സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ നടന്ന 14 കോടി രൂപയുടെ വൻ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം കർശനമാക്കി വിജിലൻസ്.
Thiruvananthapuram, 26 ഫെബ്രുവരി (H.S.) സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ നടന്ന 14 കോടി രൂപയുടെ വൻ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം കർശനമാക്കി വിജിലൻസ്. കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളുടെയും ഇവരുടെ ബന്ധുക്കളുടെയും പേരിലുള്ള 15 ഭൂമികൾ കണ്ടുകെട്ടാൻ തിര
LOTTERY WELFARE BOARD SCAM


Thiruvananthapuram, 26 ഫെബ്രുവരി (H.S.)

സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ നടന്ന 14 കോടി രൂപയുടെ വൻ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം കർശനമാക്കി വിജിലൻസ്. കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളുടെയും ഇവരുടെ ബന്ധുക്കളുടെയും പേരിലുള്ള 15 ഭൂമികൾ കണ്ടുകെട്ടാൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഇടക്കാല ഉത്തരവിട്ടു. അഴിമതിയിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളിലേക്കാണ് അന്വേഷണസംഘം ഇപ്പോൾ പിടിമുറുക്കിയിരിക്കുന്നത്.

തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി മനോജ് എ ആണ് സ്വത്തുക്കൾ ജപ്തി ചെയ്യാനുള്ള ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ പ്രധാന പ്രതികളായ സംഗീത്, അനിൽ കുമാർ, സമ്പത്ത് എന്നിവരുമായി നേരിട്ട് ബന്ധമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ബിനാമി പേരുകളിലും ബന്ധുക്കളുടെ പേരിലും മാറ്റിയ സ്വത്തുക്കളും ഇതിൽ ഉൾപ്പെടും. ഒന്നാം പ്രതി സംഗീതിൻ്റെ ഭാര്യ അശ്വതി, അമ്മ മുത്തമ്മാൾ, സഹോദരി കവിത എന്നിവരുടെ പേരിലുള്ള ഭൂമി കണ്ടുകെട്ടും. കൂടാതെ, രണ്ടാം പ്രതി അനിൽ കുമാറിൻ്റെ സുഹൃത്ത് രജിത്, ഇയാളുടെ ഭാര്യ അർച്ചന എന്നിവരുടെ സ്വത്തുക്കളും ജപ്തി ചെയ്യുന്നവയുടെ പട്ടികയിലുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, ആറ്റിപ്ര, കുടപ്പനകുന്ന്, കടകംപള്ളി, കിഴുവിള, ഉള്ളൂർ എന്നീ സബ് രജിസ്ട്രാർ ഓഫിസുകൾക്ക് കീഴിലുള്ള 15 ഭൂമികളാണ് കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതിന് പുറമെ, രണ്ടാം പ്രതി അനിൽ കുമാറിൻ്റെ ആഡംബര വാഹനമായ ടൊയോട്ട ഫോർച്യൂണർ കാർ പിടിച്ചെടുക്കാനും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. സ്വത്തുക്കൾ കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് വിജിലൻസ് നൽകിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി.

പണം ഒഴുകിയത് റിയൽ എസ്റ്റേറ്റിലേക്ക്

പാവപ്പെട്ട ലോട്ടറി തൊഴിലാളികൾ ക്ഷേമനിധിയിലേക്ക് അടയ്ക്കുന്ന അംശാദായം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വന്തം അക്കൗണ്ടുകളിലേക്ക് വകമാറ്റിയാണ് പ്രതികൾ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ഒന്നാം പ്രതി സംഗീതിൻ്റെയും സുഹൃത്തും ഇടനിലക്കാരനുമായ അനിൽ കുമാറിൻ്റെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് 14 കോടിയോളം രൂപ എത്തിയത്. ഈ തുക ഉപയോഗിച്ച് വൻതോതിലുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് പ്രതികൾ തലസ്ഥാനത്ത് നടത്തിയത്. കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫിസിൽ നിന്ന് മാത്രം 45 വസ്തു ഇടപാടുകൾ ഇതിൻ്റെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. തട്ടിയെടുത്ത പണം ഉപയോഗിച്ച് അനിൽ കുമാർ സ്വന്തമായി ഒരു നിർമാണ കമ്പനി ആരംഭിക്കുകയും, ബാക്കി വരുന്ന വൻതുക വിവിധ ബാങ്കുകളിൽ സ്ഥിര നിക്ഷേപമായി സൂക്ഷിക്കുകയും ചെയ്തു. വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കാനായിരുന്നു പ്രതികളുടെ ശ്രമം.

മാർച്ച് 16ന് നേരിട്ട് ഹാജരാകണം

നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മൂന്ന് പ്രതികൾ ഒഴികെ, സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ടിട്ടുള്ള ബന്ധുക്കളും സുഹൃത്തുക്കളും മാർച്ച് 16ന് കോടതിയിൽ നേരിട്ട് ഹാജരാകണം. തങ്ങളുടെ പേരിലുള്ള സ്വത്തുക്കൾ ജപ്തി ചെയ്യാതിരിക്കാൻ നിയമപരമായ കാരണങ്ങളോ സാമ്പത്തിക സ്രോതസോ ഉണ്ടെങ്കിൽ അത് ബോധിപ്പിക്കാൻ ഇവർക്ക് കോടതി അവസരം നൽകിയിട്ടുണ്ട്. ഇതിൽ പരാജയപ്പെട്ടാൽ സ്വത്തുക്കൾ പൂർണമായും സർക്കാരിലേക്ക് കണ്ടുകെട്ടും.

കേസിലെ ഒന്നും രണ്ടും പ്രതികളുടെ കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്ന് ഇവർ ഇപ്പോൾ റിമാൻഡിലാണ്. അതേസമയം, കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ മൂന്നാം പ്രതി സമ്പത്തിനെ രണ്ട് ദിവസത്തേക്ക് വിജിലൻസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റോ മറ്റ് സ്വത്തുവകകളുടെ കണ്ടുകെട്ടലോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News