Enter your Email Address to subscribe to our newsletters

Palakkad , 25 ഫെബ്രുവരി (H.S.)
പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ നിയോജക മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. ഒരു വിഭാഗം പ്രാദേശിക നേതാക്കളും ഭാരവാഹികളുമാണ് സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായി സുരേഷിനെ മത്സരിപ്പിക്കാനുള്ള നീക്കം പാർട്ടിക്കും മുന്നണിക്കും തിരിച്ചടിയാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം പാലക്കാട് ഡിസിസി ഓഫീസിൽ എഐസിസി സെക്രട്ടറി പി.വി. മോഹന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നേതാക്കൾ തങ്ങളുടെ അതൃപ്തി അറിയിച്ചത്. മലമ്പുഴ മണ്ഡലത്തിലെ ഭൂരിഭാഗം ബ്ലോക്ക് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും നിയോജന മണ്ഡലം ഭാരവാഹികളും സുരേഷിനെ സ്ഥാനാർത്ഥിയാക്കുന്നതിനോട് യോജിക്കുന്നില്ല. പാർട്ടി ചിഹ്നമായ 'കൈപ്പത്തി'യിൽ മത്സരിക്കുന്ന ഒരു കരുത്തനായ കോൺഗ്രസ് നേതാവ് തന്നെ വേണം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ചിഹ്നം പ്രധാനമെന്ന് നേതാക്കൾ
ഓരോ മണ്ഡലത്തിലും ജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ, മലമ്പുഴയിൽ കൈപ്പത്തി ചിഹ്നം ഉപേക്ഷിച്ചുള്ള ഒരു പരീക്ഷണത്തിന് തയ്യാറല്ലെന്ന് നേതാക്കൾ വ്യക്തമാക്കി. എ. സുരേഷ് സ്വതന്ത്രനായി മത്സരിച്ചാൽ കൈപ്പത്തി ചിഹ്നം ലഭിക്കില്ല. ഇത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ വരെ കാരണമാകുമെന്നും യോഗത്തിൽ വിമർശനമുയർന്നു. നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ ഇത്തരം റിസ്ക്കുകൾ എടുക്കരുതെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.
സുരേഷിന്റെ നിലപാട്
സിപിഐഎമ്മുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് എ. സുരേഷ് ഇടതുപക്ഷവുമായി അകന്നത്. തുടർന്ന് കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി ചർച്ചകൾ നടത്തുകയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച 'പുതുയുഗ യാത്ര'യിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷിനെ മലമ്പുഴയിൽ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ ആലോചന തുടങ്ങിയത്. എന്നാൽ, തനിക്ക് പാർലമെന്ററി മോഹങ്ങളില്ലെന്നും ചർച്ചകൾ നടക്കുകയാണെന്നുമാണ് സുരേഷ് ഇതിനോട് പ്രതികരിച്ചത്.
സിപിഐഎമ്മിന്റെ കോട്ടയായ മലമ്പുഴയിൽ ഭരണവിരുദ്ധ വികാരവും പാർട്ടിക്ക് പുറത്തുവന്നവരുടെ വോട്ടുകളും സമാഹരിക്കാമെന്നായിരുന്നു കെപിസിസി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, സ്വന്തം അണികൾക്കിടയിൽ നിന്നുതന്നെ എതിർപ്പ് ഉയർന്നത് കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കെപിസിസി നേതൃത്വം വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
---------------
Hindusthan Samachar / Roshith K