ഒപി സേവനം ഉറപ്പാക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ കർശന നിർദേശം
Ernakulam, 26 ഫെബ്രുവരി (H.S.) ശമ്പള കുടിശ്ശികയും തസ്തിക നിർണയവും ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. സമരത്തിൻ്റെ പേരിൽ ഒപി (Outpatient) സേവനങ്ങൾക്ക് തടസ്സമുണ്ടാകരുതെന്നും ജന
High Court of Kerala


Ernakulam, 26 ഫെബ്രുവരി (H.S.)

ശമ്പള കുടിശ്ശികയും തസ്തിക നിർണയവും ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. സമരത്തിൻ്റെ പേരിൽ ഒപി (Outpatient) സേവനങ്ങൾക്ക് തടസ്സമുണ്ടാകരുതെന്നും ജനങ്ങൾക്ക് അവശ്യ ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.

ചികിത്സ ലഭിക്കുക എന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന 'ജീവിക്കാനുള്ള അവകാശത്തിൻ്റെ' ഭാഗമാണെന്ന് കോടതി ഓർമിപ്പിച്ചു. ഒപി സേവനങ്ങളും അടിയന്തര ചികിത്സകളും മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. ഇത് ഉറപ്പാക്കേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണെന്ന് കോടതി നിരീക്ഷിച്ചു. ചികിത്സ നിഷേധിക്കുന്നത് പൗരൻ്റെ മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സമരകാലയളവിൽ രോഗികൾ വലയുന്ന സാഹചര്യം ഒഴിവാക്കണമെന്ന് വ്യക്തമാക്കി. ഡോക്ടർമാരുടെ സമരവുമായി ബന്ധപ്പെട്ട പൊതുതാൽപ്പര്യ ഹർജിയിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.

അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപി നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ശമ്പള കുടിശ്ശിക, ഡിഎ കുടിശ്ശിക, പുതിയ തസ്തികകൾ സൃഷ്ടിക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 16 മുതലാണ് സർക്കാർ ഡോക്ടർമാർ ഒപി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ എന്നിവ ബഹിഷ്കരിച്ച് സമരം തുടങ്ങിയത്. ഡോക്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോഴും, സാധാരണക്കാരായ രോഗികളുടെ ജീവൻ പണയപ്പെടുത്തിയുള്ള സമരമുറകൾ അംഗീകരിക്കാനാവില്ല എന്ന സൂചനയാണ് കോടതി നൽകുന്നത്.

ഈ വിഷയത്തിൽ ഡോക്ടർമാരുടെ സംഘടനകളുമായി സർക്കാർ നടത്തുന്ന ചർച്ചകളുടെ പുരോഗതിയും കോടതിയുടെ നിലപാടും വരും ദിവസങ്ങളിൽ നിർണായകമാകും.

യുജിസി ചട്ടക്കൂടിൽ സംസ്ഥാന സർക്കാർ ശമ്പളം നൽകുന്ന ഡോക്ടർമാരുടെ ശമ്പള പരിഷ്കരണം പത്തു വർഷത്തിലൊരിക്കലാണ് നടക്കുന്നത്. 2016-ൽ തീരുമാനിച്ച ശമ്പള പരിഷ്കരണം 2020-ലാണ് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയത്. അപ്പോഴുണ്ടായ നാലുവർഷത്തെയും ഒൻപത് മാസത്തെയും കുടിശിക ഇതുവരെ നൽകിയിട്ടില്ല. കുടിശിക ആവശ്യപ്പെട്ട് 2021 ജനുവരിയിൽ കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) സമരത്തിനിറങ്ങിയിരുന്നു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ കുടിശിക വിഷയം അടിയന്തരമായി പരിഹരിക്കാമെന്ന് ഉറപ്പു നൽകി ഉത്തരവിറക്കിയെങ്കിലും വാഗ്ദാനം പാലിക്കപ്പെട്ടില്ല. 2021-ൽ പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആ ഉത്തരവ് മരവിപ്പിച്ചു.

2024-ൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുകയും 2019 മുതൽ മുൻകാല പ്രാബല്യത്തോടെ അത് നൽകുകയും ചെയ്തു. എന്നാൽ, ഡോക്ടർമാർക്ക് കുടിശിക നൽകാതിരുന്നത് വീണ്ടും ചർച്ചയായി. അതോടെയാണ് മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ വീണ്ടും സമരത്തിനിറങ്ങാൻ തീരുമാനിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News