Enter your Email Address to subscribe to our newsletters

Trivandrum , 25 ഫെബ്രുവരി (H.S.)
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ കരുത്തുറ്റ പോരാട്ടത്തിനൊരുങ്ങി സി.പി.ഐ.എം. ജില്ലയിലെ നിലവിലുള്ള എല്ലാ സിറ്റിംഗ് എംഎൽഎമാരെയും വീണ്ടും മത്സരരംഗത്തിറക്കാൻ പാർട്ടി തീരുമാനിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് എടുത്ത ഈ സുപ്രധാന തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തിനായി കൈമാറിയിട്ടുണ്ട്. എന്നാൽ, ജില്ലാ സെക്രട്ടറി വി. ജോയിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടി തലപ്പത്ത് ചില വിയോജിപ്പുകൾ നിലനിൽക്കുന്നത് ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.
വി. ജോയിയും സംസ്ഥാന നേതൃത്വവും തമ്മിലെ തർക്കം
വർക്കല മണ്ഡലത്തിൽ നിന്ന് വീണ്ടും വി. ജോയി തന്നെ ജനവിധി തേടണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ ശക്തമായ നിലപാട്. എന്നാൽ, ജില്ലാ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരാൾ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉന്നയിച്ചത്. സംഘടനയെ നയിക്കുന്നവർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് ഉചിതമെന്ന നിലപാടിലായിരുന്നു അദ്ദേഹം.
എന്നാൽ ഈ വാദത്തെ ജില്ലാ സെക്രട്ടേറിയറ്റ് ഒറ്റക്കെട്ടായി എതിർത്തു. വർക്കലയിൽ വി. ജോയ് മത്സരിച്ചില്ലെങ്കിൽ ആ സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന രാഷ്ട്രീയ യാഥാർത്ഥ്യം അവർ സംസ്ഥാന നേതൃത്വത്തെ ബോധിപ്പിച്ചു. മണ്ഡലത്തിലെ ജനപ്രീതിയും വികസന പ്രവർത്തനങ്ങളും കണക്കിലെടുത്ത് ജോയി തന്നെ സ്ഥാനാർത്ഥിയാകണമെന്ന് സമിതി ഉറച്ചുനിന്നു. ഇതേത്തുടർന്നാണ് ജോയിയുടെ പേര് ശുപാർശ ചെയ്യാൻ തീരുമാനമായത്. ഇതോടെ ജില്ലയ്ക്ക് പുതിയൊരു സെക്രട്ടറി വരുമെന്ന് ഏകദേശം ഉറപ്പായി.
സിറ്റിംഗ് എംഎൽഎമാരുടെ പട്ടിക
തിരുവനന്തപുരത്ത് എൽ.ഡി.എഫിന്റെ ആധിപത്യം നിലനിർത്താൻ പരിചയസമ്പന്നരായ നേതാക്കളെ തന്നെ കളത്തിലിറക്കാനാണ് തീരുമാനം. പട്ടികയിൽ ഉൾപ്പെട്ട പ്രമുഖർ ഇവരാണ്:
-
കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം)
-
വി. ശിവൻകുട്ടി (നേമം)
-
വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്)
-
ഐ.ബി. സതീഷ് (കാട്ടാക്കട)
-
ജി. സ്റ്റീഫൻ (അരുവിക്കര)
-
കെ. ആൻസലൻ (നെയ്യാറ്റിൻകര)
-
സി.കെ. ഹരീന്ദ്രൻ (പാറശ്ശാല)
-
ഡി.കെ. മുരളി (വാമനപുരം)
-
ഒ.എസ്. അംബിക (ആറ്റിങ്ങൽ)
-
മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ നീക്കം
സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം, നിലവിൽ യു.ഡി.എഫിന്റെ പക്കലുള്ള തിരുവനന്തപുരം, കോവളം സീറ്റുകൾ കൂടി ഇത്തവണ തിരിച്ചുപിടിക്കണമെന്ന ആവശ്യം ജില്ലാ സെക്രട്ടേറിയറ്റിൽ ശക്തമായി ഉയർന്നിട്ടുണ്ട്. ഈ മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ സി.പി.ഐ.എം ഏറ്റെടുത്ത് മത്സരിപ്പിക്കണമെന്ന നിർദ്ദേശവും സജീവമാണ്.
തിരഞ്ഞെടുപ്പ് ഗോദയിൽ സിറ്റിംഗ് എംഎൽഎമാരുടെ പ്രവർത്തനം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സി.പി.ഐ.എം ക്യാമ്പ്. സംസ്ഥാന നേതൃത്വം കൂടി ഈ പട്ടികയ്ക്ക് പച്ചക്കൊടി കാട്ടുന്നതോടെ തിരുവനന്തപുരത്തെ രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തമാകും. വി. ജോയിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയിലുണ്ടാകും. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ തലസ്ഥാനത്ത് നടക്കും.
---------------
Hindusthan Samachar / Roshith K