Enter your Email Address to subscribe to our newsletters

Thiruvananthapuram, 26 ഫെബ്രുവരി (H.S.)
ധനമന്ത്രി കെഎൻ ബാലഗോപാൽ ചെയർമാനായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ (ഗിഫ്റ്റ്) സർക്കാർ ഉത്തരവുകൾക്കു വിരുദ്ധമായി സാമ്പത്തിക ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരുടെ യുജിസി ഏഴാം വേതന കമ്മിഷൻ പ്രകാരമുള്ള ശമ്പളകുടിശിക തടഞ്ഞു വച്ചിരിക്കുമ്പോൾ ഗിഫ്റ്റിൽ സർക്കാർ അനുമതിയില്ലാതെ ലക്ഷങ്ങളുടെ ശമ്പള കുടിശിക അനുവദിച്ചതിൽ ഗുരുതര ക്രമക്കേട് നടന്നതായാണ് ഓഡിറ്റ് റിപ്പോർട്ട്. 2016 ജനുവരി ഒന്നുമുതൽ 2019 ഡിസംബർ 31 വരെ 85.49 ലക്ഷം രൂപ കുടിശികയായി വിതരണം ചെയ്തതിൽ ക്രമക്കേട് ഉണ്ടെന്നാണ് സി ആന്ഡ് എജി നടത്തിയ ഓഡിറ്റ് റിപ്പോര്ട്ടിലെ കണ്ടെത്തൽ.
കുസാറ്റിൻ്റെ കീഴിലുള്ള അംഗീകൃത സ്ഥാപനമായതിനാൽ സർവകലാശാല നിയമങ്ങൾ ഗിഫ്റ്റിനും ബാധകമാണ്. ശമ്പള കുടിശിക വിതരണത്തോടൊപ്പം ഡിഎ കുടിശികയുടെ വിതരണത്തിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. കൊവിഡ് കാലത്ത് കേന്ദ്രസർക്കാർ ഡിഎ ഗഡുക്കൾ മരവിപ്പിച്ചിരുന്നപ്പോൾ അതേ കാലയളവിൽ ഡിഎ കുടിശിക വിതരണം ചെയ്തത് ചട്ടവിരുദ്ധമാണെന്ന് ഓഡിറ്റ് നിരീക്ഷിച്ചു. 2019 ജനുവരി മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ 33.62 ലക്ഷം രൂപയുടെ ഡിഎ കുടിശിക ക്രമവിരുദ്ധമായിവിതരണം ചെയ്തതായി കണ്ടെത്തി.
ധനമന്ത്രി അധ്യക്ഷനായ ഭരണസമിതിക്ക് സർക്കാരിൻ്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന ഗിഫ്റ്റിൻ്റെ വിശദീകരണം ഓഡിറ്റർ അംഗീകരിച്ചിട്ടില്ല. രണ്ട് വിഷയങ്ങളിലുമായി സർക്കാർ ഉത്തരവുകൾ പാലിക്കാതെ പൊതുധനം വിതരണം ചെയ്തതിലൂടെ ഭരണപരമായ വീഴ്ചയും സാമ്പത്തിക നിയന്ത്രണ ലംഘനവും സംഭവിച്ചതായി ഓഡിറ്റ് വിലയിരുത്തി. ഉത്തരവാദികളായവർക്കെതിതെ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
ഗവേഷണമൊഴിച്ച് റഗുലർ കോഴ്സുകൾ ഒന്നുപോലും നടത്താത്ത ഗിഫ്റ്റിൽ 13 പേർക്ക് യുജിസി നിരക്കിൽ ശമ്പളം നൽകുന്നുണ്ട്. 1.60 കോടി രൂപ സർക്കാർ അനുമതിയില്ലാതെ എൽഐസിയിൽ ജീവനക്കാരുടെ ഗ്രാറ്റുവിറ്റിക്ക് നിക്ഷേപിച്ചതും ഡയറക്ടറുടെ പേഴ്സണൽ ഐ-ഫോൺ കേടായതു കൊണ്ട് 73,048 രൂപയ്ക്ക് പുതിയ ഐ-ഫോൺ വാങ്ങിയതും നിയമവിരുദ്ധമാണെന്ന് ഓഡിറ്റർ ചൂണ്ടിക്കാട്ടി. ഗ്രോബലിക്സ് എന്ന പേരിൽ നടത്തിയ അക്കാഡമിക് മാമാങ്കത്തിന് ഗസ്റ്റ് ഹൗസ് പണിയുന്നതിന് വകയിരുത്തിയിരുന്ന 35 ലക്ഷം രൂപ വകമാറ്റി ചെലവാക്കിയത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പുതിയ ഡയറക്ടറുടെ നിയമനം സംബന്ധിച്ച് വിവിധ പരാതികൾ നിലവിലുണ്ടെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ ഇടിവി ഭാരതിനോട് പറഞ്ഞു. ഡയറക്ടറുടെ നിയമന യോഗ്യതയിൽ ഇളവ് വരുത്തിയത് സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. തുടർന്ന്, ഇൻസ്റ്റിറ്റിറ്റ്യൂട്ടിന് അംഗീകാരം നൽകിയ സർവകലാശാലയായ കുസാറ്റിനോട് ഗവർണർ വിശദീകരണം തേടി. ഡയറക്ടറുടെ യോഗ്യതയിൽ ഇളവ് വരുത്തിയതിൻ്റെ കാരണം ഒരാഴ്ചയ്ക്കുള്ളിൽ ബോധ്യപ്പെടുത്താൻ നിലവിലെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറോട് കുസാറ്റ് വിസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആർ എസ് ശശികുമാർ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR