വൈറ്റില കൊലപാതകം: കുടുംബം തകർക്കുമെന്ന ഭീഷണി പ്രകോപനമായി; പ്രതി ഷാജിയുടെ കുറ്റസമ്മതം
Kochi, 25 ഫെബ്രുവരി (H.S.) കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം കോട്ടയം ചിങ്ങവനം സ്വദേശിനി സുധ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പൊന്നുരുന്നി സ്വദേശി ഷാജിയുടെ നിർണ്ണായക വെളിപ്പെടുത്തൽ. തന്റെ കുടുംബം തകർക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്ത
വൈറ്റില കൊലപാതകം: കുടുംബം തകർക്കുമെന്ന ഭീഷണി പ്രകോപനമായി; പ്രതി ഷാജിയുടെ കുറ്റസമ്മതം


Kochi, 25 ഫെബ്രുവരി (H.S.)

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം കോട്ടയം ചിങ്ങവനം സ്വദേശിനി സുധ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പൊന്നുരുന്നി സ്വദേശി ഷാജിയുടെ നിർണ്ണായക വെളിപ്പെടുത്തൽ. തന്റെ കുടുംബം തകർക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിന് പ്രകോപനമായതെന്ന് ഷാജി പൊലീസിന് മൊഴി നൽകി. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് ക്രൂരമായ ആക്രമണം നടത്തിയതെന്ന് മരട് പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി സമ്മതിച്ചു.

ബുധനാഴ്ച രാവിലെ കൊലപാതകം നടന്ന സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഹൈക്കോടതിയിലെ മുൻ ജീവനക്കാരനായിരുന്ന ഷാജിയും കൊല്ലപ്പെട്ട സുധയും തമ്മിൽ ദീർഘകാലമായി സൗഹൃദത്തിലായിരുന്നു. എന്നാൽ അടുത്ത കാലത്തായി ഈ ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു.

ക്രൂരമായ മർദ്ദനം

തിങ്കളാഴ്ച രാത്രി 11 മണിയോടെ വൈറ്റില റെയിൽവേ മേൽപ്പാലത്തിന് താഴെ സുധയുമായി സംസാരിക്കാൻ എത്തിയതായിരുന്നു ഷാജി. സംസാരത്തിനിടെ ഉണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിച്ചു. ഷാജി സുധയുടെ മുഖത്ത് മുഷ്ടി ചുരുട്ടി പലതവണ ശക്തമായി ഇടിച്ചു. അടി കൊണ്ട് കരിങ്കല്ലിലേക്ക് വീണ സുധയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. യുവതി ബഹളം വെച്ചതോടെ പിടിയിലാകുമെന്ന് ഭയന്ന ഷാജി അവരുടെ മുഖം അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. കല്ലുപയോഗിച്ചും മുഖത്തും തലയിലും ഇയാൾ ഇടിച്ചതായി പൊലീസ് കണ്ടെത്തി.

അപകടമെന്ന് വരുത്താൻ ശ്രമം

സുധ മരിച്ചെന്ന് ഉറപ്പായതോടെ കൊലപാതകം ട്രെയിൻ തട്ടിയുള്ള അപകടമാണെന്ന് വരുത്തിത്തീർക്കാൻ ഷാജി ശ്രമിച്ചു. ഇതിനായി മൃതദേഹം റെയിൽവേ പാളത്തിൽ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ കടന്നുകളഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ അമൃത എക്സ്പ്രസ് കടന്നുപോകുമ്പോഴാണ് ട്രാക്കിൽ മൃതദേഹം കിടക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹം റെയിൽവേ അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി

മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ പ്രാഥമിക പരിശോധനയിൽ തന്നെ ഇത് കൊലപാതകമാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഷാജിയെക്കുറിച്ച് വിവരം ലഭിച്ചത്. കാക്കനാട് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ സിറ്റി പൊലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തു.

കുടുംബം തകർക്കുമെന്ന ഭീഷണിക്ക് പുറമെ സാമ്പത്തിക ഇടപാടുകളും ഈ തർക്കത്തിന് പിന്നിലുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷാജിയുടെ അറസ്റ്റ് ഇന്നലെ രാത്രിയോടെ രേഖപ്പെടുത്തിയിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊച്ചി നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ നടന്ന ഈ ക്രൂരമായ കൊലപാതകം നഗരവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News