Enter your Email Address to subscribe to our newsletters

Thiruvananthapuram, 25 ഫെബ്രുവരി (H.S.)
സംസ്ഥാന യുവജന കമ്മീഷൻ 2025-26 വർഷത്തെ യുവപ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏഷ്യയിലെ ആദ്യത്തെ 'ഹാൻഡ്സ്-ഫ്രീ' വനിതാ ഡ്രൈവറായ ജിലുമോൾ മരിയറ്റ് തോമസ്, യൂണിവേഴ്സിറ്റി കോളേജ് ഇംഗ്ലിഷ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശാരദാ ദേവി, പഞ്ചഗുസ്തി ദേശീയ താരം അമൽ ഇക്ബാൽ എന്നിവരാണ് പുരസ്കാര ജേതാക്കൾ.
ഇരുകൈകളുമില്ലാതെ ജനിച്ചിട്ടും ഇച്ഛാശക്തിയോടെ അതിജീവനത്തിന്റെ പാതയിൽ വിജയം വരിച്ച ജിലുമോൾ മരിയറ്റ് തോമസ് തൊടുപുഴ സ്വദേശിനിയാണ്. കാലുകൾ കൊണ്ട് എഴുതി പ്ലസ്ടുവും അനിമേഷൻ ബിരുദവും നേടിയ ശേഷം, 6 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കാലുകൾ കൊണ്ട് കാർ ഓടിച്ച് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി ജിലു സമൂഹത്തിന് പ്രചോദനമായി. 2025-ലെ കേരള ശ്രീ പുരസ്കാരം ലഭിച്ച വ്യക്തിയാണ് ജിലുമോൾ മരിയറ്റ് തോമസ്.
തിരുവനന്തപുരം സ്വദേശിനിയായ ഡോ. ശാരദാദേവി ഡിസബിലിറ്റി സ്റ്റഡീസ് ഗവേഷകയും വീൽചെയർ യൂസറും ഭിന്നശേഷി അവകാശ പ്രവർത്തകയുമാണ്. ഡിസബിലിറ്റിയുള്ള വ്യക്തികളുടെ അവകാശ സംരക്ഷണ പ്രവർത്തനങ്ങൾക്കും ബോധവൽകരണത്തിനും അക്കാഡമിക് പൊതു സമൂഹ ഇടപെടലുകൾ നടത്തുന്ന മാതൃകാ വ്യക്തിത്വമാണ് ഡോ. ശാരദാദേവി. ഡോ. ശാരദയുടെ അതിജീവന വാർത്ത എസ്.സി.ഇ.ആർ.ടി ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ ഇടം നേടിയിട്ടുണ്ട്.
പഞ്ചഗുസ്തിയിൽ ദേശീയതലത്തിൽ വെങ്കലം ഉൾപ്പെടെയുള്ള നേട്ടങ്ങൾ കരസ്ഥമാക്കിയ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അമൽ ഇക്ബാൽ സംസ്ഥാനതല മത്സരത്തിൽ ഇരട്ട സ്വര്ണം നേടിയിട്ടുണ്ട്. മസ്ക്കറ്റില് നടന്ന യു.എന് മോഡല് പാര്ലമെന്റില് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും വന്ന വിദ്യാര്ഥികളോട് മത്സരിച്ച് ഔട്ട് സ്റ്റാന്റിംഗ് ഡിപ്ലൊമസി അവാര്ഡ് കരസ്ഥമാക്കി. ഹിമാചല് പ്രദേശിലെ ബ്യാസ് നദിയും കണ്ണൂരിലെ തേജസ്വിനി പുഴയും റിവര് റാഫ്റ്റിങ്ങ് എന്ന സാഹസിക വിനോദത്തിലൂടെ കീഴടക്കിയ ആദ്യത്തെ സെറിബ്രല് പാള്സി ബാധിതനാണ് അമല്.
ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്കാണ് സംസ്ഥാന യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്കാരങ്ങൾ നൽകുന്നത്. യുവജന കമ്മീഷൻ യുവപ്രതിഭ- യൂത്ത് ഐക്കൺ പുരസ്കാരവിതരണം മാർച്ച് 4 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR