Enter your Email Address to subscribe to our newsletters

Trivandrum , 25 ഫെബ്രുവരി (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. കണ്ണൂരിൽ വെച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനും അതിനെത്തുടർന്നുണ്ടായ നാടകീയ രംഗങ്ങൾക്കും പിന്നാലെയാണ് പ്രതിപക്ഷ നേതാവിനും സുരക്ഷ ശക്തമാക്കിയത്. ഇടത് സംഘടനകൾ പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധത്തിന് മുതിരുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
നിലവിൽ വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ ആലപ്പുഴ ജില്ലയിലെ പര്യടന വേദികളിലാണ് സുരക്ഷാ ക്രമീകരണങ്ങൾ പ്രധാനമായും വർധിപ്പിച്ചിരിക്കുന്നത്. ചേർത്തല ഉൾപ്പെടെയുള്ള പ്രധാന സ്വീകരണ കേന്ദ്രങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ തിരുവനന്തപുരത്തെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ 'കന്റോൺമെന്റ് ഹൗസി'നും കെ.പി.സി.സി ആസ്ഥാനത്തിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
മന്ത്രിക്കെതിരായ ആക്രമണവും രാഷ്ട്രീയ വിവാദവും
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് നിലവിലെ സംഘർഷാവസ്ഥയ്ക്ക് കാരണമായത്. വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനെത്തിയ മന്ത്രിയെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ച് പ്രതിഷേധക്കാർ വളയുകയായിരുന്നു. ഇതിനിടെയുണ്ടായ ഉന്തും തള്ളിലും മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. മന്ത്രിയെ നിലവിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സി.പി.ഐ.എം നേതാക്കൾ ഈ സംഭവത്തെ രൂക്ഷമായി വിമർശിച്ചു. ഒരു വനിതാ മന്ത്രിയെ ഇത്തരത്തിൽ ആക്രമിച്ച് പരുക്കേൽപ്പിക്കുന്നത് ഹീനമായ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മന്ത്രിക്കെതിരെ നടന്നത് വധശ്രമമാണെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചത്. യു.ഡി.എഫ് നേതൃത്വം മാപ്പ് പറയണമെന്ന് സ്പീക്കർ എ.എൻ. ഷംസീറും ആവശ്യപ്പെട്ടു.
കെ.എസ്.യുവിന്റെ പ്രതികരണം
എന്നാൽ മന്ത്രിക്കെതിരെ ആക്രമണമൊന്നും നടന്നിട്ടില്ലെന്നും ജനാധിപത്യപരമായ രീതിയിലുള്ള കരിങ്കൊടി പ്രതിഷേധം മാത്രമാണ് ഉണ്ടായതെന്നുമാണ് കെ.എസ്.യു വ്യക്തമാക്കുന്നത്. മന്ത്രിക്കെതിരെ ഒരു രീതിയിലുള്ള ദേഹോപദ്രവവും ഉണ്ടായിട്ടില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. മന്ത്രിക്ക് 'ഓസ്കാർ' നൽകണമെന്നും ഇത് സഹതാപം നേടാനുള്ള അഭിനയമാണെന്നും കെ.എസ്.യു നേതാക്കൾ ഫേസ്ബുക്കിൽ കുറിച്ചു.
സംഭവം വിവാദമായതോടെ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള ഇടത് സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ പര്യടനം തടയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സുരക്ഷാ വിഭാഗം അതീവ ജാഗ്രത പാലിക്കുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കൂടുതൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത.
---------------
Hindusthan Samachar / Roshith K