Enter your Email Address to subscribe to our newsletters

kozhikode , 25 ഫെബ്രുവരി (H.S.)
തിരുവനന്തപുരം: എഴുത്തുകാരിയും കോൺഗ്രസ് സഹയാത്രികയുമായ ഷഹനാസ് എം.എയ്ക്കെതിരെ 'വ്യാജ ഐഎഎസ്' ആരോപണവുമായി കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ രംഗത്ത്. ഷഹനാസ് ഐഎഎസ് ഉദ്യോഗസ്ഥയാണെന്ന് വ്യാജമായി അവകാശപ്പെട്ട് പൊതുസമൂഹത്തെയും അധികൃതരെയും കബളിപ്പിച്ചോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാദേവി കുഞ്ഞമ്മ യുപിഎസ്സി (UPSC) ചെയർമാന് പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർക്കും പരാതിയുടെ പകർപ്പുകൾ അയച്ചിട്ടുണ്ട്.
ആരോപണങ്ങളുടെ പശ്ചാത്തലം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ അടുത്തിടെ ഷഹനാസ് ഉന്നയിച്ച ലൈംഗികാരോപണങ്ങളും തുടർന്നുണ്ടായ വിവാദങ്ങളുമാണ് പുതിയ പരാതിയിലേക്ക് നയിച്ചത്. ഷഹനാസ് 2014-ലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച് ഐഎഎസ് നേടിയെന്ന് മുൻപ് അവകാശപ്പെട്ടിരുന്നതായും ഇതിന്റെ പേരിൽ വിവിധ ഇടങ്ങളിൽ നിന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ശ്രീനാദേവി ആരോപിക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ഷഹനാസ് ഒഴിഞ്ഞുമാറുന്നത് സംശയാസ്പദമാണെന്ന് ശ്രീനാദേവി കുറിപ്പിൽ വ്യക്തമാക്കി.
ഐഎഎസ് ലഭിച്ചു എന്ന് നിങ്ങൾ നുണ പറഞ്ഞില്ലേ എന്ന് ചോദിക്കുമ്പോൾ മെഹന്ദി ഇടുന്ന പടം ഇടുന്നു, രണ്ട് ഐഡി കാർഡ് ഇല്ലേ എന്ന് ചോദിക്കുമ്പോൾ ബീച്ചിൽ ഇരുന്ന് കുമിള വിടുന്ന പടം ഇടുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങിയത് ഗൗരവകരമായ കുറ്റമാണ്, എന്ന് ശ്രീനാദേവി കുഞ്ഞമ്മ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. 2014-ലെ സിവിൽ സർവീസ് ഫലം പരിശോധിച്ച് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകണമെന്നാണ് യുപിഎസ്സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരയെണ്ണി ഷഹനാസിന്റെ മറുപടി
ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയും സോഷ്യൽ മീഡിയയിലെ പരിഹാസങ്ങളും ശ്രദ്ധയിൽപ്പെട്ട ഷഹനാസ്, കോഴിക്കോട് ബീച്ചിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇതിനോട് പ്രതികരിച്ചത്. അമ്മായിയുടെ കുത്സിതങ്ങൾക്ക് കാതോർക്കാതെ കുറച്ച് തിരയെണ്ണാം... കോഴിക്കോട് ബീച്ച്, തിര നമ്പർ 1... കല്യാണം കൂടാൻ വിളിക്കണേ... തൊട്ര പാക്കലാം എന്നാണ് ഷഹനാസ് വീഡിയോക്കൊപ്പം കുറിച്ചത്. ആരോപണങ്ങൾക്ക് നേരിട്ടുള്ള മറുപടി നൽകുന്നതിന് പകരം പരിഹാസരൂപേണയുള്ള പ്രതികരണമാണ് ഷഹനാസ് സ്വീകരിച്ചിരിക്കുന്നത്.
നിയമക്കുരുക്കുകൾ വേറെയും
നേരത്തെ സാഹിത്യകാരൻ വി.ആർ. സുധീഷിനെതിരെ ഷഹനാസ് ഉന്നയിച്ച 'മീ ടൂ' (MeToo) ആരോപണവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ ഇവർ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ടെന്നും ശ്രീനാദേവി ചൂണ്ടിക്കാട്ടി. നിബു വർഗീസ് എന്ന വ്യക്തിക്കെതിരെ ഷഹനാസ് നൽകിയ പരാതിയെയും ശ്രീനാദേവി വിമർശിച്ചു. തനിക്കെതിരെ കൃത്യമായ തെളിവുകളോടെ സംസാരിക്കുന്ന നിയാസ് മലബാറിക്കെതിരെ പരാതി നൽകാതെ, നിബു വർഗീസിനെതിരെ പരാതി നൽകിയത് ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനാണെന്നും അവർ ആരോപിച്ചു.
കേരളത്തിലെ സ്ത്രീമുന്നേറ്റത്തിന്റെ ചരിത്രം സത്യത്തിൽ അധിഷ്ഠിതമാണെന്നും ഇത്തരം നുണപ്രചാരണങ്ങൾ സ്ത്രീസമൂഹത്തിന് തന്നെ അപമാനമാണെന്നും ശ്രീനാദേവി കുഞ്ഞമ്മ കൂട്ടിച്ചേർത്തു. ഐഎഎസ് പദവി ദുരുപയോഗം ചെയ്ത് വിദേശത്തും സ്വദേശത്തും എന്തെങ്കിലും സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും വിശദമായ അന്വേഷണം വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. സോഷ്യൽ മീഡിയയിൽ 'ഫേക്ക് ഐഎഎസ്' ഹാഷ്ടാഗുകൾ ട്രെൻഡിംഗ് ആകുന്ന സാഹചര്യത്തിൽ യുപിഎസ്സിയുടെയും പോലീസിന്റെയും ഭാഗത്തുനിന്നുള്ള അടുത്ത നടപടികൾ നിർണ്ണായകമാകും.
---------------
Hindusthan Samachar / Roshith K