Enter your Email Address to subscribe to our newsletters

Kannur, 25 ഫെബ്രുവരി (H.S.)
കണ്ണൂർ: ആരോഗ്യ മന്ത്രി വീണ ജോർജിന് കെഎസ് യു പ്രതിഷേധത്തിനിടെ പരുക്കേറ്റെന്ന ആരോപണം വെറും തിരക്കഥയാണെന്ന് ആരോപിച്ച് കെഎസ് യു സംസ്ഥാന നേതൃത്വം രംഗത്ത്. മന്ത്രിയുടെ പരുക്ക് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നാടകമാണെന്നും സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപേ മന്ത്രിയുടെ കയ്യിൽ ബാൻഡേജ് ഉണ്ടായിരുന്നുവെന്നും കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ആരോപിച്ചു.
ബുധനാഴ്ച വൈകുന്നേരം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ് യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്കു പരുക്കേറ്റതായും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് കെഎസ് യുവിന്റെ ഈ വെളിപ്പെടുത്തൽ. റെയിൽവേ സ്റ്റേഷനിൽ മന്ത്രി ട്രെയിൻ കയറാനെത്തിയപ്പോൾ കെഎസ് യു പ്രവർത്തകർ കരിങ്കൊടി കാട്ടുകയും തുടർന്നുണ്ടായ ഉന്തും തള്ളിലും മന്ത്രിക്കു കഴുത്തിനും കൈക്കും പരിക്കേറ്റെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ് മന്ത്രി.
എന്നാൽ, ഈ ആരോപണങ്ങളെ ശക്തമായി തള്ളിക്കൊണ്ടാണ് ഫർഹാൻ മുണ്ടേരി രംഗത്തെത്തിയത്. ഇതിന് തെളിവായി മന്ത്രി ഉച്ചയ്ക്ക് പങ്കെടുത്ത ഒരു പരിപാടിയുടെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു. മട്ടന്നൂരിൽ മുഖ്യമന്ത്രിയോടൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ തന്നെ മന്ത്രിയുടെ കൈയിൽ പരുക്കുള്ളതായും അവിടെ ബാൻഡേജ് ഇട്ടിരുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് ഫർഹാൻ അവകാശപ്പെട്ടു.
മൂന്ന് മണിക്കൂർ മുൻപേ മന്ത്രിയുടെ കൈയിൽ പരുക്കുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പൊതുസമൂഹത്തിന് മുന്നിലുണ്ട്. റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ് യു പ്രവർത്തകർ ആക്രമിച്ചതുകൊണ്ടാണ് മന്ത്രിക്ക് പരുക്കേറ്റതെന്ന വാദം പച്ചക്കള്ളമാണ്. ജനശ്രദ്ധ തിരിക്കാനും കെഎസ് യുവിനെ പ്രതിക്കൂട്ടിലാക്കാനും ബോധപൂർവം ചമച്ച തിരക്കഥയാണിത്. ഒരു ചെറിയ പരുക്കിന്റെ പേരിൽ മന്ത്രിയെ ഐസിയുവിൽ പ്രവേശിപ്പിച്ചത് തന്നെ ഈ നാടകത്തിന്റെ ഭാഗമാണ്, ഫർഹാൻ മുണ്ടേരി ഫേസ്ബുക്കിലൂടെ ആരോപിച്ചു.
അതേസമയം, മന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ വിമർശിച്ചു. കേരളത്തിൽ ഒരു വനിതാ മന്ത്രിക്കു നേരെ നടക്കുന്നത് ഹീനമായ രാഷ്ട്രീയ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ നേതൃത്വവും കെഎസ് യുവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത് ആസൂത്രിതമായ ആക്രമണമാണെന്നും കോൺഗ്രസിന്റെ ഗുണ്ടായിസമാണ് കണ്ണൂരിൽ കണ്ടതെന്നും സിപിഎം നേതാക്കൾ ആരോപിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വെച്ച് മന്ത്രി ട്രെയിനിലേക്ക് കയറുന്നതിനിടെ പ്രതിഷേധക്കാർ പാഞ്ഞടുക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പോലീസ് വലയത്തിനുള്ളിൽ വെച്ച് എങ്ങനെയാണ് മന്ത്രിക്ക് പരുക്കേറ്റത് എന്നതിനെക്കുറിച്ച് തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. കെഎസ് യുവിന്റെ വെളിപ്പെടുത്തലോടെ സംഭവം പുതിയൊരു രാഷ്ട്രീയ പോരിലേക്കാണ് നീങ്ങുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം തന്നെ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
---------------
Hindusthan Samachar / Roshith K