Enter your Email Address to subscribe to our newsletters

Kochi, 25 ഫെബ്രുവരി (H.S.)
കൊച്ചി നഗരത്തിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയും ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവതിയടക്കമുള്ള അഞ്ചംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം കടവന്ത്രയിലെ ലോഡ്ജിൽ വെച്ച് നടന്ന ക്രൂരമായ ആക്രമണത്തിൽ തൃപ്പൂണിത്തുറ സ്വദേശിയായ അമൽ ദേവിനാണ് (24) ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ഒന്നാം പ്രതി സഫ്ന, രണ്ടാം പ്രതി എന്നിവരടക്കം രണ്ടുപേരെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു.
ബധിരനും മൂകനുമായ അമൽ ദേവിനെ ഒന്നാം പ്രതിയായ സഫ്ന തന്ത്രപൂർവ്വം ഫോണ് ചാറ്റിലൂടെ ബന്ധപ്പെട്ട് കടവന്ത്ര മനോരമ ജംഗ്ഷന് സമീപമുള്ള 'ക്രൗൺ സ്യൂട്ട്' എന്ന ലോഡ്ജിലെ ഡി2 നമ്പർ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഫെബ്രുവരി 22-ന് വൈകുന്നേരം 6.30-ഓടെയാണ് സംഭവം നടന്നത്. ലോഡ്ജിലെത്തിയ അമലിനെ അവിടെ കാത്തുനിന്ന സഫ്നയും മറ്റ് നാല് പ്രതികളും ചേർന്ന് തടഞ്ഞുവെച്ചു.
യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അമലിനോട് പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് അമൽ വിസമ്മതിച്ചതോടെയാണ് സംഘം അക്രമാസക്തരായത്. ലക്ഷ്യമിട്ട രീതിയിൽ ഹണിട്രാപ്പ് നടക്കാതെ വന്നതോടെ പ്രതികൾ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. അമലിനെ വിവസ്ത്രനാക്കി സംഘം മാറി മാറി മർദിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. പ്രതികൾ യുവാവിന്റെ മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു.
രണ്ടാം പ്രതി ടോർച്ച് ഉപയോഗിച്ച് അമലിന്റെ വലത് കൈപ്പത്തി അടിച്ചുതകർത്തു. ഇതിനുപിന്നാലെ തല ലക്ഷ്യം വെച്ച് ടോർച്ച് കൊണ്ട് മാരകമായി അടിക്കാൻ ശ്രമിച്ചു. അമൽ ഇടതുകൈ കൊണ്ട് തടഞ്ഞതിനാലാണ് ജീവൻ രക്ഷപ്പെട്ടതെന്നും, ഇല്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന പരിക്കേൽക്കുമായിരുന്നുവെന്നും പോലീസ് പറയുന്നു.
മർദനത്തിൽ അമൽ ദേവിന്റെ വാരിയെല്ലിന് ഒടിവുണ്ട്. നിലവിൽ ഇദ്ദേഹം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവാവിനെ വിവസ്ത്രനാക്കി മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്യായമായി തടങ്കലിൽ വെക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള മർദനം, വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കടവന്ത്ര പോലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഭിന്നശേഷിക്കാരനായ യുവാവിനെ ലക്ഷ്യമിട്ട് നടന്ന ഈ ആസൂത്രിത ആക്രമണത്തിൽ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്ന് കടവന്ത്ര പൊലീസ് വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR