരു തീരുമാനമെടുക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണോ എന്ന സംശയം പൊതുജനങ്ങൾക്ക് ഉണ്ടായാൽ അതിൽ തെറ്റുപറയാനാകില്ല എന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. പ്രധാന നിർദേശങ്ങൾ നടപ്പിലാക്കാനുള്ള സമയമോ സാവകാശമോ ഇനി സർക്കാരിന് മുന്നിലില്ല എന്ന വസ്തുതയും അവർ ചൂണ്ടിക്കാണിക്കുന്നു. ഭാഗികമായെങ്കിലും അംഗീകാരം നൽകിയതിനെ സ്വാഗതം ചെയ്യുമ്പോഴും ഈ ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് സഭ വ്യക്തമാക്കുന്നു.
ലത്തീൻ സഭയും സമാനമായ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ റിപ്പോർട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ സമയവും സാഹചര്യവും സർക്കാരിൻ്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടാക്കുന്നതാണെന്ന് സഭകൾ വ്യക്തമാക്കുന്നു. എന്തുകൊണ്ട് മൂന്നു വർഷക്കാലം റിപ്പോർട്ട് പുറത്തുവിട്ടില്ല എന്നതാണ് ലത്തീൻ സഭയുടെ വികാരി ജനറൽ ഫാദർ യൂജിൻ പെരേരയും പിആർ പ്രതിനിധികളും ഉന്നയിക്കുന്ന പ്രധാന ചോദ്യം.
ഇരുനൂറിലധികം നിർദേശങ്ങളും നാല്പത്തിയെട്ടോളം ഉപനിർദേശങ്ങളും ഇതിനോടകം വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി കഴിഞ്ഞു എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞത്. എന്നാൽ അവ ഏതൊക്കെയാണെന്നോ അതിൻ്റെ ഗുണഭോക്താക്കൾ ആരാണെന്നോ തങ്ങൾക്കറിയില്ലെന്ന് ലത്തീൻ സഭാ പ്രതിനിധികൾ പറയുന്നു. നിർദേശങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാൽ മാത്രമേ ഏതൊക്കെ നടപ്പിലാക്കി, ഏതൊക്കെ ഇനി നടപ്പിലാക്കാനുണ്ട് എന്ന് വിലയിരുത്താനാകൂ. അതിനാൽ ആദ്യം ജെ ബി കോശി റിപ്പോർട്ട് പൂർണമായും പുറത്തുവിടണമെന്നും അത് പരിശോധിച്ച ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ വിലയിരുത്താനാകൂ എന്നും അവർ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്നു വർഷക്കാലമായി റിപ്പോർട്ട് പുറത്തുവിടണമെന്നും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ലത്തീൻ സഭ ഉൾപ്പെടെ വലിയ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ടിട്ടും അത് നിരസിക്കപ്പെടുന്ന സാഹചര്യമാണുണ്ടായത്. ഇപ്പോൾ റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനിച്ചെങ്കിലും അടുത്ത പത്തോ പതിനഞ്ചോ ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇരിക്കെ ഇത് നടപ്പിലാക്കാൻ സാധിക്കുമോ എന്ന കടുത്ത ആശങ്കയാണ് ക്രൈസ്തവ സംഘടനാ പ്രതിനിധികൾ മുന്നോട്ടുവയ്ക്കുന്നത്. ചുരുക്കത്തിൽ റിപ്പോർട്ട് പുറത്തുവിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും സർക്കാരിൻ്റെ ഉദ്ദേശശുദ്ധിയെ സംശയത്തോടെ തന്നെയാണ് ക്രൈസ്തവ സഭകൾ നോക്കിക്കാണുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR