പ്രവർത്തനസമയം വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കള്ളുഷാപ്പുകൾ അടച്ചുപൂട്ടലിലേക്ക്.
Thiruvananthapuram, 26 ഫെബ്രുവരി (H.S.) പ്രവർത്തനസമയം വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കള്ളുഷാപ്പുകൾ അടച്ചുപൂട്ടലിലേക്ക്. പ്രവർത്തനസമയം കൂട്ടണമെന്നും ദൂരപരിധിയിൽ ഇളവ് നൽകണമെന്നുമുള്ള വർഷങ്ങളായുള്ള ആവശ്യം സർക്കാർ നിരാകരിക്കുന്നതായി ലൈസൻ
KERALA TODDY SHOP PROTEST


Thiruvananthapuram, 26 ഫെബ്രുവരി (H.S.)

പ്രവർത്തനസമയം വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കള്ളുഷാപ്പുകൾ അടച്ചുപൂട്ടലിലേക്ക്. പ്രവർത്തനസമയം കൂട്ടണമെന്നും ദൂരപരിധിയിൽ ഇളവ് നൽകണമെന്നുമുള്ള വർഷങ്ങളായുള്ള ആവശ്യം സർക്കാർ നിരാകരിക്കുന്നതായി ലൈസൻസികൾ ആരോപിക്കുന്നു.

കള്ള് കേരളത്തിന്റെ തനത് പാനീയമാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ ഈ വ്യവസായത്തെ അവഗണിക്കുന്നതായാണ് പരാതി. സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം സർക്കാർ രണ്ട് മണിക്കൂർ വർധിപ്പിച്ചപ്പോഴും അംഗീകൃത കള്ളുഷാപ്പുകളെ അവഗണിക്കുന്നതിലാണ് പ്രതിഷേധം. കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിലവിലുള്ളത് പകുതിയിൽ താഴെ മാത്രം അംഗങ്ങളാണ്.

സംസ്ഥാനത്തുടനീളം 4800 അംഗീകൃത കള്ളുഷാപ്പുകളുണ്ട്. കാൽ ലക്ഷത്തോളം തൊഴിലാളികളാണ് ഷാപ്പുകളിൽ ജോലി ചെയ്യുന്നത്. ഇതിൽ 14,000 രജിസ്റ്റേർഡ് തൊഴിലാളികളും പതിനായിരം താൽക്കാലിക തൊഴിലാളികളുമാണുള്ളത്. കേരളം രൂപീകരിക്കുന്നതിന് മുൻപുതന്നെ ജനകീയമായിരുന്ന കള്ള് വ്യവസായത്തെ പുഷ്ടിപ്പെടുത്താൻ ടോഡി ബോർഡ് രൂപീകരിച്ചത് വിവിധ ലക്ഷ്യങ്ങളോടെയായിരുന്നു. എന്നാൽ, വിദേശമദ്യം വിൽക്കുന്ന ബാറുകൾക്ക് സർക്കാർ പ്രാധാന്യം നൽകിയതോടെ കള്ളുഷാപ്പുകളുടെ പ്രവർത്തനം മന്ദീഭവിച്ചതായി ഷാപ്പുടമകൾ ആരോപിക്കുന്നു. 8.1% മാത്രം വീര്യമുള്ളതാണ് കള്ള്.

നിലവിലെ നിയമപ്രകാരം ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, ശ്മശാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 400 മീറ്റർ ദൂരപരിധി പാലിച്ച് മാത്രമേ കള്ളുഷാപ്പുകൾക്ക് പ്രവർത്തിക്കാനാകൂ. എന്നാൽ, 42 ശതമാനം വീര്യമുള്ള വിദേശമദ്യം വിൽക്കുന്ന ഫോർ സ്റ്റാർ വരെയുള്ള ബാറുകൾക്ക് 200 മീറ്ററും ഫൈവ് സ്റ്റാറിന് 50 മീറ്ററുമാണ് ദൂരപരിധി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.

രാവിലെ പത്തു മണി മുതൽ രാത്രി 12 വരെ പ്രവർത്തിക്കാൻ ബാറുകൾക്ക് ഈയിടെ സർക്കാർ അനുമതി നൽകി. അവിടെയും കള്ളുഷാപ്പുകളെ സർക്കാർ അവഗണിച്ചതായാണ് പരാതി. രാവിലെ ഒൻപത് മണി മുതൽ രാത്രി ഒൻപത് വരെ മാത്രമേ കള്ളുഷാപ്പുകൾക്ക് നിലവിൽ പ്രവർത്തിക്കാനാകൂ. തെങ്ങിൽ നിന്നും പുലർച്ചെ ചെത്തിയിറക്കുന്ന കള്ള് രാവിലെ ഏഴ് മണി മുതൽ ഷാപ്പുകളിൽ വിൽപന നടത്തിയാൽ കച്ചവടം വർദ്ധിക്കും.

രാത്രി പത്തു മണി വരെ ഷാപ്പുകൾ പ്രവർത്തിച്ചാൽ ഭക്ഷണ വിൽപനയും കൂടും. ഈ ആവശ്യമുന്നയിച്ച് കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ പലവട്ടം നിവേദനം നൽകിയെങ്കിലും പരിഗണിച്ചിട്ടില്ലെന്ന് അസോസിയേഷൻ സെക്രട്ടറി അജിത്ത് ബാബു ഇ ടിവി ഭാരതിനോട് പറഞ്ഞു. കള്ള് വ്യവസായത്തോടുള്ള അവഗണന സർക്കാർ അവസാനിപ്പിച്ചില്ലെങ്കിൽ ഷാപ്പുകൾ അടച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഷാപ്പുടമകളുടെ ആവശ്യം ന്യായമാണെന്ന് കേരള ടോഡി വ്യവസായ വികസന ബോർഡ് ചെയർമാൻ യു.പി. ജോസഫ് ഇ ടിവി ഭാരതിനോട് പറഞ്ഞു. ബോർഡിന്റെ അനുകൂല നിലപാട് സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1970-ൽ രൂപീകൃതമായ കേരളത്തിലെ ആദ്യ ക്ഷേമനിധി ബോർഡാണ് കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്. 2760 കോടി രൂപയാണ് ബോർഡിന്റെ ആസ്തി. ഇതിൽ 90 ശതമാനവും സർക്കാർ ട്രഷറിയിലാണ്. കള്ള് വ്യവസായത്തിന്റെ തകർച്ചയെത്തുടർന്ന്, തുടക്കത്തിൽ 40,000 അംഗങ്ങളുണ്ടായിരുന്ന ബോർഡിൽ ഇപ്പോൾ പകുതിയിൽ താഴെ മാത്രമാണുള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News